10:19pm 26 July 2026
NEWS
ബിഹാറിൽ 23 ലക്ഷത്തോളം സ്ത്രീകളെ വോട്ടർപട്ടികയിൽ നിന്നും ഒഴിവാക്കിയെന്ന് കോൺ​ഗ്രസ്
06/10/2025  07:39 AM IST
nila
ബിഹാറിൽ 23 ലക്ഷത്തോളം സ്ത്രീകളെ വോട്ടർപട്ടികയിൽ നിന്നും ഒഴിവാക്കിയെന്ന് കോൺ​ഗ്രസ്

ബീഹാറിലെ വോട്ടർപട്ടികയിൽ നിന്നും 23 ലക്ഷത്തോളം സ്ത്രീകളെ ഒഴിവാക്കിയെന്ന ആരോപണവുമായി കോൺ​ഗ്രസ്. ദളിത്, മുസ്‌ലീം വനിതാ വോട്ടർമാരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കിയത് എന്നാണ് ആരോപണം.  2020-ൽ കനത്ത പോരാട്ടം നടന്ന 59 നിയമസഭാ മണ്ഡലങ്ങളിൽ നിന്നുളളവരെയാണ് ഒഴിവാക്കിയതെന്നും അഖിലേന്ത്യ മഹിളാ കോൺഗ്രസ് അധ്യക്ഷ അൽക്ക ലാംബ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  പാർട്ടി ആസ്ഥാനമായ ഇന്ദിരാഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അൽക്ക ലാംബ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ​ഗുരുതര ആരോപണങ്ങളുയർത്തിയത്. 

'പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നിർദേശപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷൻ എസ്‌ഐആറിന്റെ പേരിൽ ബിഹാറിൽ വൻ തട്ടിപ്പാണ് നടത്തുന്നത്. ബിഹാറിൽ ഏകദേശം 3.5 കോടി സ്ത്രീകളുണ്ട്. എന്നാൽ ഏകദേശം 23 ലക്ഷം സ്ത്രീകളുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അവർക്ക് വോട്ടുചെയ്യാനാകില്ല. ഇത് ഭരണഘടനാ വിരുദ്ധമായ നടപടിയാണ്. ഗോപാൽഗഞ്ച്, സരൺ, ബെഗുസാരായ്, സമസ്തിപൂർ, ഭോജ്പൂർ, പൂർണിയ എന്നീ ജില്ലകളിൽ നിന്നാണ് ഏറ്റവുമധികം സ്ത്രീകളുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തിട്ടുളളത്. ഈ ആറ് ജില്ലകളിലായി 60 നിയമസഭാ സീറ്റുകളാണുളളത്. 2020-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഡാറ്റ പരിശോധിച്ചാൽ ഇന്ത്യാ സഖ്യത്തിന് 25 സീറ്റുകളും എൻഡിഎ സഖ്യത്തിന് 34 സീറ്റുകളുമാണ് ലഭിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ച്ചവെച്ചത്. ഇപ്പോൾ എസ്ഐആറിന്റെ പേരിൽ ഈ സീറ്റുകളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വൻ തട്ടിപ്പ് നടത്തിയിരിക്കുകയാണ്': അൽക്ക ലാംബ പറഞ്ഞു.

ബിഹാറിലെ ലക്ഷക്കണക്കിന് സ്ത്രീകളുടെ പേരുകളാണ് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്, എങ്കിൽ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇതേ സ്ത്രീകൾ ചെയ്ത വോട്ടുകളും വ്യാജമായിരിക്കില്ലേ? ആ വ്യാജ വോട്ടുകൾ ഉപയോഗിച്ച് എംപിമാരായവരല്ലേ സർക്കാരുണ്ടാക്കിയത് എന്നും അൽക്ക ലാംബ ചോദിച്ചു. 'ഒരുവശത്ത് ബിഹാർ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുന്നു. മറുവശത്ത് തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചേർന്ന് 23 ലക്ഷം സ്ത്രീകളുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കി. മോദി സ്ത്രീകളുടെ വോട്ടവകാശമാണ് പിടിച്ചെടുത്തത്. പക്ഷെ, നരേന്ദ്രമോദിയും തെരഞ്ഞെടുപ്പ് കമ്മീഷനും എത്ര ശ്രമിച്ചാലും ബിഹാറിൽ വോട്ട് മോഷണം നടക്കാൻ ഞങ്ങൾ അനുവദിക്കില്ല': അൽക്ക ലാംബ കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img