12:20am 21 June 2026
NEWS
കേരളത്തിൽ എബോള ഭീതി അകന്നു; കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലായിരുന്ന സ്ത്രീയുടെ പരിശോധനാഫലം നെഗറ്റീവ്
20/06/2026  10:37 AM IST
nila
കേരളത്തിൽ എബോള ഭീതി അകന്നു; കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലായിരുന്ന സ്ത്രീയുടെ പരിശോധനാഫലം നെഗറ്റീവ്

കോട്ടയം: എബോള വൈറസ് ബാധ സംശയിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലായിരുന്ന സ്ത്രീയുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ ആരോഗ്യവകുപ്പിന്റെയും പൊതുജനങ്ങളുടെയും ആശങ്കകൾക്ക് വിരാമമായി. ആരോഗ്യനില തൃപ്തികരമായതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

സൗത്ത് സുഡാനിൽ നിന്ന് ഉഗാണ്ട വഴി കേരളത്തിലെത്തിയ പാലാ സ്വദേശിനിയായ 52-കാരിയാണ് എബോള സംശയത്തെ തുടർന്ന് പ്രത്യേക നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. യാത്രയ്ക്കു ശേഷം കടുത്ത ഛർദിയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിച്ചതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആദ്യം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ഉഗാണ്ടയിലൂടെ യാത്ര ചെയ്ത പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. സ്ത്രീയുടെ സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്കായി പുണെയിലെ ലബോറട്ടറിയിലേക്ക് അയച്ചിരുന്നു. പരിശോധനാഫലം നെഗറ്റീവായതോടെയാണ് എബോള ബാധയില്ലെന്ന് സ്ഥിരീകരിച്ചത്.

അടുത്തിടെ ഉഗാണ്ടയിലും കോം​ഗോയിലും എബോള വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കിയത്. അപൂർവമായ ‘ബുണ്ടിബുഗ്യോ’ വകഭേദമാണ് നിലവിലെ വ്യാപനത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. എബോള വൈറസിന്റെ ആറ് പ്രധാന വകഭേദങ്ങളിൽ ഒന്നാണ് ഇത്.

ലോകത്തെ ഏറ്റവും ഗുരുതരമായ വൈറസ് രോഗങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന എബോള മുൻപ് നിരവധി രാജ്യങ്ങളിൽ വലിയ നാശം വിതച്ചിട്ടുണ്ട്. പ്രത്യേകിച്ച് 2014 മുതൽ 2016 വരെ പശ്ചിമ ആഫ്രിക്കയിൽ ഉണ്ടായ വ്യാപനത്തിൽ പതിനായിരക്കണക്കിന് ആളുകൾക്ക് രോഗബാധയുണ്ടാവുകയും ആയിരങ്ങൾ മരിക്കുകയും ചെയ്തിരുന്നു.

നിലവിൽ കേരളത്തിൽ എബോള ഭീഷണിയില്ലെന്നും വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവരിൽ രോഗലക്ഷണങ്ങൾ കണ്ടാൽ മുൻകരുതൽ നടപടികൾ തുടരുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

എബോള വൈറസ് വ്യാപനം

വൈറസ് ബാധയാണ് എബോള. രോഗബാധിതരുടെയോ രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസർജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം. കുരങ്ങുകൾ, മാനുകൾ, മുള്ളൻ പന്നി, പന്നി തുടങ്ങിയ മൃഗങ്ങളിലും രോഗം കാണുന്നുണ്ട്. രോഗം ബാധിച്ച മൃഗങ്ങളുടെ വിസർജ്യങ്ങളിലൂടെയോ അവയുടെ മാംസം ഭക്ഷിക്കുന്നതിലൂടെയോ രോഗം മനുഷ്യരിലേയ്ക്ക് പടരാം.

ലക്ഷണങ്ങൾ

വൈറസ് ശരീരത്തിൽ പ്രവേശിച്ച് രണ്ട് മുതൽ 21 ദിവസത്തിനുള്ള രോഗലക്ഷണങ്ങൾ പ്രകടമാകും. സാധാരണ വൈറൽ രോഗങ്ങളിൽ കാണുന്നതുപോലെ പനി, തലവേദന, പേശിവേദന, തൊണ്ടവേദന എന്നിവയും ചിലപ്പോൾ ഛർദ്ദി, തൊലിയിലെ തിണർപ്പ് എന്നിവയും ഉണ്ടാകാം. താരതമ്യേന ആരോഗ്യമുള്ളവരിൽ രോഗാവസ്ഥ കുറച്ചു ദിവസങ്ങൾകൊണ്ട് തനിയെ മാറുന്നു. എന്നാൽ ചിലരിലാകട്ടെ, ഗുരുതരമായ രക്തസ്രാവം ഉണ്ടാകുന്നു. രോഗം വന്ന് അഞ്ച് മുതൽ ഏഴ് ദിവസങ്ങൾക്കുള്ളിലാണ് ഇവ കാണപ്പെടുന്നത്. ഇത്തരക്കാരിൽ ക്രമേണ കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളുടെ തകരാറ് മൂലം മരണം സംഭവിക്കാം.

സാധാരണ കാണുന്ന ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗബാധയുണ്ടാകുന്നവർക്ക് ഗുരുതരാവസ്ഥയുണ്ടാകുന്നതിന് കാരണം നേരത്തെയുണ്ടായിരുന്ന പോഷകാഹാരക്കുറവും കരൾരോഗവും മദ്യപാനവുമൊക്കെയാണ്. NSAID വിഭാഗത്തിലുള്ള മരുന്നുകളുടെ ഉപയോഗവും രോഗബാധയുള്ളവരെ ഗുരുതരാവസ്ഥയിലാക്കുന്നു.

പ്രതിരോധ മാർഗങ്ങൾ

രോഗത്തെ പ്രതിരോധിക്കുകയാണ് ചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ കാര്യം. ജന്തുജന്യ രോഗമായതിനാൽ തന്നെ ശരിയായി പാകപ്പെടുത്തിയ മാംസം മാത്രം കഴിക്കുന്നത് രോഗസാധ്യത ഇല്ലാതാക്കും. വായു, വെള്ളം, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവവഴി രോഗം പകരാനിടയില്ല. അതിനാൽതന്നെ ശരിയായ മുൻകരുതലിന് രോഗം പകരുന്നത് തടയാൻ കഴിയും.

രോഗബാധിതരുടെയോ രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസർജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം. അതിനാൽ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ മുൻകരുതൽ നടപടി സ്വീകരിക്കുക. രോഗബാധ കണ്ടെത്തിയവരെ ഐസലേഷൻ വിഭാഗത്തിലെത്തിക്കുക, സമ്പർക്കം ഒഴിവാക്കുക, എത്രയും പെട്ടന്ന് സപ്പോർട്ടീവ് ചികിത്സ ലഭ്യമാക്കുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.