03:56am 04 October 2026
NEWS
ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് സ്ഥാപകൻ തഖിയുദ്ദീൻ അബ്ദുൽ വാഹിദ്; ഓർമ്മകളുമായി ജീവനക്കാരുടെ കൂട്ടായ്മ
03/10/2026  08:23 AM IST
ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് സ്ഥാപകൻ തഖിയുദ്ദീൻ അബ്ദുൽ വാഹിദ്; ഓർമ്മകളുമായി ജീവനക്കാരുടെ കൂട്ടായ്മ

 

മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

1995 നവംബർ 13 ... ഇന്ത്യൻ വ്യോമയാന മേഖലയുടെ വിധിനിർണായകമായ ദിവസമായിരുന്നു അത്. അന്നാണ് ഇന്ത്യയിലെ ആദ്യ സ്വകാര്യ എയർലൈൻസ് കമ്പനിയായ ഈസ്റ്റ് വെസ്റ്റ് എയർലൈൻസിന്റെ സ്ഥാപക എം.ഡിയും മലയാളിയുമായ തഖിയുദ്ദീൻ അബ്ദുൽ വാഹിദ് അധോലോകത്തിന്റെ വെടിയുണ്ടകളേറ്റ് കൊല്ലപ്പെടുന്നത്. ബാന്ദ്രയിലെ ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് ഓഫീസിൽ നിന്ന് രാത്രി 9.15നാണ് ഒരു കിലോമീറ്റർ മാത്രം അകലെയുള്ള തഖിയുദ്ദീന്റെ വസതിയായ ന്യൂ ജൽദർശനിലേക്ക് അടുത്തിടെ ഇറക്കുമതി ചെയ്ത ബുള്ളറ്റ് പ്രൂഫ് മെഴ്‌സിഡസ് ബെൻസ് കാറിൽ അദ്ദേഹം യാത്ര പുറപ്പെട്ടത്. വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ചുവന്ന മാരുതി ഒമ്‌നി വാനിലെത്തിയ മൂന്നു പേരടങ്ങുന്ന സംഘം വാഹനം തടഞ്ഞു നിർത്തി ചുറ്റിക കൊണ്ട് ചില്ലുകൾ തകർത്ത ശേഷം അദ്ദേഹത്തിന് നേരെ തുരുതുരാ വെടി ഉതിർത്തു. ആക്രമണത്തിൽ പരിക്കേറ്റെങ്കിലും മെഴ്‌സിഡസിന്റെ ഡ്രൈവർ ഫാറൂഖ് അഹമ്മദ് ബർക്കത്തലി ആത്മധൈര്യം വിടാതെ കാറിൽ ബാന്ദ്രയിലെ ഓഫീസിൽ തിരിച്ചെത്തി ജീവനക്കാർക്കൊപ്പം സമീപത്തെ ഭാഭാ ജനറൽ ആശുപത്രിയിൽ തഖിയുദ്ദീനെ എത്തിച്ചെങ്കിലും ആ വിലപ്പെട്ട ജീവൻ രക്ഷിക്കാനായില്ല.

മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും മായാത്ത ഓർമ്മകൾ...

കാലയവനികയിൽ മറഞ്ഞ് 32 കൊല്ലം പിന്നിട്ടെങ്കിലും ജീവനക്കാരുടെ ഓർമ്മകളിൽ തഖിയുദ്ദീൻ മാഞ്ഞുപോയിട്ടില്ല. ഇന്ത്യയിൽ എമ്പാടുമായി 3500 ഓളം ജീവനക്കാരാണ് ഈസ്റ്റ് വെസ്റ്റ് എയർലൈൻസിൽ ജോലി ചെയ്തിരുന്നത്. തഖിയുദ്ദീൻ കൊല്ലപ്പെട്ട് ഒരു കൊല്ലം തികയും മുമ്പ് 1996 ഓഗസ്റ്റിൽ ഈസ്റ്റ് വെസ്റ്റ് എയർലൈൻസിന്റെ ചിറകൊടിഞ്ഞു. സ്ഥാപനം പൂട്ടിയതോടെ ജീവനക്കാർ പലവഴിക്ക് പിരിഞ്ഞു മറ്റ് തൊഴിൽമേഖലകളിൽ വ്യാപൃതരായെങ്കിലും ഇന്ത്യൻ വ്യോമയാന മേഖലയുടെ ചരിത്രത്തിലെ ആദ്യ സ്വകാര്യ ഷെഡ്യൂൾഡ് എയർലൈൻസ് കമ്പനിയായ ഈസ്റ്റ് വെസ്റ്റ് എയർലൈൻസും അതിന്റെ അമരക്കാരനായ തഖിയുദ്ദീനും അവരുടെ വികാരമായി തുടരുന്നു. അങ്ങനെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മുൻകാല ജീവനക്കാരുടെ കൂട്ടായ്മകൾ പിറന്നത്.

