
അതീവസുരക്ഷയുള്ള വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാർക്കിടയിൽ നടക്കുന്ന വ്യാപക ലഹരിവിതരണിന് പിന്നിൽ ജയിൽ ഉദ്യോഗസ്ഥരും തടവുകാരും ലഹരിവിതരണക്കാരും അടങ്ങിയ മാഫിയാ സംഘം. കൊടുംകുറ്റവാളികളും ഒരു വിഭാഗം ഉദ്യോഗസ്ഥരും ചേർന്ന് മാസം തോറും ലഹരി വിതരണത്തിലൂടെ കീശയിലാക്കുന്നത് ലക്ഷക്കണക്കിന് രൂപ. ജയിൽവകുപ്പും സംസ്ഥാന പോലീസും ഭരണകൂടവും പുലർത്തുന്ന നിഗൂഢമായ നിസ്സംഗതയാണ് സെൻട്രൽ ജയിലിനകത്തെ നിർബാധമായ ലഹരിവിതരണത്തിന് പിന്നിൽ.
രാസലഹരിയും കഞ്ചാവ് ഓയിലും
'കാശുണ്ടെങ്കിൽ സാധനം കയ്യിൽ കിട്ടും....' ഇതാണ് വിയ്യൂർ സെൻട്രൽ ജയിലിലെ അവസ്ഥ. കൃത്യമായി പണം നൽകാൻ തയ്യാറാണെങ്കിൽ കഞ്ചാവ്, എം.ഡി.എം.എ, കഞ്ചാവ് ഓയിൽ (ഹാഷിഷ് ഓയിൽ) തുടങ്ങി ഏതുതരത്തിലുള്ള ലഹരിപദാർത്ഥങ്ങളും ജയിലിൽ സുലഭമാണ്. കഞ്ചാവും ഓയിലും വലിക്കാൻ ബീഡിയും ആവശ്യാനുസരണം കിട്ടും. പോലീസ് പിടിക്കുമെന്ന ആശങ്ക വേണ്ട.വല്ലപ്പോഴും പേരിന് ജയിൽ അധികൃതർ നടത്തുന്ന പരിശോധനകളിൽ ഒന്നോ, രണ്ടോ കേസുകൾ എടുക്കുമെന്ന് മാത്രം. അതുകഴിഞ്ഞാൽ എല്ലാം പതിവുപടി.
മതിൽവഴി എറിഞ്ഞുകൊടുക്കും
വിയ്യൂർ ജയിലിനകത്തേക്ക് ലഹരിസാധനങ്ങൾ എത്തിക്കാൻ മാർഗങ്ങൾ പലതാണ്. ഇതിൽ ഏറ്റവും എളുപ്പം ജയിലിന്റെ മതിൽ വഴി അകത്തേക്ക് എറിഞ്ഞു കൊടുക്കുന്നതാണ്. ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കഞ്ചാവും രാസലഹരിയും ബീഡിയും ചാക്കിലാക്കി എറിഞ്ഞുകൊടുക്കാൻ ജയിലിൽ സ്ഥിരം ചില ഭാഗങ്ങളുണ്ട്. 'ബ്ലാക്ക് സ്‌പോട്ടുകളെ'ന്നാണ് ഇവയറിയപ്പെടുന്നത്. ജയിൽ വളപ്പിനകത്തെ ആശുപത്രി, വായനശാലയുടെ പിൻവശം, വെൽഫെയർ ബ്ലോക്ക്, തടവുകാരെ പാർപ്പിച്ചിരിക്കുന്ന എച്ച് ബ്ലോക്ക്, ജി ബ്ലോക്ക് എന്നിവയ്ക്ക് സമീപത്തെ മതിൽ വഴിയാണ് ലഹരിസാധനങ്ങൾ അകത്തേക്ക് എറിയുന്നത്. ലഹരിവിതരണത്തിന് നേതൃത്വം നൽകുന്ന തടവുകാർ ഫോണിൽ വിളിച്ച് പറയുന്നത് പ്രകാരം ലഹരിമാഫിയ സംഘത്തിൽപ്പെട്ടവരാണ് എറിഞ്ഞുകൊടുക്കുന്നത്. ജയിൽ ഉദ്യോഗസ്ഥർ ഉച്ചഭക്ഷണത്തിന് പോകുന്ന തക്കംനോക്കിയാണ് ഈ എറിഞ്ഞുകൊടുക്കൽ. വിയ്യൂർ സെൻട്രൽ ജയിലിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ഇതിന് സഹായകമാണ്. 139 ഏക്കർ വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന ജയിലിന്റെ മതിലിന് ചുറ്റുവട്ടത്തെ വിജനമായി കാടുപിടിച്ചു കിടക്കുന്നയിടങ്ങൾ ലഹരികടത്തിന് വഴിയൊരുക്കുന്നു.
