08:33pm 10 November 2026
NEWS
മാർ പാംപ്ലാനിയെ വീണ്ടും രൂക്ഷമായി വിമർശിച്ച് സഭാ ട്രൈബ്യൂണൽ ഉത്തരവ്
07/08/2025  07:47 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മാർ പാംപ്ലാനിയെ വീണ്ടും രൂക്ഷമായി വിമർശിച്ച് സഭാ ട്രൈബ്യൂണൽ ഉത്തരവ്

കൊച്ചി: സഭാ നിയമങ്ങളടെ നഗ്നമായ ലംഘനങ്ങൾ നടത്തി ഗുരുതര കുറ്റങ്ങൾ ചെയ്തതിന് ശിക്ഷാനടപടികൾ നേരിടുന്ന എറണാകുളം ബെസലിക്ക മുൻ അഡ്മിനിസ്ട്രേറ്റർ ഫാ. വർഗീസ് മണവാളനെ ഇല്ലാത്ത അധികാരങ്ങൾ ഉപയോഗിച്ച് മാർ ജോസഫ് പാംപ്ലാനി സംരക്ഷിച്ചു പോരുന്നതായി സഭാ സ്പെഷ്യൽ ട്രൈബ്യൂണൽ ഉത്തരവിൽ രൂക്ഷമായി വിമർശിച്ചു.

ഇതിനു മുമ്പും പല തവണ ഇതേ വിഷയത്തിൽ  ട്രൈബ്യൂണിലിൻ്റെ ശക്തമായ താക്കീതിനും കുറ്റപ്പെടുത്തലുകൾക്കും വിമർശനങ്ങൾക്കും മാർ പാംപ്ലാനി വിധേയനായിട്ടുണ്ട്.ഫാ. മണവാളന് അനധികൃതമായി മെഡിക്കൽ ലീവ് അനുവദിച്ച മെത്രാപ്പോലീത്തൻ വികാരി ഇല്ലാത്ത അധികാരങ്ങളാണ് ഉപയോഗിക്കുതെന്നും ഇത്തരം നടപടികളെ മേജർ ആർച്ച് ബിഷപ്പ് നിയന്ത്രിക്കണമെന്നും കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ പറയുന്നു.

മാർ പാംപ്ലാനി  അനുവദിച്ച മെഡിക്കൽ ലീവ് അനധികൃതമാണെന്നും സസ്പെൻഷൻ വഴി നിർബന്ധിത അവധിയിൽ ആയിരിക്കുന്ന വൈദീകന് മെഡിക്കൽ ലീവ് അനുവദിക്കാൻ നിയമപരമായി മേജർ ആർച്ച് ബിഷപ്പിന്റെ വികാരിക്ക് അധികാരമില്ല. എന്നാൽ തൻ്റെ അധികാരത്തിനും അധീതമായ കാര്യങ്ങളാണ് മാർ പാംപ്ലാനി ചെയ്യുന്നതെന്ന് സഭാ കോടതി വ്യക്തമാക്കി.

നിലവിൽ മാർ പാംപ്ലാനി അതിരൂപതയുടെ പ്രോട്ടോ സിഞ്ചെളൂസ് (വികാരി ജനറാൾ) മാത്രമാണെന്നും അതിരുപതാദ്ധ്യക്ഷൻ ഇപ്പോഴും മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ തന്നെയാണെന്നും ട്രൈബ്യൂണൽ ഓർമിപ്പിച്ചു. ഇക്കാരണങ്ങളാൽ തൻ്റെ  വികാരിയുടെ തീരുമാനങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്നും നിയമപരമായ പ്രത്യാഘാതങ്ങളിൽ നിന്നും മേജർ ആർച്ച് ബിഷപ്പിനും ഒഴിഞ്ഞു നിൽക്കാൻ കഴിയുകയില്ല. അതിനാൽ മാർ പാംപ്ലാനിയുടെ പ്രവർത്തനങ്ങളെയും നടപടികളെയും മാർ തട്ടിൽ മോണിട്ടർ ചെയ്യണമെന്നും ഇടപെടലുകൾ നടത്തണമെന്നും  ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

കുറ്റാരോപിതനായ ഫാ. മണവാളനെതരെ കോടതി നടപടികൾ ആരംഭിച്ചത്  മാർപാപ്പ നിയമിച്ച അധികാരി (അപ്പസ്തോലിക് അഡ്മിനിസ്ട്രേ റ്റർ)ആയതിനാൽ തുല്യ പദവിയിലുള്ള നിയമാനുസൃത അധികാരിക്കോ മാർപാപ്പയ്ക്ക് നേരിട്ടോ മാത്രമോയാണ് കോടതി നടപടികൾ നിർത്തിവയ്ക്കാനുള്ള പെറ്റീഷൻ സമർപ്പിക്കാൻ പ്രമോട്ടർ ഓഫ് ജസ്റ്റിസിനോട്  ആവശ്യപ്പെടാൻ നിയമം അനുവദിക്കുന്നോള്ളൂ. ഇവിടേയും മാർ ജോസഫ് പാംപ്ലാനി നിയമ ലംഘനം നടത്തിയതായും  ട്രൈബ്യൂണ വ്യക്തമാക്കി.കൂദാശ വിലക്കോടെ സസ്പെൻറ് ചെയ്യപ്പെട്ട ഫാ. മണവാളൻ അനധികൃതമായി കുമ്പസാരമെന്ന കൂദാശ പരികർമ്മം ചെയ്തത് ഗുരുതരമായ കുറ്റമാണ്. 
 ഇത് സംബന്ധിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ട് വിശ്വാസ തിരുസംഘത്തിന് ( ഡി ഡി എഫ്) ഉടനടി അയച്ചുകൊടുക്കണമെന്നും ട്രൈബ്യൂണൽ ആവശ്യപ്പെട്ടു.ഇടക്കാല ഉത്തരവിലൂടെ മുമ്പ് ആവശ്യപ്പെട്ട ഇക്കാര്യം യഥാവിധി നടപ്പിലാക്കിയ  വിവരം സ്പെഷ്യൽ ട്രൈബ്യൂണലിനെ അറിയിക്കേണ്ടത് പ്രമോട്ടർ ഓഫ് ജസ്റ്റിസിന്റെ ഉത്തരവാദിത്വമാണ്. പ്രൊമോട്ടർ ഓഫ് ജസ്റ്റിസ് തന്റെ കൃത്യനിർവഹണം നടത്തിയില്ല എങ്കിൽ സ്പെഷ്യൽ ട്രൈബ്യൂണൽ സ്വമേധയാ അന്വേഷണ റിപ്പോർട്ട് വിശ്വാസ തിരുസംഘത്തിന്  സമർപ്പിക്കും.

