
കളമശ്ശേരി: സാമൂഹ്യ പ്രവർത്തനവും പൊതുജനാരോഗ്യവും -സംയുക്ത പാതകൾ എന്ന പ്രമേയത്തിൽ ജനുവരി 7, 8, 9 തീയതികളിൽ രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് കളമശ്ശേരി ഹിൽ ക്യാമ്പസിൽ നടത്തപ്പെടുന്ന ദ്യുതി 2026 അന്താരാഷ്ട്ര സമ്മേളനം എഡിൻബറ സർവകലാശാലയിലെ സോഷ്യൽ വർക്ക് – റെഫ്യൂജി പഠന വിഭാഗത്തിലെ പേഴ്സണൽ ചെയർ പ്രൊഫ.ജോർജ് പാലാട്ടിയിൽ ഉദ്‌ഘാടനം ചെയ്തു. ആധുനിക സമൂഹം നേരിടുന്ന സങ്കീർണ്ണമായ സാമൂഹിക-ആരോഗ്യ വെല്ലുവിളികളെ അതിജീവിക്കാൻ സാമൂഹ്യ പ്രവർത്തനവും പൊതുജനാരോഗ്യവും തമ്മിലുള്ള ഏകോപിതമായ പ്രവർത്തനം അത്യന്താപേക്ഷിതമാണെന്നും ആരോഗ്യപരിപാലനവും സാമൂഹികക്ഷേമവും പരസ്പരപൂരകങ്ങളായി ഒരേ പാതയിലൂടെ സഞ്ചരിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും പ്രൊഫ.ജോർജ് പാലാട്ടിയിൽ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. മൂന്ന് ദിവസത്തെ സമ്മേളനം സോഷ്യൽ വർക്ക് ഡിപ്പാർട്മെന്റും പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (PHFI)യുമായി സഹകരിച്ചാണ് സംഘടിപ്പിക്കുന്നത്.ഉദ്ഘാടന ചടങ്ങിൽ, രാജഗിരി സ്ഥാപനങ്ങളുടെ മാനേജറും സി.എം.ഐ സേക്രഡ് ഹാർട്ട് പ്രൊവിൻഷ്യലുമായ ഫാ. ബെന്നി നൽക്കര സി.എം.ഐ., AHPI, ANBAI, CAHO എന്നീ ദേശീയ ആരോഗ്യ സംഘടനകളുടെ സ്ഥാപകനും പേട്രണുമായ ഡോ. അലക്സാണ്ടർ തോമസ്, രാജഗിരി കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഫാ. സാജു എം.ഡി., സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡോ. കിരൺ തമ്പി , ഡോ. സിസ്റ്റർ സുനിറോസ് ഐ.പി. അസി. പ്രൊഫ. മാത്യു ടി. ജോൺ എന്നിവർ സന്നിഹിതരായിരുന്നു
Photo Courtesy - Google







