
വി എസ് എന്ന ദ്വയാക്ഷരം കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾക്കും ഇടതുപക്ഷ പ്രവർത്തകർക്കും മാത്രമല്ല, അനീതിക്കെതിരെ പ്രതികരിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളുടെയും ആവേശമായിരുന്നു. കണ്ണേ കരളേ വി എസേ എന്ന മുദ്രാവാക്യം ഏതെങ്കിലും പി ആർ കമ്പനിയുടെ സംഭാവനയും ആയിരുന്നില്ല. ആവേശം അലയടിച്ച പോരാട്ടമുഖങ്ങളിൽ അണികളുടെ ആത്മാവിൽ നിന്നും അലയടിച്ച ശബ്ദമായിരുന്നു അത്. നൂറ്റാണ്ട് പിന്നിട്ട വി എസ് എന്ന ജീവിതത്തിന് പകരം വെക്കാൻ രാഷ്ട്രീയ കേരളത്തിൽ മറ്റൊരാളില്ല എന്നതാണ് സത്യം. മാർക്സിസം ലെനിനിസം പഠിച്ച് കമ്മ്യൂണിസ്റ്റായ മനുഷ്യനല്ല വി എസ് അച്യുതാനന്ദൻ. താൻ നടന്ന കനൽവഴികൾ വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന മനുഷ്യനെ വി എസ് എന്ന കമ്മ്യൂണിസ്റ്റായി പരുവപ്പെടുത്തുകയായിരുന്നു.
ദാരിദ്ര്യവും പട്ടിണിയും അരക്ഷിതാവസ്ഥയുമൊക്കെയായിരുന്നു ബാല്യത്തിൽ ഈ മനുഷ്യന്റെ ഒപ്പമുണ്ടായിരുന്നത്. നാലാംവയസ്സിൽ അമ്മയും പതിനൊന്നാം വയസ്സിൽ അച്ഛനും മരിച്ചതോടെ പന്ത്രണ്ടാം വയസ്സിൽ ജ്യേഷ്ഠൻ ഗംഗാധരൻറെ തയ്യൽക്കടയിൽ സഹായിയായി. പിന്നീട് ആസ്പിൻവാൾ കയർ ഫാക്ടറിയിൽ തൊഴിലാളിയായ വിഎസ് 1939 ൽ സ്റ്റേറ്റ് കോൺഗ്രസിൽ ചേർന്നു. സ്വാതന്ത്ര്യസമരത്തിൻറെ ഭാഗമായി. വി എസ് എന്ന പോരാളിയുടെ ജനനം ആ കാലഘട്ടത്തിലായിരുന്നു.
1940 ൽ, തന്റെ പതിനേഴാം വയസ്സിലാണ് വി എസ് അച്യുതാനന്ദൻ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകുന്നത്. പുന്നപ്ര-വയലാർ സമരത്തിൻറെ ഭാഗമായി 1946 ഒക്ടോബർ 28 ന് പൊലീസിന്റെ പിടിയിലായി. പൂഞ്ഞാർ ലോക്കപ്പിൽവച്ച് അനുഭവിച്ചത് കൊടിയ മർദനം. തോക്കിൻറെ ബയണറ്റ് കാൽവെള്ളയിൽ തുളച്ചിറക്കി, കാലുകൾ ജയിലഴികൾക്കിടയിൽ കെട്ടിവെച്ചു കാൽപാദങ്ങൾ തല്ലിപ്പൊളിച്ചു. മരിച്ചെന്ന് കരുതി കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകവരെ ചെയ്തു. പുന്നപ്ര-വയലാർ സമരത്തിൻറെ പേരിൽ വിഎസ് മൂന്നുവർഷം തടവിനു ശിക്ഷിക്കപ്പെട്ടു.
രാഷ്ട്രീയ ജീവിതത്തിൽ വിഎസ് അഞ്ചുവർഷവും എട്ടുമാസവും ജയിൽജീവിതവും നാലരവർഷം ഒളിവുജീവിതവും നയിച്ചിട്ടുണ്ട്. പുന്നപ്ര-വയലാർ സമരത്തിൻറെ പേരിൽ മൂന്നുവർഷത്തെ ശിക്ഷയ്ക്ക് ശേഷം 1963 ൽ ചൈനീസ് ചാരൻ എന്ന പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടു. ഒരു വർഷം നീണ്ട ജയിൽവാസം. പിന്നീട്, 1975ൽ അടിയന്തരാവസ്ഥയെ തുടർന്ന് 20 മാസം ജയിൽ വാസം അനുഭവിച്ചു. അങ്ങനെ യൗവനകാലം മുഴുവൻ വേട്ടയാടപ്പെട്ടവനായി വിഎസിന് ജീവിക്കേണ്ടി വന്നു. എന്നാൽ, അവയ്ക്കൊന്നും കെടുത്തികളയാനാത്ത വിപ്ലവാഗ്നിയായിരുന്നു വിഎസ്.
വി.എസ്.അച്യുതാനന്ദൻ ജീവിതരേഖ
∙ജനനം: 1923 ഒക്ടോബർ 20
∙അച്ഛൻ: നോർത്ത് പുന്നപ്ര വെന്തലത്തറ വീട്ടിൽ ശങ്കരൻ.
∙അമ്മ: അക്കമ്മ.
∙വിദ്യാഭ്യാസം: പറവൂർ, കളർകോട്, പുന്നപ്ര സ്കൂളുകളിൽ ഏഴാം ക്ലാസ് വരെ.
