05:32pm 06 June 2026
NEWS
പെട്രോളിനേക്കാൾ 20 രൂപ കുറവ്; ഇന്ത്യയിൽ വിതരണം തുടങ്ങിയ ഇ85 ഇന്ധനം എന്തെന്നറിയാം..
06/06/2026  01:04 PM IST
nila
പെട്രോളിനേക്കാൾ 20 രൂപ കുറവ്; ഇന്ത്യയിൽ വിതരണം തുടങ്ങിയ ഇ85 ഇന്ധനം എന്തെന്നറിയാം..

ന്യൂഡൽഹി: പരിസ്ഥിതി സൗഹൃദ ഇന്ധന ഉപയോഗത്തിന് കൂടുതൽ പ്രോത്സാഹനം നൽകുന്ന നടപടിയുടെ ഭാഗമായി, 85 ശതമാനം എഥനോളും 15 ശതമാനം പെട്രോളും അടങ്ങിയ ഇ85 ഇന്ധനം ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വിപണിയിലെത്തിച്ചു. രാജ്യത്തെ ആദ്യ ഫ്ലെക്സ്-ഫ്യുവൽ വാഹനങ്ങൾ പുറത്തിറങ്ങിയതിന് പിന്നാലെയാണ് പുതിയ ഇന്ധനത്തിന്റെ വാണിജ്യ വിതരണത്തിന് തുടക്കമായത്.

ഡൽഹിയിലെ പുസ റോഡിലുള്ള ഇന്ത്യൻ ഓയിൽ ഔട്ട്‌ലെറ്റിൽ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിം​ഗ് പുരി ആദ്യ ഇ85 ഇന്ധന വിതരണ കേന്ദ്രം ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ആദ്യ വാണിജ്യ ഇ85 പമ്പും ഇതോടെയാണ് പ്രവർത്തനം ആരംഭിച്ചത്.

സാധാരണ പെട്രോളിനെ അപേക്ഷിച്ച് ഹരിതഗൃഹ വാതകങ്ങളുടെയും മറ്റ് മലിനീകരണ ഘടകങ്ങളുടെയും പുറന്തള്ളൽ 61 ശതമാനം വരെ കുറയ്ക്കാൻ ഇ85 ഇന്ധനത്തിന് കഴിയുമെന്ന് ഇന്ത്യൻ ഓയിൽ അറിയിച്ചു. ഫ്ലെക്സ്-ഫ്യുവൽ വാഹനങ്ങൾക്കായി പ്രത്യേകമായി വികസിപ്പിച്ച ഈ ഇന്ധനം നിലവിൽ ഡൽഹി-എൻസിആർ മേഖലയിലാണ് ലഭ്യമാകുന്നത്.

ആദ്യഘട്ടത്തിൽ ഡൽഹിയിലെ ഏഴ് റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴിയാണ് വിതരണം. ഡൽഹിയിൽ ഒരു ലീറ്റർ ഇ85 ഇന്ധനത്തിന്റെ വില 82.12 രൂപയാണ്. അതേസമയം ഇ20 പെട്രോളിന്റെ വില 102.12 രൂപയാണ്. ഇതോടെ പെട്രോളിനേക്കാൾ ഏകദേശം 20 രൂപയുടെ വിലക്കുറവാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി ഡൽഹി-എൻസിആർ, മുംബൈ, പുണെ, നാഗ്പൂർ കോറിഡോറുകളിലായി ആദ്യഘട്ടത്തിൽ 100 ഇ85 സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് മന്ത്രി അറിയിച്ചു. ഈ വർഷാവസാനത്തോടെ ഇത് 500 സ്റ്റേഷനുകളിലേക്കും, 2027 അവസാനത്തോടെ രാജ്യത്തെ പ്രധാന നഗരങ്ങളിലായി 5,000 ഔട്ട്‌ലെറ്റുകളിലേക്കും വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img