01:42am 29 October 2026
NEWS
ബംഗ്ലാദേശിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ഇന്ത്യാ വിരുദ്ധ നിലപാടിന് നൽകുന്നത് വലിയ വില
21/12/2025  05:11 PM IST
nila
ബംഗ്ലാദേശിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ഇന്ത്യാ വിരുദ്ധ നിലപാടിന് നൽകുന്നത് വലിയ വില

രാഷ്ട്രീയ അസ്ഥിരതയും ഇന്ത്യാ വിരുദ്ധ പ്രക്ഷോഭങ്ങളും ബംഗ്ലാദേശിനെ എത്തിച്ചിരിക്കുന്നത് ​ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇന്ത്യാ വിരുദ്ധത ഉയർത്തിക്കാട്ടി പടർന്നു പിടിക്കുന്ന പ്രതിഷേധങ്ങളാണ് ആ രാജ്യത്തെ സാമ്പത്തികമായി തകർത്തുകൊണ്ടിരിക്കുന്നത്. തെരുവുകളിലെ പ്രതിഷേധങ്ങൾ രാഷ്ട്രീയ സന്ദേശമെന്നതിലുപരി, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് തന്നെ ഗുരുതരമായ ആഘാതമായി മാറിയെന്നതാണ് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നത്. ഇന്ത്യയെ സമ്മർദ്ദത്തിലാക്കാനെന്ന ലക്ഷ്യത്തോടെ ആരംഭിച്ച നീക്കങ്ങൾ, ഒടുവിൽ ബംഗ്ലാദേശിന്റെ സ്വന്തം വളർയെ തന്നെ മുരടിപ്പിച്ചിരിക്കുകയാണ്. 

രാജ്യത്തിന്റെ സാമ്പത്തിക നട്ടെല്ലായ റെഡിമെയ്ഡ് വസ്ത്ര വ്യവസായത്തിലാണ് പ്രതിസന്ധി ഏറ്റവും രൂക്ഷം. ലോകത്തിലെ രണ്ടാമത്തെ വലിയ വസ്ത്ര നിർമ്മാതാവെന്ന സ്ഥാനം ബംഗ്ലാദേശ് കൈവരിച്ചത് സ്ഥിരതയുള്ള രാഷ്ട്രീയ അന്തരീക്ഷവും കുറഞ്ഞ ചെലവിലുള്ള തൊഴിലും കൃത്യമായ കയറ്റുമതി ശൃംഖലയും ചേർന്നതിലൂടെയായിരുന്നു. എന്നാൽ തുടർച്ചയായ അക്രമങ്ങളും സുരക്ഷാ ആശങ്കകളും ഈ ശൃംഖലയെ തന്നെ തകർത്തിരിക്കുകയാണ്. ഫാക്ടറികൾ അടച്ചുപൂട്ടേണ്ടി വന്നതും ഉത്പാദിപ്പിച്ച വസ്ത്രങ്ങൾ കയറ്റുമതി ചെയ്യാൻ കഴിയാത്തതും ആഗോള ബ്രാൻഡുകളുടെ വിശ്വാസ്യതയിൽ വിള്ളൽ സൃഷ്ടിക്കുന്നു.

ഇന്ത്യയുമായുള്ള ബന്ധത്തിലെ വഷളാകൽ ഈ പ്രതിസന്ധിയെ കൂടുതൽ ആഴത്തിലാക്കി. കരമാർഗ ചരക്കുകളുടെ ട്രാൻഷിപ്പ്മെന്റ് സൗകര്യം ഇന്ത്യ പിൻവലിച്ചത് ബംഗ്ലാദേശിന്റെ കയറ്റുമതി സംവിധാനത്തിന് വലിയ തിരിച്ചടിയായി. ഇതിലൂടെ ബംഗ്ലാദേശ് സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരുന്ന യാഥാർത്ഥ്യം ഒരിക്കൽ കൂടി വെളിവായി. ഇതേ സമയം, ഈ ശൂന്യത ഇന്ത്യയിലെ വസ്ത്ര കയറ്റുമതി കമ്പനികൾക്ക് അവസരമാകുന്ന സാഹചര്യം രൂപപ്പെടുന്നുണ്ട്.

