02:03am 08 June 2026
NEWS
വൃക്ഷതൈ പരിപാലനത്തിന് എർത്ത് കെയർ 365 ഗ്രീൻ ഫോഴ്സ്; ഉദ്ഘാടനം നിർവഹിച്ച് കേണൽ രാജേന്ദ്ര ബാബു
06/06/2026  09:48 AM IST
nila
വൃക്ഷതൈ പരിപാലനത്തിന് എർത്ത് കെയർ 365 ഗ്രീൻ ഫോഴ്സ്; ഉദ്ഘാടനം നിർവഹിച്ച് കേണൽ രാജേന്ദ്ര ബാബു

പരിസ്ഥിതി ദിനത്തിൽ ചെടി നട്ട് മടങ്ങുന്ന രീതിക്ക് പകരം, വർഷം മുഴുവൻ വൃക്ഷതൈകൾ നട്ടുപിടിപ്പിക്കുകയും അവയുടെ സംരക്ഷണവും പരിപാലനവും ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ എർത്ത് കെയർ 365 ഗ്രീൻ ഫോഴ്സ് രൂപീകരിച്ചു. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഗ്രീൻ തിരിച്ചറിയൽ കാർഡുകളും എർത്ത് ഓഗർ മെഷീനുകളും വിതരണം ചെയ്ത് കേണൽ രാജേന്ദ്ര ബാബു പദ്ധതി ഉദ്ഘാടനം ചെയ്തു.

തൃശൂർ: പരിസ്ഥിതി പ്രശ്നങ്ങൾ ദിനംപ്രതി രൂക്ഷമാകുന്ന സാഹചര്യത്തിൽ അവയ്ക്ക് ദീർഘകാല പരിഹാരം കണ്ടെത്തുന്നതിനായി സസ്റ്റെയിനബിൾ ഇക്കോ ഫ്രണ്ട്ലി ടൂറിസം ഫോറം ആവിഷ്കരിച്ച 10 വർഷത്തെ കർമ്മപരിപാടി സംഘടനാ പ്രസിഡന്റ് സുധാകരൻ ചെങ്ങാലൂർ അവതരിപ്പിച്ചു.

പരിസ്ഥിതി ദിനത്തിൽ ഒരു ചെടി നട്ട് മടങ്ങുക എന്നതല്ല പദ്ധതിയുടെ ലക്ഷ്യമെന്നും, തരിശായി കിടക്കുന്ന സ്ഥലങ്ങളിലും താൽപര്യമുള്ളവരുടെ സ്വകാര്യ ഭൂമികളിലും ഫലവൃക്ഷങ്ങളും ഔഷധസസ്യങ്ങളും നട്ട് അവയുടെ ദീർഘകാല പരിപാലനം ഉറപ്പാക്കുന്നതിനായാണ് എർത്ത് കെയർ 365 ഗ്രീൻ ഫോഴ്സ് രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ചെടികൾ നടുന്നതിനാവശ്യമായ കുഴികൾ എടുക്കുന്നതിനുള്ള എർത്ത് ഓഗർ മെഷീനുകൾ ടീം അംഗങ്ങൾക്ക് വിതരണം ചെയ്തു. പൊതുസ്ഥലങ്ങളിൽ നടുന്ന വൃക്ഷങ്ങളുടെ പ്രൂണിങ്ങിനും പരിപാലനത്തിനും ആവശ്യമായ പുതിയ ഉപകരണങ്ങളുടെ രൂപകൽപ്പനയും പുരോഗമിച്ചുവരുന്നതായി അദ്ദേഹം അറിയിച്ചു.

പരിസ്ഥിതി സംരക്ഷകനും മുൻ പഞ്ചായത്ത് സെക്രട്ടറിയും കില ഫാക്കൽറ്റിയുമായ വി.കെ. ശ്രീധരൻ രക്ഷാധികാരിയായ എർത്ത് കെയർ 365 ഗ്രീൻ ഫോഴ്സിന് ഗ്രീൻ തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്യുകയും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.