ലഹരിവാഹകരായി ഉദ്യോഗസ്ഥർ
ജയിലിൽ താൽക്കാലിക വ്യവസ്ഥയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരിൽ ചിലർ വിയ്യൂർ ജയിലിനകത്തേക്കുള്ള ലഹരി വാഹകരാണ്. സെല്ലുകളിൽ കഴിയുന്ന തടവുകാരുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുന്നവരാണ് അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാർ. ഈ തസ്തികയിലേക്ക് വിമുക്തഭടൻമാരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നുണ്ട്. ആറുമാസമാണ് കാലാവധിയെങ്കിലും ഇവർ കരാർ വീണ്ടും പുതുക്കി ജോലിയിൽ തുടരും. ഋഷിരാജ് സിംഗ് ജയിൽമേധാവിയായിരിക്കെയാണ് അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികകളിലേക്ക് വിമുക്തഭടൻമാർക്ക് താൽക്കാലിക നിയമനം നൽകി തുടങ്ങിയത്. പി.എസ്.സി നിയമനം വൈകിയതിനെ തുടർന്ന് ഉദ്യോഗസ്ഥർക്ക് ക്ഷാമം നേരിട്ടപ്പോഴായിരുന്നു നടപടി. വിയ്യൂർ സെൻട്രൽ ജയിലിൽ 97 അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരുടെ തസ്തികളാണുള്ളത്. ഇതിൽ പകുതിയോളം താൽക്കാലിക വ്യവസ്ഥയിൽ ജോലി ചെയ്യുന്നവരാണ്. ഇവരിൽ ചിലരെ ലഹരിമാഫിയ സ്വന്തം വരുതിയിലാക്കിയിട്ടുണ്ട്. സാമ്പത്തികം നൽകിയാണ് ഇവരെ ലഹരികടത്തിന് ഉപയോഗിക്കുന്നത്.
ആശുപത്രിയിലും കോടതിയിലും പോയി മടങ്ങുന്ന തടവുകാരെ ഉപയോഗിച്ചും ജയിലിനകത്തേക്ക് ലഹരി കടത്തുന്നുണ്ട്. പരിശോധനയിൽ പിടിക്കപ്പെടാതിരിക്കാൻ മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്തുന്നത്. ജയിലിന് പുറത്തെ ഉദ്യോഗസ്ഥരുടെ കാന്റീനിലെ ഡസ്റ്റ്ബിൻ, ജയിലിന് സമീപത്തെ പെട്രോൾപമ്പും കോളേജും സ്ഥിതി ചെയ്യുന്നയിടം എന്നിവിടങ്ങളിലും ലഹരി കൈമാറ്റം നടക്കുന്നു. തടവുകാരെ ഉപയോഗിച്ചാണ് കൈമാറ്റം.
ഭക്ഷണട്രോളിയിൽ ലഹരിവിതരണം
അധികൃതരുടെ കണ്ണുവെട്ടിച്ച് ജയിലിനകത്ത് തടവുകാർക്ക് ലഹരി കൈമാറാൻ നിരവധി മാർഗങ്ങളുണ്ട്. വിയ്യൂർ ജയിലിൽ കോടതികൾ ശിക്ഷിച്ച സ്ഥിരം തടവുകാരും വിചാരണ നേരിടുന്ന വിചാരണത്തടവുകാരും ഗുണ്ടാവിരുദ്ധ നിയമമായ കാപ്പ ചുമത്തപ്പെട്ട കുറ്റവാളികളെയും പാർപ്പിച്ചിട്ടുണ്ട്.
ജീവപര്യന്തം ഉൾപ്പെടെ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളികൾക്ക് രാവിലെ സെല്ലിൽ നിന്ന് പുറത്തുവിട്ടാൽ വൈകിട്ട് തിരികെ സെല്ലിൽ അടക്കുന്നതുവരെ ജയിലിനകത്ത് കറങ്ങിനടക്കാം. വിചാരണത്തടവുകാർക്ക് രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഭക്ഷണസമയത്ത് മാത്രമാണ് സെല്ലിൽ നിന്ന് പുറത്തിറങ്ങാൻ അനുമതിയുള്ളത്.
