
2025-26 സാമ്പത്തിക വർഷത്തിൽ 6.8 ശതമാനം വരെ വളർച്ച കൈവരിക്കുമെന്ന പ്രവചനവുമായി സാമ്പത്തിക സർവെ. ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിവസം ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ വെച്ച സാമ്പത്തിക സർവെയിൽ സാമ്പത്തിക വളർച്ചക്ക് ഭൗമരാഷ്ട്രീയ പ്രതിസന്ധികൾ നിലനിൽക്കുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. 6.3 ശതമാനത്തിനും 6.8 ശതമാനത്തിനുമിടയിൽ വളർച്ച നേടുമെന്നാണ് സർവെ വ്യക്തമാക്കുന്നത്.
നടപ്പ് സാമ്പത്തിക വർഷം രാജ്യത്തെ വളർച്ച 6.4 ശതമാനത്തിലേക്ക് ചുരുങ്ങിയെന്ന് സർവെ ചൂണ്ടിക്കാട്ടുന്നു. നാല് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. മുൻവർഷത്തേതുമായി താരതമ്യം ചെയ്യുമ്പോൾ കുത്തനെയുള്ള ഇടിവും. 2023-24 സാമ്പത്തിക വർഷം 8.2 ശതമാനവും 2022-23ൽ 7.2 ശതമാനവും 2021-12ൽ 8.7 ശതമാനവുമാണ് വളർച്ചകൈവരിച്ചത്. ദുർബലമായ നിർമാണ മേഖലയും മന്ദഗതിയിലുള്ള കോർപറേറ്റ് നിക്ഷേപങ്ങളുമാണ് നടപ്പുസാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ പിന്നോട്ടടിച്ച്.
അന്താരാഷ്ട്ര നാണയ നിധിയുടെയും ഏഷ്യൻ വികസന ബാങ്കിന്റെയും ലോക ബാങ്കിന്റെയും ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികളുടെ വളർച്ചാ അനുമാനങ്ങളുമായി പൊരുത്തപ്പെടുന്നതാണ് സർക്കാരിന്റെ കണക്കുകൾ. സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തോടെ 'വിക്ഷിത് ഭാരത്' എന്ന സാമ്പത്തിക ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് എട്ട് ശതമാനം വളർച്ചാ നിരക്ക് കൈവരിക്കേണ്ടതുണ്ടെന്നും സർവെയിൽ പറയുന്നു.
ശക്തമായ സാമ്പത്തിക സ്ഥിതി, സാമ്പത്തിക ഏകീകരണം, സ്ഥിരതയുള്ള സ്വകാര്യ ഉപഭോഗം എന്നിവയിലൂടെ സമ്പദ്വ്യവസ്ഥ കരുത്ത് പ്രകടിപ്പിക്കേണ്ടതുണ്ട്. ആഗോളതലത്തിൽ പണപ്പെരുപ്പ സമ്മർദങ്ങൾ കുറഞ്ഞിട്ടുണ്ടെങ്കിലും പശ്ചിമേഷ്യയിലെ പിരിമുറുക്കങ്ങൾ, റഷ്യ-യുക്രെയിൻ സംഘർഷം തുടങ്ങിയ ഭൗമരാഷ്ട്രീയ പ്രതിസന്ധികൾ നിലനിൽക്കുണ്ടെന്നും സർവെയിൽ പറയുന്നു.











