
കാൻസസ് സിറ്റി: ലോകകപ്പ് ഗ്രൂപ്പ് ഇയിൽ ശക്തരായ എക്വഡോറിനെ ഗോൾരഹിത സമനിലയിൽ പിടിച്ചുകെട്ടി കുറാസോ ചരിത്രനേട്ടം സ്വന്തമാക്കി. ആദ്യമായി ലോകകപ്പിൽ പങ്കെടുക്കുന്ന കുറാസോയ്ക്ക് ടൂർണമെന്റിലെ ആദ്യ പോയിന്റും ആദ്യ സമനിലയുമാണിത്.
മത്സരത്തിന്റെ തുടക്കം മുതൽ എക്വഡോറായിരുന്നു ആധിപത്യം പുലർത്തിയത്. 3-1-4-2 ശൈലിയിൽ ഇറങ്ങിയ ലാറ്റിനമേരിക്കൻ ടീം തുടർച്ചയായി ആക്രമണങ്ങൾ അഴിച്ചുവിട്ടെങ്കിലും, 5-4-1 പ്രതിരോധ സംവിധാനവുമായി ഇറങ്ങിയ കുറാസോ അവരെ നിരാശപ്പെടുത്തി. പന്ത് കൈവശംവെച്ചും ആക്രമണങ്ങൾ സൃഷ്ടിച്ചും കളിച്ച എക്വഡോർ ഗോളിലേക്ക് 27 ഷോട്ടുകൾ ശ്രമിച്ചെങ്കിലും വലകുലുക്കാൻ സാധിച്ചില്ല.
കുറാസോയുടെ രക്ഷകനായി മാറിയത് ഗോൾക്കീപ്പർ എലോയ് റൂമാണ്. എക്വഡോർ താരങ്ങളുടെ തുടർച്ചയായ ഗോൾശ്രമങ്ങൾ ഒന്നൊന്നായി തടുത്ത താരം 15 സേവുകൾ നടത്തി. ഒരു ലോകകപ്പ് മത്സരത്തിൽ ഏറ്റവും കൂടുതൽ സേവുകൾ നടത്തിയ ഗോൾക്കീപ്പർമാരുടെ പട്ടികയിൽ ഇടംപിടിക്കാൻ റൂമിന് ഇതിലൂടെ സാധിച്ചു. 2014 ലോകകപ്പിൽ യു.എസ്.എയുടെ ടിം ഹോവാർഡ് നടത്തിയ 16 സേവുകളുടെ റെക്കോഡിനോട് ഒരു സേവിന്റെ മാത്രം അകലെയായിരുന്നു താരം.
സൂപ്പർ താരം എന്നർ വലൻസിയ ഉൾപ്പെടെയുള്ള എക്വഡോർ മുന്നേറ്റനിരയ്ക്ക് റൂമിനെ മറികടക്കാനായില്ല. ചില അവസരങ്ങളിൽ വലൻസിയയുടെ ഫിനിഷിങ് പിഴച്ചപ്പോൾ, മറ്റുചിലതിൽ റൂം അതുല്യ സേവുകളിലൂടെ എക്വഡോറിന്റെ പ്രതീക്ഷകൾ തകർത്തു.
മറുവശത്ത്, എക്വഡോർ സമ്മർദം ശക്തമാക്കിയ സമയങ്ങളിൽ കുറാസോയ്ക്ക് ആശ്വാസമായത് തഹിത് ചോങ്ങിന്റെ മുന്നേറ്റങ്ങളായിരുന്നു. പ്രത്യാക്രമണങ്ങളിലൂടെ എതിരാളികളുടെ പ്രതിരോധത്തെ പരീക്ഷിച്ച താരം ടീമിന്റെ പ്രധാന ഗോളവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.
ആദ്യ മത്സരത്തിൽ ജർമനിയോട് 7-1ന് തോറ്റ കുറാസോയ്ക്ക് ഈ സമനില വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. ഐവറി കോസ്റ്റിനോട് 1-0ന് പരാജയപ്പെട്ട എക്വഡോറിനും ഇതോടെ ഒരു പോയിന്റായി. രണ്ട് മത്സരങ്ങൾക്കുശേഷം ഗ്രൂപ്പിൽ ജർമനിയും ഐവറി കോസ്റ്റുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ തുടരുന്നത്.










