11:09pm 15 June 2026
NEWS
പ്രസ് മീറ്റുകളിൽ പൂത്തിത്തരം, നിയമനങ്ങളിൽ എമ്പോക്കിത്തരം; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ
15/06/2026  06:00 PM IST
nila
പ്രസ് മീറ്റുകളിൽ പൂത്തിത്തരം, നിയമനങ്ങളിൽ എമ്പോക്കിത്തരം; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

തൃശൂർ: സംസ്ഥാന സർക്കാരിന്റെ നിയമനങ്ങളും ഭരണനടപടികളും ആർഎസ്എസ് അനുകൂല നിലപാടുകളുടെ ഭാഗമാണെന്ന് ആരോപിച്ച് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് രംഗത്തെത്തി. മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാർത്താസമ്മേളനങ്ങളിൽ യാഥാർഥ്യ പ്രശ്നങ്ങൾ മറച്ചുവച്ച് ഉപരിപ്ലവമായ വിശദീകരണങ്ങൾ മാത്രമാണ് നൽകുന്നതെന്നും, വിവിധ നിയമനങ്ങളിൽ സ്വന്തക്കാരെ തിരുകിക്കയറ്റുന്ന പ്രവണതയാണ് സർക്കാരിനുള്ളതെന്നും അദ്ദേഹം വിമർശിച്ചു. മുഖ്യമന്ത്രിയുടെ പ്രസ് മീറ്റുകളിൽ പൂക്കി ടൈപ്പ് വർത്തമാനങ്ങൾ മാത്രമാണുള്ളതെന്നും, നിയമനങ്ങളിൽ സ്വന്തക്കാരെ കുത്തിനിറയ്ക്കുന്ന 'എമ്പോക്കിത്തര'മാണ് നടക്കുന്നതെന്നുമായിരുന്നു വി കെ സനോജിന്റെ വിമർശനം. 

ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി ബി. അശോകിനെ നിയമിച്ചതിനെ ചൂണ്ടിക്കാട്ടി, ഇത് ആർഎസ്എസ്–യുഡിഎഫ് ധാരണയുടെ ഭാഗമാണെന്ന് സനോജ് ആരോപിച്ചു. അദ്ദേഹത്തിന്റെ മുൻകാല നിലപാടുകളും ബന്ധങ്ങളും പരിശോധിച്ചാൽ സംഘപരിവാർ അനുകൂലത വ്യക്തമാകുമെന്നും, ഈ നിയമനങ്ങളുടെ പശ്ചാത്തലം സർക്കാർ ജനങ്ങളോട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പങ്കെടുത്ത പരിപാടിയിൽ കേരളത്തിലെ ചില സർവകലാശാല വൈസ് ചാൻസലർമാർ പങ്കെടുത്ത സംഭവത്തെയും അദ്ദേഹം വിമർശിച്ചു. പിന്നീട് മാപ്പുപറഞ്ഞതുകൊണ്ട് മാത്രം വിഷയത്തിലെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിവാകാനാവില്ലെന്നും സനോജ് പറഞ്ഞു.

സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതികൾക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകർ തന്നെ സർക്കാരിന്റെ നിയമ പ്രതിനിധികളാകുന്ന സാഹചര്യം നിലവിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫും ആർഎസ്എസും തമ്മിലുള്ള രഹസ്യധാരണകളുടെ കൂടുതൽ തെളിവുകൾ ദിവസേന പുറത്തുവരുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ വിമർശനം.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫിലേക്കുള്ള പുതിയ നിയമനത്തെയും ഡി വൈ എഫ് ഐ വിമർശിച്ചു. കഞ്ചാവ് കേസിലെ പ്രതിയുടെ സഹോദരനും യൂത്ത് കോൺഗ്രസ് നേതാവുമായ നഹാസ് പത്തനംതിട്ടയെ നിയമിച്ചതിനെതിരെ വി.കെ. സനോജ് ശക്തമായി പ്രതികരിച്ചു.

കേസിന്റെ അന്വേഷണം മുന്നോട്ടുപോയാൽ നഹാസ് പ്രതിപ്പട്ടികയിൽ ഉൾപ്പെടാൻ സാധ്യതയുണ്ടെന്ന സാഹചര്യത്തിൽ, മയക്കുമരുന്ന് വിരുദ്ധ നടപടികൾക്ക് നേതൃത്വം നൽകുന്ന ഓഫീസിൽ അദ്ദേഹത്തെ നിയമിച്ചത് ഗുരുതരമായ വീഴ്ചയാണെന്ന് സനോജ് ആരോപിച്ചു. ഇത് കേസിന്റെ അന്വേഷണത്തെ ബാധിക്കാനും അട്ടിമറിക്കാനും ഇടയാക്കുമെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു.

ഇത്തരം നിയമനങ്ങൾക്കെതിരെ ഡി വൈ എഫ് ഐ ശക്തമായ പ്രതിഷേധം തുടരുമെന്നും സനോജ് വ്യക്തമാക്കി. കൂടാതെ, സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചിരുന്ന ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ബസുകളാക്കി മാറ്റുന്നതിലൂടെ യാത്രക്കാരെ സർക്കാർ വഞ്ചിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img