10:53am 27 October 2026
NEWS
ദുബായിൽ നമ്പർ പ്ലേറ്റ് ലേലം പൊടിപൊടിച്ചു; CC44 സ്വന്തമാക്കിയത് 17.43 കോടി രൂപയ്ക്ക്
27/10/2026  09:58 AM IST
nila
ദുബായിൽ നമ്പർ പ്ലേറ്റ് ലേലം പൊടിപൊടിച്ചു; CC44 സ്വന്തമാക്കിയത് 17.43 കോടി രൂപയ്ക്ക്

 

ദുബായ്: ഇഷ്ട നമ്പറിലുള്ള വാഹന രജിസ്ട്രേഷൻ പ്ലേറ്റുകൾ സ്വന്തമാക്കാൻ വൻതുക മുടക്കാൻ ആളുകൾ തയ്യാറായതോടെ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (ആർടിഎ) 121-ാമത് നമ്പർ പ്ലേറ്റ് ലേലം ശ്രദ്ധേയമായി. ലേലത്തിലൂടെ ആകെ ലഭിച്ചത് 6.5721 കോടി ദിർഹമാണ്. ഇന്ത്യൻ രൂപയിൽ ഏകദേശം 170.48 കോടി രൂപ വരുമിത്.

ലേലത്തിൽ ഏറ്റവും ഉയർന്ന തുക ലഭിച്ചത് CC44 എന്ന നമ്പർ പ്ലേറ്റിനാണ്. 67.2 ലക്ഷം ദിർഹത്തിന് വിറ്റ ഈ പ്ലേറ്റിന്റെ ഇന്ത്യൻ രൂപയിലെ മൂല്യം ഏകദേശം 17.43 കോടി രൂപയാണ്. BB18 എന്ന നമ്പർ പ്ലേറ്റ് 66.2 ലക്ഷം ദിർഹത്തിന് (ഏകദേശം 17.17 കോടി രൂപ) വിറ്റപ്പോൾ BB80ന് ലഭിച്ചത് 59 ലക്ഷം ദിർഹമാണ്. ഏകദേശം 15.30 കോടി രൂപയാണ് BB80 സ്വന്തമാക്കാൻ ചെലവായത്.

BB117 എന്ന നമ്പർ പ്ലേറ്റ് 10.16 ലക്ഷം ദിർഹത്തിനാണ് ലേലത്തിൽ പോയത്. ഇന്ത്യൻ രൂപയിൽ ഏകദേശം 2.64 കോടി രൂപ വരുമിത്. ആദ്യ മൂന്ന് നമ്പർ പ്ലേറ്റുകളുടെ വിൽപ്പനയിലൂടെ മാത്രം 1.914 കോടി ദിർഹം ലഭിച്ചു. ഏകദേശം 49.64 കോടി രൂപ വരുന്ന ഈ തുക ആകെ ലേലവരുമാനത്തിന്റെ 29 ശതമാനത്തോളം വരും.

രണ്ടു മുതൽ അഞ്ചുവരെ അക്കങ്ങളുള്ള 60 നമ്പർ പ്ലേറ്റുകളാണ് ലേലത്തിൽ ഉൾപ്പെടുത്തിയിരുന്നത്. AA, BB, CC, H, U, V, W, X, Y, Z എന്നീ കോഡുകളിലുള്ള പ്ലേറ്റുകളാണ് വിൽപ്പനയ്ക്കെത്തിയത്. ലേലത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും തുല്യാവസരം ഉറപ്പാക്കുന്ന രീതിയാണ് പിന്തുടരുന്നതെന്ന് ആർടിഎ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img