12:07am 22 May 2026
NEWS
എബോള വൈറസ് പടർന്നുപിടിക്കുന്നു; ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോ​ഗ്യ സംഘടന
18/05/2026  11:52 AM IST
nila
എബോള വൈറസ് പടർന്നുപിടിക്കുന്നു; ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോ​ഗ്യ സംഘടന

“അന്താരാഷ്ട്ര പ്രാധാന്യമുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ” പ്രഖ്യാപിച്ച്  ലോകാരോഗ്യസംഘടന. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും അയൽരാജ്യമായ ഉഗാണ്ടയിലും എബോള വൈറസ് വീണ്ടും വ്യാപകമായി പടരുന്ന സാഹചര്യത്തിലാണ് ലോകാരോ​ഗ്യ സംഘടനയുടെ നടപടി. വൈറസ് ബാധയെ തുടർന്ന് ഇതിനകം ഏകദേശം 90 പേർ മരിച്ചതായാണ് റിപ്പോർട്ട്.

കിഴക്കൻ കോംഗോയിലെ ഇട്ടൂരി പ്രവിശ്യയിലാണ് രോഗബാധ ആദ്യം കണ്ടെത്തിയത്. അപൂർവമായ ബുന്ദിബുഗ്യോ വകഭേദത്തിൽപ്പെട്ട എബോള വൈറസാണ് ഈ വ്യാപനത്തിന് പിന്നിലെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. ഈ വൈറസിനെതിരേ നിലവിൽ അംഗീകൃത വാക്സിനോ പ്രത്യേക ചികിത്സയോ ഇല്ലെന്നത് ആശങ്ക വർധിപ്പിക്കുന്നതാണ്. രോഗത്തിന് ഏകദേശം 50 ശതമാനം വരെ മരണനിരക്ക് ഉണ്ടാകാമെന്ന് ഡി.ആർ.സി. ആരോഗ്യമന്ത്രി സാമുവൽ-റോജർ കാംബ അറിയിച്ചു.

ഏപ്രിൽ 24-ന് ബുനിയയിലെ ഒരു ആരോഗ്യകേന്ദ്രത്തിൽ എബോള ലക്ഷണങ്ങളോടെ എത്തിയ നഴ്സിലൂടെയാണ് രോഗം ആദ്യം സ്ഥിരീകരിച്ചത്. തുടർന്ന് രോഗവ്യാപനം വേഗത്തിൽ ഉയരുകയായിരുന്നു. ആഫ്രിക്കൻ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം 336 പേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിയതോടൊപ്പം 88 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോംഗോയുടെ തലസ്ഥാനമായ കിൻഷാസയിലും ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിലും രോഗബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പുകൾ അതീവ ജാഗ്രതയിലാണ്. കമ്പാലയിൽ രണ്ട് കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതേസമയം, നിലവിലെ സാഹചര്യം ആഗോള മഹാമാരിയായി പ്രഖ്യാപിക്കാനുള്ള മാനദണ്ഡങ്ങൾ നിറവേറ്റുന്നില്ലെന്ന് WHO വ്യക്തമാക്കി. അതിർത്തികൾ അടയ്ക്കുകയോ വ്യാപാര നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്യരുതെന്നും സംഘടന രാജ്യങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇട്ടൂരി മേഖലയിലെ സായുധ സംഘർഷങ്ങൾ, ജനങ്ങളുടെ കൂട്ടപ്പലായനം, ദുർബലമായ ആരോഗ്യസംവിധാനങ്ങൾ എന്നിവ രോഗപ്രതിരോധ പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കുന്നതായി ആരോഗ്യ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു.

 എബോള

രക്തം, മറ്റ് ശരീരസ്രവങ്ങൾ എന്നിവയുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെ പടരുന്ന അതിഗുരുതരമായ ഒരു വൈറൽ രോഗമാണ് എബോള. പനി, ഛർദ്ദി, അതിസാരം, പേശിവേദന, ക്ഷീണം, ആന്തരികവും ബാഹ്യവുമായ രക്തസ്രാവം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. വന്യമൃഗങ്ങളിൽ നിന്നാണ് ഈ വൈറസ് മനുഷ്യരിലേക്ക് എത്തിയതെന്ന് കരുതപ്പെടുന്നു. 1976-ൽ കോംഗോയിൽ എബോള നദിയുടെ തീരത്തായിരുന്നു ഈ വൈറസ് ആദ്യമായി കണ്ടെത്തിയത്. മുൻപ് 2018 മുതൽ 2020 വരെ കോംഗോയിലുണ്ടായ എബോള വ്യാപനത്തിൽ 2300-ഓളം പേർ കൊല്ലപ്പെട്ടിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.