
ന്യൂഡൽഹി: അടുത്ത സാമ്പത്തിക വർഷവും ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും. കേന്ദ്ര സർക്കാർ അവതരിപ്പിച്ച സാമ്പത്തിക സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യയ്ക്ക് 6.8 മുതൽ 7.2 ശതമാനം വരെ ജിഡിപി വളർച്ചയാണ് സാമ്പത്തിക സർവെ പ്രവചിക്കുന്നത്. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് സാമ്പത്തിക സർവെ പാർലമെന്റിൽ അവതരിപ്പിച്ചത്.
നടപ്പുവർഷമായ 2025–26ൽ ഇന്ത്യയുടെ വളർച്ചനിരക്ക് 7.4 ശതമാനമാകുമെന്നാണ് കണക്ക്. അതേസമയം, 2024–25ൽ രാജ്യം 6.5 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.
ആഗോള രാഷ്ട്രീയ–വ്യാപാര അനിശ്ചിതത്വങ്ങൾ ശക്തമായിക്കൊണ്ടിരിക്കുമ്പോഴും, ആഭ്യന്തര ആവശ്യവും നയപരമായ ഇടപെടലുകളും ഇന്ത്യയെ വളർച്ചയുടെ പാതയിൽ നിലനിർത്തുമെന്ന് സാമ്പത്തിക സർവേ വിലയിരുത്തുന്നു. അടുത്ത വർഷം ചില സമ്മർദ്ദങ്ങൾ ഉണ്ടാകുമെങ്കിലും, ലോക സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യയുടെ മുൻനിര സ്ഥാനം തുടരുമെന്ന ആത്മവിശ്വാസമാണ് റിപ്പോർട്ട് നൽകുന്നത്.
ട്രംപിന്റെ നയങ്ങളും ഇന്ത്യയുടെ വ്യാപാര വെല്ലുവിളികളും
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരത്തിലെത്തിയതിന് പിന്നാലെ ആരംഭിച്ച താരിഫ് യുദ്ധം ആഗോള വ്യാപാരരംഗത്ത് അനിശ്ചിതത്വം വർധിപ്പിച്ചു. ഈ സാഹചര്യത്തിൽ, യുഎസുമായി വ്യാപാര കരാറിലെത്താത്ത ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ഇന്ത്യ. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയ്ക്ക് മേൽ യുഎസ് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയത് കയറ്റുമതി മേഖലയ്ക്ക് വലിയ തിരിച്ചടിയായി. ഇന്ത്യയുടെ മൊത്തം കയറ്റുമതിയിലെ ഏകദേശം 18 ശതമാനവും യുഎസിലേക്കാണ്. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി എന്ന നിലയിൽ, ഈ തീരുവ നീക്കം സാമ്പത്തിക സമ്മർദ്ദം വർധിപ്പിച്ചുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ആഭ്യന്തര പരിഷ്കാരങ്ങൾ വളർച്ചയ്ക്ക് കരുത്തായി
ആഗോള വെല്ലുവിളികൾക്കിടയിലും ജിഡിപി വളർച്ച സ്ഥിരതയോടെ നിലനിർത്താൻ ഇന്ത്യയ്ക്ക് കഴിഞ്ഞതിന്റെ കാരണം ആഭ്യന്തര സാമ്പത്തിക പരിഷ്കാരങ്ങളാണെന്ന് സാമ്പത്തിക സർവേ വിലയിരുത്തുന്നു. ജിഎസ്ടി പരിഷ്കാരം, ആദായനികുതി ഇളവുകൾ, പണപ്പെരുപ്പ നിയന്ത്രണം എന്നിവ വളർച്ചയെ താങ്ങി നിർത്തി. റിസർവ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് കുറച്ചതും സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ഉത്തേജനമായി. അതേസമയം, ആഗോള സാഹചര്യങ്ങൾ തുടർന്നാൽ 2026–27ൽ ഇന്ത്യയിൽ പണപ്പെരുപ്പം വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
പ്രധാന നിരീക്ഷണങ്ങൾ
- ഇന്ത്യയിലെ ഉപഭോക്തൃ വിപണി ശക്തമായി തുടരുന്നുണ്ടെങ്കിലും, വിദേശ നിക്ഷേപത്തിൽ ഇടിവുണ്ടാകുന്നത് ആശങ്കാജനകമാണ്. ഇത് രൂപയുടെ മൂല്യത്തിൽ അസ്ഥിരത സൃഷ്ടിക്കാനിടയാക്കും.
- കേന്ദ്ര സർക്കാരിന്റെ ധനക്കമ്മി നിയന്ത്രിത നിലയിലാണ്. 2024–25ൽ ജിഡിപിയുടെ 4.8 ശതമാനമായിരുന്ന ധനക്കമ്മി ഈ വർഷം 4.4 ശതമാനമായി കുറയും.
- കേന്ദ്രത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടിരിക്കുമ്പോഴും, ചില സംസ്ഥാനങ്ങളുടെ മോശം സാമ്പത്തിക നില രാജ്യത്തിന്റെ മൊത്തം വിശ്വാസ്യതയെ ബാധിക്കുന്നു. ഇത് കടമെടുപ്പ് ചെലവ് വർധിപ്പിക്കാൻ ഇടയാക്കാം.
- ഇന്ത്യയിലെ തൊഴിൽ വിപണി സ്ഥിരത കൈവരിച്ചതായി സർവേ പറയുന്നു. 56 കോടി പേർ തൊഴിൽ രംഗത്തുള്ളത് രാജ്യത്തിന്റെ സമ്പദ്‌വളർച്ചയ്ക്ക് ശക്തമായ അടിത്തറയാകുന്നു.











