
മദ്യലഹരിയിൽ പൊലീസിനെ അസഭ്യം പറയുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. . ഛത്തീസ്ഗഢിലെ കോർബ ജില്ലയിലെ ടിപി നഗറിലെ സിഎസ്ഇബി ഔട്ട്‌പോസ്റ്റിനടുത്തുള്ള നിശാക്ലബ്ബിന് മുന്നിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച്ച അർദ്ധരാത്രിയിലാണ് യുവതി മദ്യലഹരിയിൽ പൊലീസുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും പൊലീസുകാരെ അസഭ്യം പറയുകയും ചെയ്തത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
നിശാക്ലബ്ബിൽ രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കം തെരുവിലേക്ക് എത്തുകയായിരുന്നു. സംഘർഷമറിഞ്ഞ് പൊലീസെത്തിയെങ്കിലും ഇരുവിഭാഗത്തെയും അക്രമത്തിൽ നിന്നും പിന്തിരിപ്പിക്കാനായില്ല. ഇതിനിടെയാണ് മദ്യലഹരിയിൽ യുവതി പൊലീസിനുനേരേ തിരിഞ്ഞത്. തനിക്കൊപ്പമുള്ളത് ഭർത്താവാണെന്നും യുവതി പൊലീസിനോട് പറയുന്നുണ്ട്.
പൊലീസ് യുവതിയോട് പോകാൻ പറഞ്ഞിട്ടും ഉദ്യോഗസ്ഥർക്കു നേരേ ഇവർ ചീത്തവിളി തുടരുകയായിരുന്നു. സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ല. കൂടുതൽ അന്വേഷണം തുടരുകയാണെന്നും പരാതി ലഭിച്ചാൽ ഉടൻ നടപടി സ്വീകരിക്കുമെന്നും പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.











