02:34pm 12 November 2026
NEWS
പ്രവാസലോകത്തെ കണ്ണീരിലാഴ്ത്തി നാലു കുട്ടികൾക്ക് ദാരുണാന്ത്യം; കബറടക്കം ഇന്ന്
06/01/2026  12:01 PM IST
nila
പ്രവാസലോകത്തെ കണ്ണീരിലാഴ്ത്തി നാലു കുട്ടികൾക്ക് ദാരുണാന്ത്യം; കബറടക്കം ഇന്ന്

ദുബായ്: അബുദാബി–ദുബായ് റോഡിൽ ഗന്തൂത്തിനടുത്തുണ്ടായ ദാരുണ വാഹനാപകടത്തിൽ ജീവൻ നഷ്ടമായത് ഒരേ കുടുംബത്തിലെ നാലു കുട്ടികൾക്ക്. മലപ്പുറം തിരൂർ കിഴിശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫിന്റെയും വടകര കുന്നുമ്മക്കര സ്വദേശിനി റുക്സാനയുടെയും മക്കളായ അഷാസ് (14), അമ്മാർ (12), അസാം (8), അയാഷ് (5) എന്നിവരാണ് മരിച്ചത്. നാലുപേരുടെയും സംസ്കാര ചടങ്ങുരൾ ഇന്ന് ദുബായിൽ നടക്കും.  മയ്യിത്ത് നമസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് ദുബായ് മുഹൈസിന 2 (സോണാപൂർ) അൽ ഷുഹാദ പള്ളിയിൽ നടക്കും.

നമസ്കാരത്തിന് ശേഷം പള്ളിക്ക് സമീപമുള്ള കബർസ്ഥാനിൽ നാലു സഹോദരങ്ങളെയും സംസ്കരിക്കും. ഇതിന് മുൻപ് അബുദാബിയിലും പ്രത്യേക പ്രാർഥനകൾ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. നാടിനെയും പ്രവാസി സമൂഹത്തെയും കണ്ണീരിലാഴ്ത്തിയ വിയോഗത്തിൽ അന്ത്യോപചാരം അർപ്പിക്കാൻ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

അബുദാബി ലിവ ഫെസ്റ്റിവലിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് കുടുംബം ഞായറാഴ്ച പുലർച്ചെ അപകടത്തിൽപ്പെട്ടത്. അപകടം നടന്ന ദിവസം തന്നെ മൂന്ന് കുട്ടികളും വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശിനി ബുഷ്റ (48)യും മരണപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അസാം തിങ്കളാഴ്ച രാത്രിയിലാണ് മരിച്ചത്.

കുടുംബം സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് റോഡ് ഡിവൈഡറിലിടിച്ച് മറിഞ്ഞതാണ് അപകടകാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. അപകടത്തിൽ പരുക്കേറ്റ അബ്ദുൽ ലത്തീഫും ഭാര്യ റുക്സാനയും ഏക മകൾ ഇസ്സയും അബുദാബി ഷെയ്ഖ് ഷഖ്ബൂത്ത് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ അബ്ദുൽ ലത്തീഫിന്റെയും ഇസ്സയുടെയും ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു. റുക്സാന നിരവധി ശസ്ത്രക്രിയകൾക്ക് വിധേയയായി ചികിത്സയിൽ തുടരുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img