എർത്ത് കെയർ 365 ഗ്രീൻ ഫോഴ്സിന്റെ ക്യാപ്റ്റനായ കേണൽ രാജേന്ദ്ര ബാബു ചെടികൾ നടുന്നതിനുള്ള എർത്ത് ഓഗർ മെഷീനുകൾ വിതരണം ചെയ്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. ലോക പരിസ്ഥിതി ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും അദ്ദേഹം പ്രവർത്തകരെ ഓർമിപ്പിച്ചു.

വരും ദിവസങ്ങളിൽ കൂടുതൽ സന്നദ്ധ പ്രവർത്തകരെ കണ്ടെത്തി ടീം വികസിപ്പിക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ പൊതുസ്ഥലങ്ങൾ, സ്കൂളുകൾ, സ്ഥാപനങ്ങൾ, സ്വകാര്യ ഭൂമികൾ എന്നിവിടങ്ങളിൽ വൃക്ഷതൈകൾ നട്ടുപിടിപ്പിച്ച് അവയുടെ സംരക്ഷണവും പരിപാലനവും ഉറപ്പാക്കുന്നതിനും പ്രവർത്തകർക്ക് നിർദേശം നൽകി.

പദ്ധതിയുടെ ഭാഗമായി കശുമാവിൻ തൈകൾ ലഭ്യമാക്കാൻ താൽപര്യമുണ്ടെന്ന് കേരള സ്റ്റേറ്റ് ഏജൻസി ഫോർ ദ എക്സ്പാൻഷൻ ഓഫ് കാഷ്യു കൾട്ടിവേഷൻ (KSACC) പ്രതിനിധി നീല്യ നിരൂപ അറിയിച്ചു.

പദ്ധതി ദീർഘകാലാടിസ്ഥാനത്തിൽ നടപ്പിലാക്കേണ്ടതായതിനാൽ യുവജനങ്ങളുടെ പങ്കാളിത്തം പരമാവധി പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും മൈ ഭാരതിൽ രജിസ്റ്റർ ചെയ്ത സംഘടനകളുടെ സഹകരണ സാധ്യതകളും മൈ ഭാരത് തൃശൂർ ജില്ലാ യൂത്ത് കോർഡിനേറ്റർ ബിൻസി വിശദീകരിച്ചു.

വിവിധ സർക്കാർ ഏജൻസികളുടെയും ജനപ്രതിനിധികളുടെയും സാമൂഹിക സംഘടനകളുടെയും സഹകരണത്തോടെ തൈ ഉൽപാദന കേന്ദ്രങ്ങളും നഴ്സറികളും ആരംഭിച്ച് ദീർഘകാല വൃക്ഷതൈ പരിപാലന ശൃംഖല രൂപപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി സംഘാടകർ അറിയിച്ചു.

ഇന്ന് നട്ട ഒരു വൃക്ഷം നാളത്തെ തലമുറയ്ക്ക് തണലും ഭക്ഷണവും ശുദ്ധവായുവും നൽകുന്ന സമ്പത്താണെന്നും പരിസ്ഥിതി സംരക്ഷണം ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും സസ്റ്റെയിനബിൾ ഇക്കോ ഫ്രണ്ട്ലി ടൂറിസം ഫോറം രക്ഷാധികാരിയും മുൻ സ്റ്റേറ്റ് ബാങ്ക് മാനേജറുമായ മുരളി പറഞ്ഞു. ഗവ്യസിദ്ധ പ്രചാരകനായ സദാനന്ദൻ വൈദ്യർ നന്ദി രേഖപ്പെടുത്തി.

ഈ പദ്ധതിയുമായി സഹകരിച്ച് വൃക്ഷതൈകൾ നട്ടുപിടിപ്പിക്കാനും പരിപാലിക്കാനും താൽപര്യമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സ്കൂളുകൾ, കോളേജുകൾ, സന്നദ്ധ സംഘടനകൾ, പൊതുപ്രവർത്തകർ, ഭൂവുടമകൾ എന്നിവർ കൂടുതൽ വിവരങ്ങൾക്കും പ്രവർത്തനങ്ങളുടെ ഏകോപനത്തിനുമായി 98479 797272, 99959 797272 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img