09:25pm 06 November 2026
NEWS
കൊടും ചതി! E20 പെട്രോളിൽ എഥനോൾ അളവ് 31.2 ശതമാനം വരെ; കർണാടകയിലെ പരിശോധനയിൽ ഗുരുതര കണ്ടെത്തൽ
06/11/2026  08:34 PM IST
nila
കൊടും ചതി! E20 പെട്രോളിൽ എഥനോൾ അളവ് 31.2 ശതമാനം വരെ; കർണാടകയിലെ പരിശോധനയിൽ ഗുരുതര കണ്ടെത്തൽ

E20 പെട്രോളിനെച്ചൊല്ലിയുള്ള വിവാദം പുതിയ തലത്തിലേക്ക്. പെട്രോളിൽ 20 ശതമാനം എഥനോൾ മാത്രമാണ് കലർത്തേണ്ടതെന്ന മാനദണ്ഡം നിലനിൽക്കെയാണ്, ഇതിലും ഉയർന്ന അളവിൽ എഥനോൾ കലർത്തിയ ഇന്ധനം വിപണിയിൽ വിൽക്കുന്നതായി കർണാടക സർക്കാരിന്റെ പരിശോധനയിൽ കണ്ടെത്തിയത്. ചില പമ്പുകളിൽ എഥനോളിന്റെ അളവ് 31.2 ശതമാനം വരെ ഉയർന്നതായാണ് പരിശോധനാഫലം.

സംസ്ഥാനത്തെ വിവിധ പെട്രോൾ പമ്പുകളിൽനിന്ന് 63 സാമ്പിളുകളാണ് കർണാടക സർക്കാർ ശേഖരിച്ചത്. ഇവ പരിശോധനയ്ക്കായി ഓയിൽ മാർക്കറ്റിങ് കമ്പനികൾക്ക് കൈമാറിയെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. ഇതോടെ സംശയം ശക്തമായ സർക്കാർ സാമ്പിളുകൾ സ്വകാര്യ ലാബുകളിലേക്ക് അയച്ച് വീണ്ടും പരിശോധിക്കുകയായിരുന്നു. ഈ പരിശോധനയിലാണ് അനുവദനീയമായ അളവിനേക്കാൾ കൂടുതൽ എഥനോൾ പല സാമ്പിളുകളിലും കണ്ടെത്തിയത്.

ഏറ്റവും കൂടുതൽ എഥനോൾ കണ്ടെത്തിയത് ഒരു കമ്പനിയുടെ പമ്പിൽനിന്നുള്ള സാമ്പിളിലാണ്. 31.2 ശതമാനമായിരുന്നു ഇതിലെ എഥനോളിന്റെ അളവ്. ഏറ്റവും കുറവ് കണ്ടെത്തിയ സാമ്പിളിൽ പോലും 25.5 ശതമാനം എഥനോൾ ഉണ്ടായിരുന്നു. അതായത് പരിശോധിച്ച സാമ്പിളുകളിലൊന്നിലും എഥനോളിന്റെ അളവ് നിശ്ചിത 20 ശതമാനത്തിൽ ഒതുങ്ങിയില്ലെന്നാണ് പുറത്തുവരുന്ന വിവരം.

പുതിയ കണ്ടെത്തൽ E20 പെട്രോൾ വാഹനങ്ങളിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകളും വർധിപ്പിച്ചിട്ടുണ്ട്. ഇന്ധനക്ഷമത കുറയുക, മൈലേജ് ഇടിയുക, എൻജിൻ തകരാറുകൾ ഉണ്ടാകുക, അറ്റകുറ്റപ്പണികൾക്കുള്ള ചെലവ് ഉയരുക തുടങ്ങിയ പരാതികൾക്കിടയിലാണ് പരിശോധനാഫലം പുറത്തുവന്നത്. നിശ്ചിത അളവിനേക്കാൾ കൂടുതൽ എഥനോൾ കലർത്തി പെട്രോൾ വിൽക്കുന്നത് ഉപഭോക്താക്കളെ വഞ്ചിക്കുന്നതിന് തുല്യമാണെന്ന വിമർശനവും ഉയരുന്നുണ്ട്.

അതേസമയം, അമിതമായ എഥനോൾ മിശ്രിതം മൂലം വാഹന ഉടമകൾക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കാൻ കേന്ദ്ര സർക്കാർ പ്രത്യേക നഷ്ടപരിഹാര ഫണ്ട് രൂപീകരിക്കണമെന്ന് കർണാടക ഭക്ഷ്യ, സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യ മന്ത്രി റിസ്‌വാൻ അർഷാദ് ആവശ്യപ്പെട്ടു. മൈലേജ് കുറയുന്നതും വാഹനങ്ങളുടെ അറ്റകുറ്റപ്പണി ചെലവ് വർധിക്കുന്നതും ഉൾപ്പെടെയുള്ള നഷ്ടങ്ങൾക്ക് വാഹന ഉടമകൾക്ക് ഈ ഫണ്ടിലൂടെ പരിഹാരം ഉറപ്പാക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img