2018-ൽ കൊച്ചിയിൽ 40 പേരുടെ പങ്കാളിത്തതോടെ വിൻഡ്‌സോക്ക് എന്ന പേരിൽ തുടക്കമിട്ട കൂട്ടായ്മ കൂടുതൽ അംഗങ്ങളുമായി സജീവമായി തുടരുന്നു. അവരിൽ സർക്കാർ ജീവനക്കാരും പ്രവാസികളും വ്യവസായ സംരംഭകരും രാഷ്ട്രീയക്കാരും ഉൾപ്പെടും. ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് നൽകിയ ആത്മവിശ്വാസമാണ് അവരുടെ ഊർജം. വിൻഡ്‌സോക്കിന്റെ അമരക്കാരനും ഫ്രണ്ട് എൻഡ് പബ്ലീഷിംഗ് ഹൗസ് എന്ന ടൂറിസം പ്രസാധക സ്ഥാപനത്തിന്റെ ഉടമയുമായ ചെങ്ങന്നൂർ സ്വദേശി വിനു വി. നായർ 'കേരളശബ്ദം' പ്രതിനിധി മൈക്കിൾ വർഗ്ഗീസ് ചെങ്ങടക്കാരിയുമായി നടത്തിയ ദീർഘഭാഷണം.

ജീവിച്ചിരുന്നെങ്കിൽ ഇന്ന് മാനേജ്‌മെന്റ് ഗുരു

വൻകിട കോർപ്പറേറ്റുകൾ പോലും മടിച്ചിരുന്ന കാലത്താണ് ഇന്ത്യൻ വ്യോമയാന രംഗത്തേക്ക് തഖിയുദ്ദീനും സഹോദരൻമാരും സംശയലേശമെന്യേ കാലുകുത്തുന്നത്. 'അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ ഇന്ന് മാനേജ്‌മെന്റ് ഗുരു എന്ന നിലയിൽ അറിയപ്പെടുമായിരുന്നു. അത്രയധികം വിഷണറിയായിരുന്നു അദ്ദേഹം..' വിനു വി. നായർ പറയുന്നു. വിദേശ രാജ്യങ്ങളിലേക്ക് തൊഴിൽ റിക്രൂട്ട്‌മെന്റ് നടത്തിയിരുന്ന ഈസ്റ്റ് വെസ്റ്റ് ട്രാവൽ ആൻഡ് ട്രേഡ് ലിങ്ക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരായിരുന്നു വർക്കല സ്വദേശികളായ വാഹിദ് സഹോദരൻമാർ. 1991 -ൽ സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ഓപ്പൺ സ്‌കൈ നയം പ്രഖ്യാപിച്ചപ്പോൾ രാജ്യത്തിനകത്ത് ഷെഡ്യൂൾഡ് സർവീസുകൾ നടത്താൻ ആദ്യം മുന്നോട്ട് വന്നത് വാഹിദ് സഹോദരൻമാരായിരുന്നു. തഖിയുദ്ദീൻ അബ്ദുൾ വാഹിദ് സ്ഥാപക എം.ഡിയും സഹോദരൻമാരായ നാസറുദ്ദീൻ അബ്ദുൾ വാഹിദ് ചെയർമാനും ഷിഹാബുദ്ദീൻ അബ്ദുൾ വാഹിദ് ഫിനാഷ്യൽ ഡയറക്ടറും താഹാക്കുട്ടി, ഫൈസൽ എന്നിവർ ഡയറക്ടർമാരായും ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് പിറവി കൊണ്ടതും അങ്ങനെയാണ്.

