10:19pm 19 May 2026
NEWS
ലഹരി നൽകി ബോധം കെടുത്തിയ ശേഷം കൂട്ടബലാത്സം​ഗം; ദൃശ്യങ്ങൾ ചിത്രീകരിച്ച് സ്വന്തം വീട്ടുകാർക്കും അയച്ചുകൊടുത്തു; പിടിയിലായ യുവതികൾ അന്താരാഷ്ട്ര മാഫിയാ സംഘത്തിലെ കണ്ണികൾ
19/05/2026  09:12 PM IST
nila
ലഹരി നൽകി ബോധം കെടുത്തിയ ശേഷം കൂട്ടബലാത്സം​ഗം; ദൃശ്യങ്ങൾ ചിത്രീകരിച്ച് സ്വന്തം വീട്ടുകാർക്കും അയച്ചുകൊടുത്തു; പിടിയിലായ യുവതികൾ അന്താരാഷ്ട്ര മാഫിയാ സംഘത്തിലെ കണ്ണികൾ

കൊച്ചി: ജോലി വാ​ഗ്ദാനം ചെയ്ത് യുവതികളെ വിദേശത്ത് എത്തിച്ച് സെക്സ് റാക്കറ്റിന് കൈമാറിയ കേസിൽ മൂന്നു യുവതികൾ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിലെ ആദ്യ അഞ്ചു പ്രതികളും മലയാളി യുവതികളാണ്. ഇവരിൽ മൂന്നു പേരാണ് അറസ്റ്റിലായത്. തിരുവനന്തപുരം സ്വദേശിയും കൊച്ചിയിൽ മോഡലുമായ അലീന ഏബ്രഹാം, ദുബായിൽ ഇവന്റ് മാനേജ്മന്റ് സ്ഥാപനം നടത്തുന്ന പെരുമ്പാവൂർ കോട്ടപ്പടി സ്വദേശി സ്റ്റോയ്സി എന്ന സിന്ധു, പൊന്നാനി സ്വദേശി മഞ്ജിമ എന്നിവരാണ് അറസ്റ്റിലായത്. സിന്ധുവാണ് കേസിലെ ഒന്നാം പ്രതി. അലീന മൂന്നാം പ്രതിയും മഞ്ജിമ നാലാം പ്രതിയുമാണ്. കോടതിയിൽ ഹാജരാക്കിയ ഇവരെ മൂന്നുപേരെയും റിമാൻഡ് ചെയ്തു. ഇവർ അന്താരാഷ്ട്ര മാഫിയാ സംഘത്തിലെ കണ്ണികളെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.  

മോഡലിങ്, മേക്കപ്പ് ആർട്ടിസ്റ്റ്, ബ്യൂട്ടി പാർലർ ജോലി തുടങ്ങിയ വാഗ്ദാനങ്ങൾ നൽകി യുവതികളെ ദുബായിലേക്ക് കൊണ്ടുപോയ ശേഷം ക്രൂരമായ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നാണ് അന്വേഷണ സംഘം പറയുന്നത്. ദുബായിൽ ജോലി വാഗ്ദാനം ചെയ്ത് എത്തിച്ച ഒരു യുവതി നൽകിയ പരാതിയാണ് കേസിന് വഴിത്തിരിവായത്.

യുവതിയുടെ മൊഴിപ്രകാരം, ദുബായിൽ എത്തിയ ഉടൻ തന്നെ ഒരു ഫ്ലാറ്റിലേക്ക് കൊണ്ടുപോയി. അവിടെ നിരവധി പെൺകുട്ടികൾ തടവിലാക്കിയ നിലയിലുണ്ടായിരുന്നു. തുടർന്ന് ഫോണും പാസ്പോർട്ടും പിടിച്ചെടുത്ത സംഘം, “ക്ലയന്റുകളെ” കാണണമെന്ന് നിർബന്ധിച്ചു. ഇത് എതിർത്ത യുവതിയെ മർദിക്കുകയും ലഹരിമരുന്ന് നൽകി ബോധരഹിതയാക്കുകയും ചെയ്തുവെന്നാണ് പരാതി. പിന്നീട് കൂട്ടബലാത്സംഗത്തിനിരയാക്കിയതോടൊപ്പം ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും യുവതി വെളിപ്പെടുത്തി. നഗ്നദൃശ്യങ്ങൾ വീട്ടുകാരിലേക്ക് അയച്ചുകൊടുത്ത് മാനസികമായി തകർക്കാനും സംഘം ശ്രമിച്ചുവെന്നാണ് പരാതി. ഒരു മാസത്തോളം നീണ്ട പീഡനങ്ങൾക്കൊടുവിൽ ബന്ധുവിന്റെ സഹായത്തോടെ രക്ഷപ്പെട്ട യുവതി മരട് പൊലീസിൽ പരാതി നൽകി. സമാന അനുഭവം നേരിട്ട മറ്റൊരു യുവതിയും പിന്നീട് പൊലീസിനെ സമീപിച്ചിട്ടുണ്ട്.

കേസ് അതീവ ഗൗരവമുള്ളതാണെന്ന് കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കി. ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്. എറണാകുളം എസിപി കെ.ജി. സുരേഷ് അന്വേഷണത്തിന് നേതൃത്വം നൽകും. കൂടുതൽ പരാതികളും അറസ്റ്റുകളും ഉണ്ടാകാനിടയുണ്ടെന്ന് പൊലീസ് അറിയിച്ചു.

പ്രതികളായ സിന്ധുവും അലീനയും സമൂഹമാധ്യമങ്ങൾ വഴി യുവതികളെ കണ്ടെത്തി വിദേശത്തേക്ക് എത്തിച്ചിരുന്ന ഏജന്റുമാരാണെന്നാണ് പൊലീസ് നിഗമനം. ഇക്കഴിഞ്ഞ ജനുവരിയിൽ ദുബായിൽ ഫാഷൻ വർക്‌ഷോപ്പ് സംഘടിപ്പിക്കുന്നതായി അലീന സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

അലീനയ്ക്ക് ഗുണ്ടാസംഘങ്ങളുമായുള്ള ബന്ധവും അന്വേഷണ പരിധിയിലുണ്ട്. കഴിഞ്ഞ നവംബറിൽ വൈറ്റിലയിലെ ഹോട്ടലിലുണ്ടായ വടിവാൾ ആക്രമണക്കേസിലും അലീന അറസ്റ്റിലായിരുന്നു. ചില ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

കേസെടുത്ത വിവരം മനസ്സിലാക്കിയ ശേഷം വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച സിന്ധുവിനെ മുംബൈ വിമാനത്താവളത്തിൽ ലുക്ക്ഔട്ട് സർക്കുലറിന്റെ അടിസ്ഥാനത്തിൽ തടഞ്ഞു. തുടർന്ന് പൊലീസ് സംഘം എത്തി പ്രതിയെ കൊച്ചിയിലെത്തിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img