08:15pm 12 September 2026
NEWS
‘ഇത് മഞ്ഞുമലയുടെ ഒരറ്റം മാത്രം’; പിണറായിക്കെതിരായ ഇ.ഡി നടപടിയിൽ പ്രതികരിച്ച് എൻ.കെ. പ്രേമചന്ദ്രൻ
08/09/2026  03:54 PM IST
nila
‘ഇത് മഞ്ഞുമലയുടെ ഒരറ്റം മാത്രം’; പിണറായിക്കെതിരായ ഇ.ഡി നടപടിയിൽ പ്രതികരിച്ച് എൻ.കെ. പ്രേമചന്ദ്രൻ

കൊല്ലം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) നടപടിയിൽ പ്രതികരണവുമായി ആർ.എസ്.പി. നേതാവും എം.പിയുമായ എൻ.കെ. പ്രേമചന്ദ്രൻ. ഇ.ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും ഇപ്പോൾ പുറത്തുവന്നത് വലിയ അഴിമതി ആരോപണങ്ങളുടെ ‘മഞ്ഞുമലയുടെ ഒരറ്റം’ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷ രാഷ്ട്രീയ രംഗത്ത് ഇത്തരമൊരു സാഹചര്യം പുതിയ അനുഭവമാണെന്നും വിഷയത്തിൽ സി.പി.എം. വ്യക്തമായ നിലപാട് സ്വീകരിക്കണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. പാർട്ടിയുടെ നയം എന്താണെന്ന് നേതൃത്വം വ്യക്തമാക്കണം. ഉന്നത നേതാവിനെതിരായി പുറത്തുവന്നിരിക്കുന്നത് ഗുരുതരമായ അഴിമതി ആരോപണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പിണറായി വിജയൻ ഉന്നയിച്ചിരുന്ന വാദങ്ങളെല്ലാം ഇപ്പോൾ പൊളിഞ്ഞിരിക്കുകയാണെന്നും ഇ.ഡി. ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് അദ്ദേഹം കൃത്യമായ മറുപടി നൽകുന്നില്ലെന്നും പ്രേമചന്ദ്രൻ ആരോപിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തത്തിൽനിന്ന് സി.പി.എമ്മിന് ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതോടെ വിവാദം അവസാനിക്കില്ലെന്നും വരും ദിവസങ്ങളിൽ കൂടുതൽ കേസുകളും ആരോപണങ്ങളും പുറത്തുവരുമെന്നും പ്രേമചന്ദ്രൻ മുന്നറിയിപ്പ് നൽകി. അതേസമയം, ബി.ജെ.പി.-സി.പി.എം. അന്തർധാരക്ക് പോറൽ സംഭവിച്ചിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img