01:35pm 06 November 2026
NEWS
സ്തനാർബുദ പ്രതിരോധത്തിന് മുൻകൂട്ടിയുള്ള രോഗനിർണയം പ്രധാനം കലക്ടർ
04/11/2026  08:43 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സ്തനാർബുദ പ്രതിരോധത്തിന് മുൻകൂട്ടിയുള്ള രോഗനിർണയം പ്രധാനം കലക്ടർ
HIGHLIGHTS

വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയുടെ നേതൃത്വത്തിൽ ജെ.എൽ.എൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ സംഘടിപ്പിച്ച സ്തനാർബുദ ബോധവത്കരണ പരിപാടി ജില്ല കലക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി മെട്രോ സ്റ്റേഷനിൽ വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയുടെ നേതൃത്വത്തിൽ സ്തനാർബുദ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു . സ്തനാർബുദം പ്രതിരോധിക്കുന്നതിന് മുൻകൂട്ടിയുള്ള രോഗനിർണയം അതിപ്രധാനമാണെന്ന് ജില്ല കലക്ടറും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുമായ ജി. പ്രിയങ്ക. വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയുടെ നേതൃത്വത്തിൽ ജെ.എൽ.എൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ സംഘടിപ്പിച്ച സ്തനാർബുദ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ടർ. സ്തനാർബുദ ബോധവത്കരണവുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിലടക്കം നിരവധി പ്രവർത്തനങ്ങൾ നടന്നു വരുന്നുണ്ടെന്ന് കലക്ടർ വ്യക്തമാക്കി. തുടക്കത്തിലേ കണ്ടെത്തിയാൽ രോഗമുക്തി നിരക്ക് ഉയർത്താൻ നമുക്ക് സാധിക്കും. ജീവിതശൈലിയിലെ തെറ്റായ പ്രവണതകൾ നമ്മളെ രോഗികളാക്കുമെന്ന കാര്യം തിരിച്ചറിയണം. മാനസിക സമ്മർദ്ദം കുറയ്ക്കുക, പോഷകപ്രദമായ ഭക്ഷണം കഴിക്കുക, ആവശ്യത്തിന് ഉറങ്ങുക, ദിവസവും വ്യായാമം ചെയ്യുക, രാസവസ്തുക്കളുടെ ഉപയോഗം പരമാവധി ഒഴിവാക്കുക, നല്ല സാമൂഹിക ബന്ധങ്ങൾ സൂക്ഷിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആരോഗ്യകരമായ ജീവിതം നയിക്കാനാകുമെന്നും കലക്ടർ പറഞ്ഞു.

വി.പി.എസ് ലേക്‌ഷോര്‍ ഗ്രൂപ്പ് സി.ഇ.ഓ അഭിഷേക് പൊഡുരി അധ്യക്ഷത വഹിച്ചു.
 സ്തനാർബുദം മുൻകൂട്ടി കണ്ടെത്താനും അതിനുള്ള ശരിയായ ബോധവത്‌കരണം നൽകാനും സാധിച്ചാൽ, ശരിയായ ചികിത്സയിലൂടെ വലിയൊരു മാറ്റം ഉണ്ടാക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ചുവടുവെയ്പ്പുകൾക്ക് നിരവധി  ജീവനുകൾ രക്ഷിക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വി.പി.എസ് ലേക്‌ഷോര്‍ ഗൈനക്കോളജിക്കൽ, സർജിക്കൽ ഓങ്കോളജി ആന്‍ഡ് ബ്രെസ്റ്റ് സയൻസസ് വിഭാഗം മേധാവിയും ഡയറക്ടറുമായ ഡോ. കെ. ചിത്രതാര സ്തനാർബുദ ബോധവത്കരണ സന്ദേശം നൽകി.സ്തനാർബുദം തടയാനാകുന്നതും സ്ക്രീനിങ് വഴി കണ്ടെത്താനാകുന്നതും പൂർണ്ണമായി ഭേദമാക്കാനാകുന്നതുമാണെന്ന് അവർ പറഞ്ഞു. സ്തനാർബുദത്തിന്റെ തോത് വ്യാപകമായി ഉയർന്നുകൊണ്ടിരിക്കുകയാണ്. ഇത് മുൻകൂട്ടിയുള്ള സ്‌ക്രീനിംഗിൻ്റെ പ്രാധാന്യം വർധിപ്പിക്കുന്നു.
സ്തനാർബുദത്തിന് പലതരം ഘടകങ്ങൾ കാരണമാകാറുണ്ട്. ഒരു പ്രത്യേക കാരണം മാത്രമായി ചൂണ്ടിക്കാണിക്കാൻ കഴിയില്ല. അതിനാൽ രോഗം നേരത്തെ കണ്ടുപിടിച്ച് ചികിത്സയിലൂടെ ഭേദമാക്കുക എന്നതാണ് പ്രധാനമെന്നും അവർ കൂട്ടിച്ചേർത്തു. 

കെ.എം.ആർ.എൽ സിസ്റ്റംസ് ഡയറക്ടർ സഞ്ജയ് കുമാർ, ഓപറേഷൻസ് ആൻഡ് മെയിന്‍റനൻസ് വിഭാഗം ജനറൽ മാനേജർ ടി.സി. ജോൺസൺ, മാർക്കറ്റിംഗ് ചീഫ് മാനേജർ മുരളീകൃഷ്ണൻ എന്നിവർ സംസാരിച്ചു.

വി.പി.എസ് ലേക്‌ഷോര്‍ മെഡിക്കൽ സർവിസസ് ചീഫ് ഡോ. മറിയ വർഗീസ് സ്വാഗതവും കോർപറേറ്റ് കമ്യൂണിക്കേഷൻസ് മാനേജർ ടി. അനിൽകുമാർ നന്ദിയും പറഞ്ഞു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img