
കൊച്ചി: അതിവേഗ റെയിൽ പദ്ധതിയിൽ മെട്രോമാൻ ഇ. ശ്രീധരന് തിരിച്ചടി. പദ്ധതിയുമായി ബന്ധപ്പെട്ട് ഇ ശ്രീധരന് ഔദ്യോഗിക ചുമതല നൽകിയിട്ടില്ലെന്ന് നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ വ്യക്തമാക്കി. പദ്ധതിയുടെ നടത്തിപ്പിനായി ഇ ശ്രീധരൻ സ്വന്തം നിലയിൽ ഓഫീസ് തുറന്ന് പ്രവർത്തനം ആരംഭിച്ചിരുന്നു. റെയിൽവേ മന്ത്രാലയത്തിന് നൽകിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ശ്രീധരന് ഇതുസംബന്ധിച്ച് ചുമതല നൽകിയിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
2023 ജൂൺ മുതൽ 2026 ഫെബ്രുവരി 6 വരെ കാലയളവിൽ കേരളത്തിലെ ഏതെങ്കിലും പദ്ധതിയുമായി ബന്ധപ്പെട്ട് ശ്രീധരനെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും, പദ്ധതികൾ വിലയിരുത്തുന്നതിനോ ഉപദേശം നൽകുന്നതിനോ അദ്ദേഹത്തെ നിയോഗിച്ചിട്ടില്ലെന്നും വിവരാവകാശ മറുപടിയിൽ പറയുന്നു.
ഇതോടെ കേന്ദ്ര അനുമതിയോ ഹൈസ്പീഡ് റെയിൽ കോർപ്പറേഷന്റെ ഔദ്യോഗിക ഉത്തരവോ ഇല്ലാതെ ശ്രീധരൻ ഓഫീസ് ആരംഭിച്ചത് എന്തിനാണെന്ന ചോദ്യവും ഉയർന്നിരിക്കുകയാണ്. അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ ചുമതലയെക്കുറിച്ച് നേരത്തേ വ്യക്തത നൽകാതെയായിരുന്നു കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് മറുപടി നൽകിയിരുന്നത്. രാജ്യസഭയിൽ എംപിമാരായ ഹാരിസ് ബീരാനും ജോൺ ബ്രിട്ടാസും ഉന്നയിച്ച ചോദ്യത്തിനായിരുന്നു അശ്വിനി വൈഷ്ണവ് വ്യക്തതയില്ലാത്ത മറുപടി നൽകി ഒഴിഞ്ഞുമാറിയത്.
അതിവേഗ പാതയുമായി ബന്ധപ്പെട്ട് ഡിപിആർ തയ്യാറാക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി തന്നോട് പറഞ്ഞിരുന്നുവെന്നും തന്റെ മേൽനോട്ടത്തിൽ ഡിഎംആർസി അത് ചെയ്യണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇ ശ്രീധരൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്കായി അദ്ദേഹം മലപ്പുറം പൊന്നാനിയിൽ ഓഫീസ് തുറക്കുകയും ചെയ്തിരുന്നു. സംസ്ഥാന സർക്കാർ മുന്നോട്ടുവെച്ച ആർആർടിഎസ് പദ്ധതിക്കെതിരെ ശ്രീധരൻ രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ആർആർടിഎസ് പദ്ധതി സാങ്കേതികമായി പ്രായോഗികമല്ലെന്നും നടപ്പാക്കാൻ കഴിയില്ലെന്നും പറഞ്ഞ അദ്ദേഹം, ഇതൊരു തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആണെന്ന് കുറ്റപ്പെടുത്തിയിരുന്നു. അതിവേഗ റെയിൽവേയുമായി താരതമ്യം ചെയ്യുമ്പോൾ ആർആർടിഎസ് ഒരു സിമ്പിൾ വേസ്റ്റ് ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു.