മുണ്ടുടുത്ത് വരുന്നവരെയും കോട്ട് ഇട്ടിട്ട് വരുന്നവരെയും ഒരേ പോലെ കണ്ട തഖിയുദ്ദീൻ

വ്യോമയാന രംഗത്തെ പ്രായോഗിക പരിജ്ഞാനത്തിന്റെ മികച്ച വക്താക്കളായിരുന്നു വാഹിദ് സഹോദരൻമാർ. അതിനാൽ ഈസ്റ്റ് വെസ്റ്റ് എയർലൈൻസിന്റെ വളർച്ചയും അതിവേഗമായിരുന്നു. മുണ്ടുടുത്ത് വരുന്നവരെയും ചെരിപ്പിട്ടു വരുന്നവരെയും കോട്ടിട്ടു വരുന്നവരെയും ഒരേ പോലെ കാണണമെന്ന് തഖിയുദ്ദീൻ ഇടയ്ക്കിടെ ജീവനക്കാരെ ഓർമ്മിപ്പിച്ചു: വിനു വി. നായർ പറയുന്നു. വലുപ്പ ചെറുപ്പ വ്യത്യാസമില്ലാതെ, ജാതിമത ഭേദമില്ലാതെ യാത്രക്കാർക്ക് മികച്ച സേവനങ്ങൾ ഒരുക്കുന്നതിൽ അദ്ദേഹം ശ്രദ്ധിച്ചു. ചിക്കൻകറിയും ബട്ടർനാനും യാത്രക്കാരുടെ മെനുവിൽ ഉൾപ്പെടുത്തി. ആദ്യകാലത്ത് ഈസ്റ്റ് വെസ്റ്റ് എയർലൈൻസിൽ മദ്യം വിളമ്പിയിരുന്നു. തൊഴു കൈയോടെയാണ് യാത്രക്കാരെ സ്വീകരിച്ചിരുന്നത്. കേരളത്തിലേക്കുള്ള ഗൾഫ് മലയാളികൾക്ക് പുതിയ എയർലൈൻസ് പെട്ടെന്ന് തന്നെ പ്രിയപ്പെട്ടതായി. ബോംബെയിലെ സഹാറ വിമാനത്താവളത്തിൽ വന്നിറങ്ങുന്ന മലയാളികൾ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കുള്ള ആഭ്യന്തര ഫ്‌ളൈറ്റുകളിൽ നാട്ടിലെത്താൻ മുംബെ സാന്താക്രൂസ് വിമാനത്താവളത്തെയാണ് ആശ്രയിച്ചിരുന്നത്. സഹാറയിൽ നിന്ന് സ്വകാര്യവാഹനങ്ങളിൽ സാന്താക്രൂസിലേക്കുള്ള യാത്രക്കിടെ ഡ്രൈവർമാരുടെ സഹായത്തോടെ മലയാളികളുടെ ലഗേജുകൾ അടിച്ചു മാറ്റുന്നത് പതിവായിരുന്നു. വാഹിദ് സഹോദരൻമാർ അതിനൊരു അറുതിയുണ്ടാക്കി. സഹാറയിൽ നിന്ന് ഈസ്റ്റ് വെസ്റ്റ് എയർലൈൻസിന്റെ വാഹനങ്ങളിൽ യാത്രക്കാരെ സുരക്ഷിതമായി സാന്താക്രൂസിലെത്തിച്ച് നാട്ടിലേക്കയച്ചു.

സ്വന്തമായി വിമാനങ്ങൾ വാങ്ങാൻ ആഗ്രഹിച്ചു, പക്ഷേ...

വിദേശ എയർലൈൻസുകളിൽ നിന്ന് വാടകയ്‌ക്കെടുത്ത ബോയിങ് 737-200, ഫോക്കർ എഫ് 27 വിമാനങ്ങളായിരുന്നു ഈസ്റ്റ് വെസ്റ്റ് എയർലൈൻസിന്റെ നട്ടെല്ല്. 1992 ഫെബ്രുവരിയിൽ മൂന്ന് വിമാനങ്ങളുമായിട്ടാണ് സർവീസ് തുടങ്ങിയത്.പിന്നീടത് 10 വിമാനങ്ങളിലെത്തി. 'സ്വന്തമായി വിമാനങ്ങൾ വാങ്ങാനും കോവളത്ത് പഞ്ചനക്ഷത്ര ഹോട്ടൽ സ്ഥാപിക്കാനും അദ്ദേഹത്തിന് പദ്ധതിയുണ്ടായിരുന്നു.' പക്ഷേ, വിധി അതിന് അനുവദിച്ചില്ല. പുതിയ രണ്ട് ബോയിങ് വിമാനങ്ങൾ കൂടി വാടകയ്‌ക്കെടുക്കാൻ ചർച്ചകൾ നടത്തി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്.