∙നാലാംവയസ്സിൽ അമ്മയും പതിനൊന്നാം വയസ്സിൽ അച്ഛനും മരിച്ചു.
∙പന്ത്രണ്ടാം വയസ്സിൽ ജ്യേഷ്ഠൻ ഗംഗാധരൻറെ ഒപ്പം തയ്യൽക്കടയിൽ സഹായിയായി.
∙ആസ്പിൻവാൾ കയർ ഫാക്ടറിയിൽ തൊഴിലാളിയായി.
∙1939 ൽ സ്റ്റേറ്റ് കോൺഗ്രസിൽ ചേർന്നു സ്വതന്ത്ര്യസമരത്തിൻറെ ഭാഗമായി.
∙1940 ൽ പതിനേഴാം വയസിൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗം.
∙1946 ഒക്ടോബർ 28 ന് പുന്നപ്ര-വയലാർ സമരത്തിൻറെ ഭാഗമായി പൊലീസിന്റെ പിടിയിലായി. പൂഞ്ഞാർ ലോക്കപ്പിൽ കൊടിയ മർദനം ഏറ്റു. മൂന്നുവർഷം തടവിന് ശിക്ഷിക്കപ്പെട്ടു.
∙1952ൽ പാർട്ടി ആലപ്പുഴ ഡിവിഷൻ സെക്രട്ടറി.
∙1956 മുതൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറി.
∙1957 ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം.
∙1958 ൽ പാർട്ടിയുടെ കേന്ദ്രസമിതി അംഗം.
∙1963 ൽ ചൈനീസ് ചാരൻ എന്ന പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടു. ഒരു വർഷം നീണ്ട ജയിൽവാസം.
∙1964 ൽ പാർട്ടി നേതൃത്വത്തോട് കലഹിച്ച് ദേശീയ കൗൺസിലിൽനിന്ന് ഇറങ്ങിവന്ന് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) രൂപീകരിച്ച 32 അംഗങ്ങളിൽ ഒരാളായി.
∙1965 ലെ അസംബ്ലി തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽനിന്ന് ആദ്യമായി സ്ഥാനാർഥിയായി. കോൺഗ്രസിലെ കെ.കൃഷ്ണക്കുറുപ്പിനോടു തോറ്റു.
∙1967 ലെ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ കോൺഗ്രസ് സ്ഥാനാർഥി എ.അച്യുതനെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി.
∙1970 ൽ അമ്പലപ്പുഴയിൽനിന്നു നിയമസഭയിലേക്ക് തിരിഞ്ഞെടുക്കപ്പെട്ടു. ആർഎസ്പിയുടെ കുമാരപിള്ളയെയാണ് തോൽപിച്ചത്.
∙1975 ൽ അടിയന്തിരാവസ്ഥയെ തുടർന്ന് 20 മാസം ജയിൽ വാസം.
∙1977 ലെ അടിയന്തരാവസ്ഥ കഴിഞ്ഞുള്ള തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ ആർഎസ്പിയുടെ കുമാരപിള്ളയോടു പരാജയപ്പെട്ടു.
∙1980 മുതൽ 1992 വരെ തുടർച്ചയായി സിപിഎം സംസ്ഥാന സെക്രട്ടറി.
∙1985 ൽ സിപിഎം പൊളിറ്റ് ബ്യൂറൊ അംഗം.
∙1991 ൽ മാരാരിക്കുളത്ത് മത്സരിച്ചു. കോൺഗ്രസിലെ ഡി.സുഗതനെ 9980 വോട്ടുകൾക്ക് തോൽപിച്ചുകൊണ്ടായിരുന്നു വിഎസിൻറെ പാർലമെൻററി രംഗത്തേക്കുള്ള തിരിച്ചുവരവ്.
∙1996 ലെ തിരഞ്ഞെടുപ്പിൽ മാരാരിക്കുളത്ത് പരാജയപ്പെട്ടു.
∙2001 ൽ മലമ്പുഴ മണ്ഡലത്തിൽനിന്ന് മത്സരിച്ചു വിജയിച്ച വിഎസ് പ്രതിപക്ഷ നേതാവായി.
∙2006 ൽ മലമ്പുഴയിൽനിന്ന് 20,017 വോട്ടിൻറെ ഭൂരിപക്ഷത്തോടെ വി.എസ്. അച്യുതാനന്ദൻ കേരളത്തിൻറെ ഇരുപതാമത്തെ മുഖ്യമന്ത്രിയായി.
∙2011 ലും 2016 ലും വിഎസിൻറെ മണ്ഡലം മലമ്പുഴ തന്നെയായിരുന്നു. ഇരുവട്ടവും മണ്ഡലത്തിലെ വോട്ടർമാർ അദ്ദേഹത്തെ പിന്തുണച്ചു.
∙2011-2016 ൽ പ്രതിപക്ഷ നേതാവായി.
∙2016 ഓഗസ്റ്റ് 9 മുതൽ 2021 ജനുവരി 31 വരെ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ.
∙ദേശാഭിമാനിയുടെ പത്രാധിപരായി ഏഴു വർഷം പ്രവർത്തിച്ചു.
∙മാർക്സിസ്റ്റ് സൈദ്ധാന്തിക പ്രസിദ്ധീകരണമായിരുന്ന ചിന്തയുടെ പത്രാധിപരായിരുന്നു ദീർഘകാലം.
∙ഭാര്യ: വസുമതി
∙മക്കൾ: ഡോ. വി.വി. ആശ, വി.എ. അരുൺകുമാർ











