05:55am 13 November 2026
NEWS
മലങ്കരസഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ ഈസ്റ്റർ സന്ദേശം
04/04/2026  09:44 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മലങ്കരസഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ ഈസ്റ്റർ സന്ദേശം

ഉയിർപ്പ് : രക്ഷയുടെ പ്രഖ്യാപനം

ക്രിസ്തുവിന്റെ ഉയിർപ്പ് വിശ്വാസത്തിന്റെ ഹൃദയമാണ്. “ക്രിസ്തു ഉയിർത്തെഴുന്നേറ്റില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗവും നിങ്ങളുടെ വിശ്വാസവും വ്യർത്ഥമാണ്” (1 കൊരിന്ത്യർ 15:14) എന്ന് അപ്പോസ്തോലനായ പൗലോസ് നമ്മെ ഓർമ്മിപ്പിക്കുന്നു. മനുഷ്യരാശിക്ക് ദൈവം നൽകിയ രക്ഷയുടെ മഹത്തായ പ്രഖ്യാപനമാണ് ഈസ്റ്റർ.

ക്രൂശിലെ വേദനയും മരണവും അനിവാര്യമായ ഒരു അവസാനമെന്നപോലെ തോന്നിച്ചെങ്കിലും, ദൈവത്തിന്റെ പദ്ധതിയിൽ അത് വിജയത്തിലേക്കുള്ള വഴി ആയിരുന്നു. ഇരുട്ടിന്റെ ആഴങ്ങൾ എത്ര വലുതായാലും ദൈവത്തിന്റെ പ്രകാശം അതിനെ മറികടക്കുമെന്ന് ഉയിർപ്പ് നമ്മെ പഠിപ്പിക്കുന്നു. ജീവിതത്തിലെ പരീക്ഷണങ്ങളിലും നഷ്ടങ്ങളിലും ഉയിർപ്പിന്റെ പ്രത്യാശ നമുക്ക് വെളിച്ചമാകണം.

ലോകം പലതരം വെല്ലുവിളികളിലൂടെ കടന്നുപോകുകയാണ്. യുദ്ധങ്ങളും ഭിന്നതകളും സാമ്പത്തിക അസമത്വങ്ങളും മനുഷ്യ മൂല്യങ്ങളുടെ ഇടിവും ലോകത്തിന് മേൽ നിഴലിടുന്നു. "നിങ്ങൾക്ക് സമാധാനം" എന്ന ക്രിസ്തുവിന്റെ വചനം മനുഷ്യഹൃദയങ്ങളെ സ്പർശിക്കട്ടെ. വൈരാഗ്യത്തിൽ നിന്ന് ക്ഷമയിലേക്കും, നിരാശയിൽ നിന്ന് പ്രത്യാശയിലേക്കും മാറാൻ ഈ ദിനം നമ്മെ വിളിക്കുന്നു. ഉയിർത്തെഴുന്നേറ്റ കർത്താവിനെ അനുഗമിക്കുന്നവരായി, സമൂഹത്തിൽ നീതിയുടെയും സ്നേഹത്തിന്റെയും സാക്ഷികളാകണം. ദുർബലരെയും പീഡിതരെയും ഒറ്റപ്പെട്ടവരെയും ചേർത്തുപിടിച്ച് ക്രിസ്തുവിന്റെ സ്നേഹത്തെ ലോകത്തിന് പകരാം. ഏവർക്കും ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img