രാജ്കപൂർ കുടുംബത്തിന്റെ ഇഷ്ട എയർലൈൻസ്

പൊതുമേഖലാ എയർലൈൻസുകളുടെ ഔദ്യോഗിക പരിവേഷത്തിനപ്പുറം യാത്രക്കാരുടെ സൗകര്യങ്ങൾക്കും ഇഷ്ടങ്ങൾക്കും മുൻഗണന നൽകിയ ഈസ്റ്റ് വെസ്റ്റ് എയർലൈൻസിലെ യാത്ര കൊതിച്ചവരിൽ ഇന്ത്യയിലെ വി.ഐ.പികളും ഉൾപ്പെടും. 'ഹിന്ദി സിനിമയിലെ മുടി ചൂടാമന്നൻമാരായ രാജ്കപൂർ കുടുംബം യാത്ര ചെയ്യാൻ ഇഷ്ടപ്പെട്ടിരുന്നത് ഈസ്റ്റ് വെസ്റ്റ് എയർലൈൻസിലാണ് ..' വിനു വി. നായർ ഓർമ്മിക്കുന്നു. ധർമേന്ദ്ര, അമിതാഭ് ബച്ചൻ തുടങ്ങിയ മുൻനിര ബോളിവുഡ് താരങ്ങളും ഈസ്റ്റ് വെസ്റ്റ് എയർലൈൻസിന്റെ ആതിഥേയത്വം അനുഭവിച്ചവരാണ്. ഊട്ടിയിലെ സിനിമാ ലൊക്കേഷനുകളിൽ നിന്ന് ബോംബെയിലേക്ക് മടങ്ങാൻ താരങ്ങൾ ഏറ്റവും ഇഷ്ടപ്പെട്ടതും തഖിയുദ്ദീൻ സാഹിബിന്റെ വിമാനങ്ങളാണ്. കൊച്ചിയിലേക്കുള്ള ഫ്‌ളൈറ്റിന്റെ ബോംബെയിലേക്കുള്ള യാത്ര കോയമ്പത്തൂർ വിമാനത്താവളം വഴിയാക്കിയതും ഇതേത്തുർന്നാണ്. ഗോവൻ രാഷ്ട്രീയത്തിലെയും കായികരംഗത്തെയും അതികായൻമാരായ ചർച്ചിൽ അലിമാവോ കുടുംബം ഈസ്റ്റ് വെസ്റ്റ് എയർലൈൻസിെേന്റ ആരാധകരായിരുന്നു. 1992 മുതൽ 1996- ൽ സർവീസ് അവസാനിപ്പിക്കുന്നത് വരെ രാജ്യത്തെ വലുതും ചെറുതുമായ എല്ലാ വിമാനത്താവളങ്ങളിലേക്കും ഈസ്റ്റ് വെസ്റ്റ് എയർലൈൻസിന് സർവീസ് ഉണ്ടായിരുന്നു. മൊത്തം 36 ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് പറന്നിരുന്നത്.

യുവതലമുറയ്ക്ക് അവസരം നൽകിയ ദീർഘദർശി

യുവാക്കൾക്ക് സ്ഥാപനത്തിന്റെ താക്കോൽ സ്ഥാനങ്ങളിൽ അവസരം നൽകാൻ തഖിയുദ്ദീൻ ദത്തശ്രദ്ധനായിരുന്നു.മികച്ച ശമ്പളവും ആനുകൂല്യങ്ങളും നൽകി. പിൽക്കാലത്ത് ഇന്ത്യൻ വ്യോമയാന മേഖലയിൽ രംഗപ്രവേശം ചെയ്ത സ്വകാര്യ എയർലൈനുകൾക്ക് മാർഗരേഖ കാട്ടിക്കൊടുത്തത് ഈസ്റ്റ് വെസ്റ്റ് എയർലൈൻസാണ്.

