
ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി വി പി ശരത് പ്രസാദിനെതിരെ സംഘടനാ നടപടിയുണ്ടാകുമെന്ന് സൂചന. പാർട്ടി നേതാക്കൾക്കെതിരെ വി പി ശരത് പറഞ്ഞ ശബ്ദസന്ദേശം സിപിഎമ്മിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചു എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. സംഭവത്തിൽ ശരത് പ്രസാദിന്റെ വിശദീകരണം തേടിയ ശേഷമാകും നടപടി.
പ്രചരിക്കുന്ന ശബ്ദരേഖ സംബന്ധിച്ച് വിശദീകരണം നൽകാൻ ശരത്തിന് മൂന്ന് ദിവസത്തെ സാവകാശം നൽകും. മറുപടി തൃപ്തികരമല്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കും എന്നാണ് വിവരം. അതേസമയം, ശബ്ദരേഖയുടെ ആധികാരികത ശരത് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ഇത് അഞ്ച് വർഷം മുമ്പുള്ള സംഭവമാണെന്നും സഹപ്രവർത്തകർ ഇത് റെക്കോർഡ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് കരുതിയില്ലെന്നും ശരത് പറയുന്നു.
ഒരു ഘട്ടം കഴിഞ്ഞാൽ സിപിഎം നേതാക്കൾ സാമ്പത്തികമായി ലെവൽ മാറുമെന്ന ശരത് പ്രസാദിന്റെ ശബ്ദ സന്ദേശമാണ് പുറത്ത് വന്നത്. സിപിഎം നേതാക്കൾ അവരവരുടെ കാര്യം നോക്കാൻ നല്ല മിടുക്കന്മാരാണെന്ന് ശരത് പ്രസാദ് പറയുന്നു. എം കെ കണ്ണന് കോടാനുകോടി സ്വത്തുണ്ട്. രാഷ്ട്രീയം കൊണ്ട് രക്ഷപ്പെട്ടത് എം കെ കണ്ണന്റെ കപ്പലണ്ടി കച്ചവടം ആയിരുന്നുവെന്നും ശരത് പ്രസാദിന്റെ ശബ്ദ സന്ദേശത്തിലുണ്ട്.











