
ബഹിരാകാശത്തിന്റെ ഇരുട്ടിൽ ഭൂമിയും ചന്ദ്രനും ഒരുമിച്ച്... കാഴ്ച കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ
ന്യൂഡൽഹി: ഭൂമിയും ചന്ദ്രനും ഒരേ ഫ്രെയിമിൽ! ബഹിരാകാശത്തുനിന്നുള്ള അതിമനോഹരമായ ടൈം-ലാപ്‌സ് വീഡിയോ പങ്കുവെച്ച് പാതി മലയാളിയായ ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയ്ക്കിടെ സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ പേടകത്തിന്റെ ജനാലയിലൂടെ പകർത്തിയ ദൃശ്യങ്ങളാണ് അനിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ടൈം-ലാപ്‌സിന്റെ ഏകദേശം 45-ാം സെക്കൻഡിൽ ഓറിയോൺ നക്ഷത്രസമൂഹത്തിന്റെ ഉദയവും കാണാം. ദൃശ്യങ്ങളുടെ വേഗതയിൽ മാറ്റം വരുത്തിയാണ് വീഡിയോ തയ്യാറാക്കിയതെന്നും അനിൽ വ്യക്തമാക്കി.
15 എംഎം ലെൻസും അപ്പർച്ചർ പ്രയോറിറ്റി മോഡും ഓട്ടോ ഐഎസ്ഒയും ഉപയോഗിച്ചാണ് ദൃശ്യങ്ങൾ പകർത്തിയത്. ബഹിരാകാശത്തിന്റെ കറുത്ത പശ്ചാത്തലത്തിൽ നീല ഭൂമിയും ചന്ദ്രനും ഒരുമിച്ച് തെളിഞ്ഞുനിൽക്കുന്ന കാഴ്ചയാണ് വീഡിയോയുടെ പ്രധാന ആകർഷണം.
ജൂലായിലാണ് അനിൽ മേനോൻ റഷ്യൻ പേടകത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. ഒറ്റപ്പാലത്ത് കുടുംബ വേരുകളുള്ള അനിൽ എമർജൻസി മെഡിസിൻ ഡോക്ടറും മെക്കാനിക്കൽ എൻജിനിയറുമാണ്. കഴിഞ്ഞയാഴ്ച തന്റെ ആദ്യ ബഹിരാകാശ നടത്തവും അദ്ദേഹം വിജയകരമായി പൂർത്തിയാക്കിയിരുന്നു.
ബഹിരാകാശത്തുനിന്നുള്ള നിരവധി മനോഹര ചിത്രങ്ങളും ടൈം-ലാപ്‌സ് വീഡിയോകളും അനിൽ നേരത്തെയും പങ്കുവെച്ചിട്ടുണ്ട്. ഏറ്റവും പുതിയ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വലിയ പ്രതികരണമാണ് നേടുന്നത്.