തഖിയുദ്ദീൻ: ഒരേ സമയം ഗ്രാമീണനും തികഞ്ഞ കോർപ്പറേറ്റും

വർക്കല സ്വദേശിയായ തഖിയുദ്ദീൻ ഒരേസമയം തികഞ്ഞ ഗ്രാമീണനും കോർപ്പറേറ്റുമായിരുന്നു. നാട്ടിൽ നിന്ന് സ്വന്തം ഫ്‌ളൈറ്റിൽ എത്തുന്ന കപ്പ കൊണ്ട് ബാന്ദ്രയിലെ വീട്ടിൽ പുഴുക്ക് ഉണ്ടാക്കി കഴിക്കുന്ന അതേ ലാഘവത്തോടെ വ്യോമമേഖലയിലെ സങ്കീർണ്ണമായ പ്രശ്‌നങ്ങളും അദ്ദേഹം കൈകാര്യം ചെയ്തു. ജീവനക്കാരോടുള്ള പെരുമാറ്റം ഒരിക്കലും മറക്കാൻ പറ്റാത്തതാണ്. ബോംബെയിലെ ഓഫീസിലായാലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ശാഖകളിലായാലും ഒരു ജീവനക്കാരനെ മുഖാമുഖം കണ്ടാൽ അവരോട് കുശലം പറയാതെയും കുടുംബവിശേഷങ്ങൾ ചോദിച്ചറിയാതെയും കടന്നു പോയിരുന്നില്ല. 'ഈസ്റ്റ് വെസ്റ്റ് എയർലൈൻസിന്റെ മാനേജ്‌മെന്റ് അതിന്റെ ജീവനക്കാരനെ മാത്രമല്ല, അവന്റെ കുടുംബത്തെ കൂടിയാണ് ഫോക്കസ് ചെയ്തിരുന്നത്..' വിനു വി. നായർ പറയുന്നു.

ഒരു മാസം കൂടി ജീവിച്ചിരുന്നെങ്കിൽ...

1992 ഫെബ്രുവരി 28ന് സർവീസ് തുടങ്ങിയ ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് തഖിയുദ്ദീൻ കൊല്ലപ്പെട്ട് 9 മാസത്തിന് ശേഷം1996 ആഗസ്റ്റ് 8ന് അതിന്റെ യാത്ര അവസാനിപ്പിച്ച് ചരിത്രത്തിന്റെ ഭാഗമായി. കടുത്ത മത്സരവും ഇന്ധവിലയും ഉൾപ്പെടെ ഒട്ടേറെ പ്രതിസന്ധികൾ ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് നേരിട്ടു. എന്നാൽ തഖിയുദ്ദീൻ ഒരു മാസം കൂടി ജീവിച്ചിരുന്നെങ്കിൽ അവയെല്ലാം തരണം ചെയ്യുമായിരുന്നു എന്ന അഭിപ്രായക്കാരനാണ് വിനു വി. നായർ. അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ ഗൂഢാലോചന തിയറികളുണ്ടെങ്കിലും മലയാളിയോടുള്ള വൈരാഗ്യം കൊലപാതകത്തിന് പിന്നിലുണ്ടെന്ന് വിനു വി. നായർ വിശ്വസിക്കുന്നു. ചെറുപ്പത്തിൽ തന്നെ ഈസ്റ്റ് വെസ്റ്റ് എയർലൈൻസിൽ ജീവനക്കാരനായി ചേർന്ന അദ്ദേഹം ഗോവയിലെ സ്റ്റേഷൻ ഇൻ ചാർജ് ചുമത വഹിക്കവെയാണ് 1993 ൽ കൊച്ചി വിമാനത്താവളത്തിൽ ഈസ്റ്റ് വെസ്റ്റ് എയർലൈൻസിന്റെ ഡ്യൂട്ടി ഓഫീസറായി ചുമതലയേറ്റത്. എറണാകുളം എം.ജി റോഡിലെ ശീമാട്ടിക്ക് സമീപമായിരുന്നു കൊച്ചിയിലെ ഓഫീസ്.

അന്ത്യയാത്ര മറക്കാതെ...

തഖിയുദ്ദീൻ താലോലിച്ച് വളർത്തിയ സ്വന്തം ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് വിമാനം അദ്ദേഹത്തിന്റെ മൃതദേഹമടങ്ങിയ പേടകവുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ പറന്നിറങ്ങിയ കാഴ്ച വിനു വി. നായർ ഒരിക്കലും മറക്കില്ല. തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ മോശം കാലാവസ്ഥയെ തുടർന്ന് വിമാനം ബംഗ്ലൂർ വിമാനത്താവളത്തിലേക്ക് വഴി തിരിച്ചു വിടേണ്ടിവന്നത് യാദൃച്ഛികമല്ലെന്ന് അദ്ദേഹം വിശ്വസിക്കുന്നു. തഖിയുദ്ദീൻ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമായിരുന്നു ബംഗളൂർ. അവിടുത്തെ ജീവനക്കാർ അന്തിമോപചാരം അർപ്പിച്ച ശേഷമാണ് ഭൗതിക ശരീരവുമായി രാത്രി വൈകി വിമാനം തിരുവനന്തപുരത്ത് എത്തിയത്.


 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
INTERVIEW
img