10:10pm 06 August 2026
NEWS
ദുബായിൽ സ്ഫോടന പരമ്പര; 20 മിനിറ്റിനിടെ ഏഴ് സ്ഫോടനങ്ങൾ; യെമനിൽ നിന്നുള്ള മിസൈൽ ആക്രമണമെന്ന് റിപ്പോർട്ട്
05/08/2026  03:25 PM IST
nila
ദുബായിൽ സ്ഫോടന പരമ്പര; 20 മിനിറ്റിനിടെ ഏഴ് സ്ഫോടനങ്ങൾ; യെമനിൽ നിന്നുള്ള മിസൈൽ ആക്രമണമെന്ന് റിപ്പോർട്ട്

ദുബായ്: യുഎഇയിലെ ഏറ്റവും പ്രധാനപ്പെട്ട ലോജിസ്റ്റിക്‌സ്-വാണിജ്യ കേന്ദ്രങ്ങളിലൊന്നായ ജെബൽ അലി വ്യവസായ മേഖലയ്ക്ക് സമീപം ബുധനാഴ്ച പുലർച്ചെ തുടർച്ചയായ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. ജെബൽ അലി പോർട്ടിനും സമീപ വ്യവസായ മേഖലയ്ക്കും സമീപത്തായി ഏകദേശം 20 മിനിറ്റിനിടെ കുറഞ്ഞത് ഏഴ് സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാനിലെ മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

സ്ഫോടനങ്ങൾക്ക് പിന്നാലെ പ്രദേശത്ത് കനത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ജെബൽ അലി പോർട്ടിനോട് ചേർന്നുള്ള ഇന്ധന സംഭരണ കേന്ദ്രത്തിൽ തീപിടിത്തമുണ്ടായതായി നാസയുടെ തെർമൽ ഇമേജറി സൂചിപ്പിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

അതേസമയം, സ്ഫോടനത്തിന് പിന്നിലെ യഥാർത്ഥ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് യുഎഇ അധികൃതർ അറിയിച്ചു. സംഭവത്തിൽ ഉണ്ടായ നാശനഷ്ടങ്ങളെയോ ആളപായത്തെയോ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം.

യെമനിൽ നിന്ന് വിക്ഷേപിച്ച മിസൈൽ ആക്രമണമാണ് സ്ഫോടനങ്ങൾക്ക് കാരണമെന്ന് മെഹർ വാർത്താ ഏജൻസി അവകാശപ്പെടുന്നു. ഹൂതി വിമതരുടെ ആക്രമണമാകാമെന്ന സംശയം ചില പ്രാദേശിക മാധ്യമങ്ങൾ ഉന്നയിച്ചിട്ടുണ്ടെങ്കിലും, ഇതുസംബന്ധിച്ച് യുഎഇയോ മറ്റ് ഔദ്യോഗിക ഏജൻസികളോ സ്ഥിരീകരണം നൽകിയിട്ടില്ല.

ഇതിനിടെ, യെമൻ തലസ്ഥാനമായ സനായിലും സമാനസമയത്ത് സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ രണ്ടുപേരെ യുഎഇ അധികൃതർ കസ്റ്റഡിയിലെടുത്തതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇറാൻ–അമേരിക്കൻ സംഘർഷവും പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കൂടുതൽ സങ്കീർണമാകുകയും ചെയ്യുന്ന സാഹചര്യത്തിൽ, ജെബൽ അലി സംഭവവും ഗൾഫ് മേഖലയിലെ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന്റെ കാരണം സംബന്ധിച്ച ഔദ്യോഗിക വിശദീകരണത്തിനായി കാത്തിരിക്കുകയാണ് ലോകം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img