
വിർജീനിയ: മയക്കുമരുന്ന് വിൽപ്പനയും പെൺവാണിഭവും നടത്തിയ കേസിൽ ഇന്ത്യൻ വംശജരായ ദമ്പതിമാർ ഉൾപ്പെടെ അഞ്ച് പേർ അമേരിക്കയിൽ അറസ്റ്റിൽ. യുഎസിലെ വിർജീനിയയിൽ ഹോട്ടൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സംഘമാണ് അറസ്റ്റിലായത്. തരുൺ ശർമ്മ (55), ഭാര്യ കോശ ശർമ്മ (52) എന്നിവരാണ് അറസ്റ്റിലായ ഇന്ത്യൻ ദമ്പതിമാർ. ഇവർക്കൊപ്പം മാർഗോ പിയേഴ്സ് (51), ജോഷ്വ റെഡിക് (40), റഷാർഡ് സ്മിത്ത് (33) എന്നിവരാണ് പിടിയിലായത്.
‘റെഡ് കാർപെറ്റ് ഇൻ’ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ഹോട്ടൽ കേന്ദ്രീകരിച്ചായിരുന്നു സംഘം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയത്. ഹോട്ടലിന്റെ മൂന്നാം നിലയാണ് മയക്കുമരുന്ന് ഇടപാടുകൾക്കും പെൺവാണിഭത്തിനും ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. താഴത്തെ നിലകളിൽ സാധാരണ അതിഥികളെ താമസിപ്പിച്ചിരുന്നുവെന്നതിനാൽ പുറംലോകത്തിന് സംശയം തോന്നാത്ത രീതിയിലായിരുന്നു ഇവരുടെ പ്രവർത്തനം.
ഇടപാടുകാർക്കിടയിൽ കോശ ശർമ്മയെ ‘മാ’ എന്നും തരുൺ ശർമ്മയെ ‘പോപ്പ്’ എന്നും വിളിച്ചിരുന്നതായി കോടതി രേഖകൾ വ്യക്തമാക്കുന്നു. ഹോട്ടലിൽ നടന്ന നിയമവിരുദ്ധ ഇടപാടുകളിൽ നിന്ന് ദമ്പതികൾ നേരിട്ട് ലാഭവിഹിതം കൈപ്പറ്റിയിരുന്നതായും രേഖകളിൽ പറയുന്നു.
നിരവധി രഹസ്യ നിരീക്ഷണങ്ങൾക്കും ഓപ്പറേഷനുകൾക്കും ശേഷം ഫെഡറൽ, പ്രാദേശിക നിയമസംരക്ഷണ ഏജൻസികൾ ചേർന്നാണ് ഹോട്ടലിൽ റെയ്ഡ് നടത്തിയത്. കോടതി രേഖകൾ പ്രകാരം, 2023 മെയ് മുതൽ ദമ്പതികൾ ഹോട്ടൽ പാട്ടത്തിനെടുത്ത് നടത്തിവരികയായിരുന്നു. 2025 മെയ് മുതൽ വിവിധ ഘട്ടങ്ങളിലായി എഫ്ബിഐയുടെ രഹസ്യ ഏജന്റുമാർ ലൈംഗിക തൊഴിലാളികളായും ഉപഭോക്താക്കളായും വേശ്യാലയ ഉടമകളായും വേഷം മാറി ഒമ്പത് തവണ ഹോട്ടലിൽ എത്തിയതായും രേഖകളിൽ പറയുന്നു.
എട്ട് സ്ത്രീകളെയാണ് ഇവിടെ വേശ്യാവൃത്തിക്ക് ഉപയോഗിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ലൈംഗിക സേവനങ്ങൾക്ക് 80 മുതൽ 150 ഡോളർവരെയായിരുന്നു ഈടാക്കിയിരുന്നത്. സ്ത്രീകൾക്ക് പുറത്തേക്ക് പോകാൻ അനുവദിച്ചിരുന്നില്ലെന്നും ശാരീരിക പീഡനങ്ങൾ നേരിട്ടിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ഇതിന് പുറമെ, ഹോട്ടൽ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപാരവും നടന്നുവന്നിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി.