വിദേശ നിക്ഷേപം നിലച്ചത് ബം​ഗ്ലാദേശിന് ദീർഘകാല ഭീഷണിയാണ്. ഒരു രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയെ വിലയിരുത്തുമ്പോൾ നിക്ഷേപകർ ആദ്യം നോക്കുന്നത് രാഷ്ട്രീയ ശാന്തതയും നിയമസംരക്ഷണവുമാണ്. ബംഗ്ലാദേശിലെ ഇപ്പോഴത്തെ സാഹചര്യം “വിശ്വസനീയ പങ്കാളി” എന്ന ഇമേജിന് മങ്ങലേൽപ്പിക്കുന്നു. ഇതിന്റെ പ്രതിഫലം അടുത്ത വർഷങ്ങളിൽ തൊഴിൽ നഷ്ടം, ഉത്പാദന കുറവ്, സാമൂഹിക അസന്തോഷം എന്നിവയായി പ്രതിഫലിക്കാനാണ് സാധ്യത.

മാക്രോ സാമ്പത്തിക സൂചികകളും മുന്നറിയിപ്പ് നൽകുന്നു. ഐഎംഎഫും ലോകബാങ്കും ജിഡിപി വളർച്ചാ പ്രവചനങ്ങൾ താഴ്ത്തിയതോടെ, ബംഗ്ലാദേശ് പതിറ്റാണ്ടുകൾക്ക് ശേഷം ഏറ്റവും മോശം വളർച്ചാ ഘട്ടത്തിലേക്ക് കടക്കാനുള്ള സാധ്യത ഉയർന്നു. ഉയർന്ന പണപ്പെരുപ്പവും കടബാധ്യതയുടെ വർധനയും സർക്കാരിന്റെ ധനകാര്യ സ്വാതന്ത്ര്യം കുറയ്ക്കുന്നു. കടം–ജിഡിപി അനുപാതം 40 ശതമാനത്തോട് അടുക്കുന്നത് ഭാവിയിലെ സാമ്പത്തിക നയങ്ങൾക്ക് വലിയ നിയന്ത്രണമാകും.

ഈ പശ്ചാത്തലത്തിലാണ് ഫെബ്രുവരി 12ന് പൊതുതിരഞ്ഞെടുപ്പ് നടത്തുമെന്ന ഇടക്കാല സർക്കാരിന്റെ പ്രഖ്യാപനം. എന്നാൽ തിരഞ്ഞെടുപ്പ് മാത്രം പ്രശ്നപരിഹാരമാകുമോ എന്നതാണ് മുഖ്യചോദ്യം. രാഷ്ട്രീയ സ്ഥിരതയും അയൽരാജ്യങ്ങളുമായുള്ള ബന്ധങ്ങളുടെ പുനഃക്രമീകരണവും കൂടാതെ ബംഗ്ലാദേശിന് സാമ്പത്തിക പുനരുജ്ജീവനം സാധ്യമാകില്ല.

ചുരുക്കത്തിൽ, ഇന്ത്യാ വിരുദ്ധ രാഷ്ട്രീയം ആഭ്യന്തര രാഷ്ട്രീയത്തിൽ താൽക്കാലിക ആവേശം സൃഷ്ടിച്ചേക്കാമെങ്കിലും, അതിന്റെ ദീർഘകാല സാമ്പത്തിക ചെലവ് ബംഗ്ലാദേശ് ഇപ്പോൾ അടയ്ക്കുകയാണ്. ഇനി രാജ്യം എടുക്കുന്ന നയതന്ത്രവും രാഷ്ട്രീയവുമായ തീരുമാനങ്ങളാണ് ഈ പ്രതിസന്ധി ആഴപ്പെടുമോ, അതോ തിരുത്തലിന് വഴിയൊരുങ്ങുമോ എന്ന് നിർണയിക്കുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img