
ദോഹ: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിക്കടത്തിന്റെ പുതിയ വെല്ലുവിളികളെക്കുറിച്ച് മുന്നറിയിപ്പുമായി ജി.സി.സി ലഹരിവിരുദ്ധ ക്രിമിനൽ ഇൻഫർമേഷൻ സെന്റർ (GCC-CICCD) ഡയറക്ടർ കേണൽ മുഹമ്മദ് അബ്ദുള്ള അൽ ഖാതർ. ലഹരി ഭീഷണി ഇപ്പോൾ പരമ്പരാഗത കടത്തുരീതികളിൽ മാത്രം ഒതുങ്ങുന്നില്ലെന്നും, യുവാക്കളെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയും ഡിജിറ്റൽ ഇടങ്ങളും വഴി ലഹരിപ്രചാരണം ശക്തമാകുന്നതാണ് പുതിയ വെല്ലുവിളിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'ആഗോള ലഹരി പ്രശ്നം: നിലനിൽക്കുന്ന പ്രതിസന്ധികളും പുതിയ വെല്ലുവിളികളും നൂതന പ്രതിരോധങ്ങളും' എന്ന ഇത്തവണത്തെ രാജ്യാന്തര ലഹരിവിരുദ്ധ ദിന പ്രമേയം നിലവിലെ സാഹചര്യങ്ങളെ കൃത്യമായി പ്രതിഫലിപ്പിക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന സുരക്ഷാ-ആരോഗ്യ സാഹചര്യങ്ങളെ നേരിടാൻ ജി.സി.സി രാജ്യങ്ങൾ ഒന്നിച്ച് 'ജി.സി.സി ലഹരിവിരുദ്ധ തന്ത്രം (2025-28)' എന്ന സമഗ്രമായ പദ്ധതി രൂപീകരിച്ചിട്ടുണ്ട്. ലഹരിയുടെ ലഭ്യതയും ഉപയോഗവും കുറയ്ക്കുക, കള്ളപ്പണം വെളുപ്പിക്കൽ തടയുക, കർശനമായ നിയമനിർമ്മാണം, സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആധുനിക പരിശീലനം നൽകുക എന്നിവയാണ് ഈ തന്ത്രത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.സോഷ്യൽ മീഡിയ വഴിയുള്ള ലഹരി വിപണനം തടയാൻ GCC-CICCD വിപുലമായ ഇലക്ട്രോണിക് നിരീക്ഷണ സംവിധാനങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. സംശയാസ്പദമായ അക്കൗണ്ടുകൾ കണ്ടെത്താനും അവ ബ്ലോക്ക് ചെയ്യാനും ഇതിലൂടെ സാധിക്കുന്നു.
രാജ്യാന്തര ക്രിമിനൽ ശൃംഖലകളെ തകർക്കാൻ അതിർത്തികൾ കടന്നുള്ള സംയുക്ത സുരക്ഷാ ഓപ്പറേഷനുകളും 'കൺട്രോൾഡ് ഡെലിവറി' (Controlled Deliveries) രീതികളും വിജയകരമായി നടപ്പിലാക്കുന്നുണ്ട്.ലഹരിവിരുദ്ധ-കസ്റ്റംസ് ഉദ്യോഗസ്ഥർക്കായി അന്താരാഷ്ട്ര സർവ്വകലാശാലകളുടെയും ഗവേഷണ കേന്ദ്രങ്ങളുടെയും സഹകരണത്തോടെ പ്രത്യേക പരിശീലന പരിപാടികൾ സെന്റർ സ്ഥിരമായി സംഘടിപ്പിക്കുന്നു.
സമൂഹത്തെയും പ്രത്യേകിച്ച് യുവതലമുറയെയും ലഹരി വിപത്തിൽ നിന്ന് സംരക്ഷിക്കാനും കമ്മ്യൂണിറ്റി സുരക്ഷ ഉറപ്പാക്കാനുമുള്ള ഗൾഫ് രാഷ്ട്രങ്ങളുടെ പ്രതിബദ്ധത പുതുക്കാനുള്ള അവസരമാണ് ഈ ദിനമെന്ന് കേണൽ അൽ ഖാതർ ഓർമ്മിപ്പിച്ചു.











