
കോഴിക്കോട്: വടകര ഡിവൈഎസ്പി എ. ഉമേഷിനെ സസ്‌പെൻഡ് ചെയ്തു. അനാശാസ്യത്തിന് കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചെന്ന ആരോപണത്തിന് പിന്നാലെയാണ് നടപടി. ഉമേഷിന്റെ ഭാഗത്തുനിന്ന് ഗുരുതരവീഴ്ചയുണ്ടായെന്ന് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഉമേഷിനെ സസ്‌പെൻഡ് ചെയ്ത് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കിയത്.
കുറച്ചുദിവസം മുൻപ് ആത്മഹത്യ ചെയ്ത, ചെർപ്പുളശ്ശേരി എസ്എച്ച്ഒ ആയിരുന്ന ബിനു തോമസിന്റെ ആത്മഹത്യക്കുറിപ്പിലായിരുന്നു ഉമേഷിനെതിരേ ഗുരുതര ആരോപണം ഉണ്ടായിരുന്നത്. 11 വർഷം മുൻപ്, വടക്കഞ്ചേരി പൊലീസ് സ്‌റ്റേഷനിൽ ഉമേഷ് സിഐ ആയിരിക്കവേയാണ് ആരോപണത്തിന് ആധാരമായ സംഭവം നടന്നതെന്ന് ബിനു തോമസിന്റെ ആത്മഹത്യക്കുറിപ്പിൽ ഉണ്ടായിരുന്നു. അന്ന് സ്റ്റേഷനിലെ എസ്‌ഐ ആയിരുന്നു ബിനു.
ബിനു തോമസിന്റെ ആത്മഹത്യക്കുറിപ്പിലെ പരാമർശത്തിന് പിന്നാലെ പാലക്കാട് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം ആരംഭിക്കുകയും യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ബിനു തോമസ് ആത്മഹത്യക്കുറിപ്പിൽ പറഞ്ഞ കാര്യം ശരിയാണെന്നാണ് യുവതി മൊഴി നൽകിയത്.











