02:44am 31 May 2026
NEWS
ഇബിജി ഗ്രൂപ്പിൻ്റെ കേന്ദ്രീകൃത നിർമ്മാണ വിതരണ ഹബ്ബായ വജ്രം ഇലക്ട്രിക് പ്രവർത്തനമാരംഭിച്ചു
30/05/2026  07:52 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഇബിജി ഗ്രൂപ്പിൻ്റെ കേന്ദ്രീകൃത നിർമ്മാണ വിതരണ ഹബ്ബായ വജ്രം ഇലക്ട്രിക് പ്രവർത്തനമാരംഭിച്ചു

ഹൈദരാബാദ്: മുൻനിര ബിസിനസ് ശൃംഖലയായ ഇബിജി ഗ്രൂപ്പ് തങ്ങളുടെ പുതിയ കേന്ദ്രീകൃത നിർമ്മാണ-വിതരണ ഹബ്ബായ 'വജ്രം ഇലക്ട്രിക്' ഹൈദരാബാദിൽ ഉദ്ഘാടനം ചെയ്‌തു. വിവിധ മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന ഗ്രൂപ്പിൻ്റെ 11 ബിസിനസ് ബ്രാൻഡുകളെ ഒരൊറ്റ പ്ലാറ്റ്‌ഫോമിന് കീഴിൽ കൊണ്ടുവരുന്നതാണ് ഈ പദ്ധതി. ആദ്യഘട്ടത്തിൽ 25 കോടി രൂപയുടെ നിക്ഷേപത്തോടെ ആരംഭിച്ച ഈ നിർമ്മാണ യൂണിറ്റ് വഴി നാനൂറ്റമ്പതിലധികം പ്രത്യക്ഷ-പരോക്ഷ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

നിലവിൽ 25,000 ചതുരശ്ര അടിയിൽ പ്രവർത്തിക്കുന്ന ഈ അത്യാധുനിക അസംബ്ലി പ്ലാന്റ് അടുത്ത ഒരു വർഷത്തിനുള്ളിൽ 50,000 ചതുരശ്ര അടിയായി വിപുലീകരിക്കും. ഇലക്ട്രിക് മൊബിലിറ്റി, റീഹാബിലിറ്റേഷൻ സാങ്കേതികവിദ്യ, ഉപഭോക്തൃ ഇലക്ട്രോണിക്‌സ്, കൺസ്ട്രക്ഷൻ, എഫ് & ബി ഇൻഫ്രാസ്‌ട്രക്‌ച്ചർ, സുസ്ഥിര ഹോസ്‌പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലെ ഉൽപ്പന്നങ്ങളുടെ നിർമ്മാണവും ലോജിസ്റ്റിക്‌സും ഇനി ഈ ഒരൊറ്റ കേന്ദ്രത്തിൽ നിന്നായിരിക്കും നിയന്ത്രിക്കപെടുക. 

ഏസർ മൊബിലിറ്റി, ഇബൈക്ഗോ, ദേവൂ അപ്ലയൻസസ് ഉൾപ്പെടെയുള്ള 11 പ്രമുഖ ബ്രാൻഡുകൾക്ക് വജ്രം ഇലക്ട്രിക് നിർമ്മാണ പിന്തുണയേകും. ഇന്ത്യൻ വിപണിയിലെ വർദ്ധിച്ചുവരുന്ന ആവശ്യകതകൾ നിറവേറ്റുന്നതോടൊപ്പം ആഗോള വിപണിയിലേക്ക് ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യാനുള്ള ശേഷി കൈവരിക്കുക കൂടിയാണ് ഈ പ്ലാന്റിലൂടെ ലക്ഷ്യമിടുന്നത്.

ഒരൊറ്റ പ്ലാറ്റ്‌ഫോമിന് കീഴിൽ ഉൽപ്പാദനവും വിതരണവും കേന്ദ്രീകരിക്കുന്നതിലൂടെ മികച്ച ഗുണനിലവാരവും വേഗത്തിലുള്ള വിപണി ഇടപെടലുകളും സാധ്യമാകുമെന്ന് ഇബിജി ഗ്രൂപ്പ് സ്ഥാപകൻ ഡോ. ഇർഫാൻ ഖാൻ പറഞ്ഞു. 

സീറോ-വേസ്റ്റ് ഉൽപ്പാദന രീതിയിലൂടെ പരിസ്ഥിതി സൗഹൃദപരമായ വളർച്ചയ്ക്കാണ് കമ്പനി മുൻഗണന നൽകുന്നതെന്ന് ഇബിജി ഗ്രൂപ്പ് സഹസ്ഥാപകൻ ഹരി കിരൺ വ്യക്തമാക്കി. 

ലൂധിയാന, പൂനെ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ ലോജിസ്റ്റിക് ഹബ്ബുകൾക്ക് പുറമെ മനേസറിലും പുതിയ സൗകര്യം ഉടൻ പ്രവർത്തനസജ്ജമാകും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഇലക്ട്രിക് വാഹന (ഇവി) നിർമ്മാണ വിപണിയുടെ 10% വിഹിതം കൈക്കലാക്കുകയാണ് ഇബിജി ഗ്രൂപ്പിൻ്റെ പ്രധാന ലക്ഷ്യം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img