മാർ പാംപ്ലാനിക്ക് വിധേയപ്പെട്ട് ഫാ. വർഗീസ് മണവാളൻ മെഡിക്കൽ ലീവിൽ പോയി എന്നത് കോടതി നടപടികൾ അവസാനിപ്പിക്കാനുള്ള കാരണമല്ല . നിയമാനുസൃതമായ എല്ലാ അവസരങ്ങളും കാലാകാലങ്ങളിൽ നൽകിയിട്ടും മാനസാന്തരപ്പെടാത്തതിനാലാണ് മണവാളനെതിരായ കോടതി നടപടികൾ ആരംഭിച്ചത്.ഇതേ കോടതിയുടെ ഇടക്കാല ഉത്തരവ് പോലും ലംഘിച്ച് പള്ളിമേടയിൽ അനധികൃതമായി താമസിച്ച വൈദികന് മാനസാന്തരം ഉണ്ടായെന്ന്  ബോധ്യപ്പെടാൻ ഇതുവരെയും കോടതിക്ക് കഴിഞ്ഞിട്ടില്ല. മാനസാന്തരപ്പെട്ടിരുന്നെങ്കിൽ മാർ ബോസ്കോ പുത്തൂർ നിയമിച്ച മണവാളന്റെ പിൻഗാമിയായ ഫാ. തരിയൻ ഞാളിയത്തിനെ പള്ളിഭരണം ഏൽപ്പിക്കാതിരിക്കുകയും ഇപ്പോഴത്തെപിൻഗാമിക്ക് പള്ളിഭരണം കൈമാറിയതിനെ മാനസാന്തരമെന്ന് വിളിക്കാൻ ആവില്ലെന്നും ട്രൈബ്യൂണൽ വിധിയിൽ ഊന്നി പറയുന്നു.വഴിതെറ്റിപ്പോയ കുഞ്ഞാടായ മണവാളനെ തിരികെ കൊണ്ടുവരാനും മാനസാന്തരപ്പെടുത്താനും  നടത്തിയ നിയമാനുസൃതശ്രമങ്ങൾ ഫലം കാണാതെ വന്നപ്പോഴാണ് മാർ പുത്തൂർ കോടതിയെ സമീപിച്ചത്.നിയമാനുസൃതമായി ആരംബിച്ച ഒരു കോടതി നടപടി ഇടയ്ക്ക് വച്ച് അവസാനിപ്പിക്കണമെങ്കിൽ കുറ്റവാളി മാനസാന്തരപ്പെടുകയും നീതി സ്ഥാപിക്കപ്പെടുകയും ഉതപ്പ് ഇല്ലാതാവുകയും ചെയ്യണമെന്നതാണ് നിയമം.

അനുസരണക്കേട്,കൃത്യവിലോപം, അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്റർക്കെതിരെ സ്പർദവളർത്തൽ,വിശ്വാസികളെ അനുസരണക്കേടിന് പ്രേരിപ്പിക്കൽ, വൈദിക ശുശ്രൂഷ നിർവഹിക്കുന്നതിൽനിന്നും മറ്റുള്ളവരെ തടസ്സപ്പെടുത്തൽ,അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്ററിനെതിരെ സിവിൽ കോടതിയെ സമീപിക്കുക, മനപ്പൂർവം നിയമലംഘനം നടത്തുക എന്നീ കുറ്റകൃത്യങ്ങൾ ചെയ്തതായാണ് തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രമോട്ടർ ഓഫ് ജസ്റ്റിസ് ട്രൈബ്യൂണലിൽ പറഞ്ഞിരിക്കുന്ന കുറ്റവാളി എങ്ങനെയാണ് പെട്ടെന്ന് നിരപരാധിയായതെന്ന് മനസ്സിലാകുന്നില്ലെന്നും ട്രൈബ്യൂണൽ നിരീക്ഷിച്ചു.
മേൽ പറഞ്ഞിരിക്കുന്ന കാരണങ്ങളാലും മണവാളന്റെ പ്രത്യേക അഡ്വക്കേറ്റ് ശുപാർശ അനുസരിച്ചും സ്പെഷ്യൽ ട്രൈബ്യൂണൽ മണവാളനെതിരെയുള്ള നിയമ നടപടികളുമായി മുമ്പോട്ട് പോകുമെന്നും  കോടതിനടപടികൾ അവസാനിപ്പിക്കുവാനുള്ള  അപേക്ഷ തള്ളുകയാണെന്നും ജൂലൈ 31-ന് പുറപ്പെടുവിച്ച ഇക്കാല ഉത്തരവിൽ സ്പെഷ്യൽ ട്രൈബ്യൂണൽ പ്രസ്താവിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img