വിചാരണത്തടവുകാർ കൂടി ഇറങ്ങുന്നതോടെ ജയിലിനകത്ത് തിരക്ക് കൂടും. ഈ തിരക്ക് മുതലെടുത്താണ് ഏറ്റവും കൂടുതൽ ലഹരി കൈമാറ്റം നടക്കുന്നത്. ഇ, എഫ്, ജി ബ്ലോക്കുകൾക്ക് മുന്നിൽ ഉച്ചനേരത്ത് കച്ചവടം പൊടിപൊടിക്കും. ഈ ബ്ലോക്കുകൾക്ക് മുന്നിൽ തടവുകാർ കൂട്ടംകൂടി നിന്ന് തിരക്ക് സൃഷ്ടിക്കും. ഇതിനിടെയാണ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കഞ്ചാവും ഓയിലും രാസലഹരിയും ബീഡിയും കൈമാറുന്നത്. സെല്ലുകളിലേക്ക് മടങ്ങുന്ന തടവുകാർ കക്കൂസിനകത്ത് ഇരുന്ന് ലഹരി ഉപയോഗിക്കും. സെല്ലിനകത്തെ സി.സി. ടിവി ക്യാമറകൾ പ്രവർത്തിക്കാത്തതും ലഹരി ഉപയോഗത്തിന് സഹായകമാണ്. ജയിൽ കാന്റീനിൽ നിന്ന് സെല്ലുകളിൽ തടവുകാർക്ക് ട്രോളിയിൽ ഭക്ഷണസാധനം എത്തിക്കുന്ന കൂട്ടത്തിൽ ഭക്ഷണത്തിനൊപ്പം ലഹരി ഒളിപ്പിച്ച് നൽകുന്ന പതിവുമുണ്ട്. ട്രോളിയുമായി എത്തുന്ന തടവുകാർ തന്നെയാണ് വിതരണക്കാർ. ഇതിന് പ്രതിഫലമായി ഇവർക്കും കിട്ടും കഞ്ചാവും ബീഡിയും.
പാരച്യൂട്ട് കുപ്പിയിൽ കഞ്ചാവ് ഓയിൽ
ജയിലിനകത്ത് തടവുകാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് കഞ്ചാവ് ഓയിലാണ്. പാരച്യൂട്ട് വെളിച്ചെണ്ണയുടെ ചെറിയ ഡപ്പികളിൽ നിറച്ചാണ് തടവുകാർക്കിടയിൽ കഞ്ചാവ് ഓയിൽ വിതരണം ചെയ്യുന്നത്. മൂന്ന് മില്ലിയുടെ ഒരു കുപ്പിക്ക് 3000 രൂപയാണ് വില. എല്ലാ ലഹരിസാധനങ്ങൾക്കും കൃത്യമായി പണം നൽകണം. വിയ്യൂർ സെൻട്രൽ ജയിലിനകത്ത് തടവുകാരുടെ അനധികൃത മൊബൈൽ ഫോൺ ഉപയോഗം വലിയൊരളവോളം ലഹരി വിതരണത്തിന് സഹായിക്കുന്നു. ലഹരി ആവശ്യമുള്ള തടവുകാരൻ ഫോണിൽ ബന്ധുക്കൾ, സുഹൃത്തുക്കൾ, കൂട്ടാളികൾ എന്നിവരെ വിളിച്ച് ലഹരിവിതരണക്കാരൻ നിർദ്ദേശിക്കുന്ന നമ്പരിലേക്ക് പണം അയച്ചുകൊടുക്കാൻ നിർദ്ദേശിക്കും. പണം കിട്ടിയെന്ന് സന്ദേശം എത്തിയാലുടൻ ജയിലിലെ ലഹരിവിതരണക്കാരൻ തടവുകാരന് സാധനം കൈമാറും. പണം അക്കൗണ്ടിൽ കൃത്യമായി എത്താത്തതിനെച്ചൊല്ലി ജയിലിനകത്ത് ഇടയ്ക്കിടെ തടവുകാർ തമ്മിൽ കയ്യേറ്റം നടന്ന സംഭവങ്ങളുമുണ്ട്.
ഒരു ബീഡിക്ക് 30 മുതൽ 100 രൂപ വരെ വില
വിയ്യൂർ സെൻട്രൽ ജയിലിലെ താരമാണ് ബീഡി. ലഹരി യഥേഷ്ടം എത്തുന്നതിന് മുമ്പു തന്നെ ജയിലിൽ ബിഡി വിൽപ്പന വ്യാപകമായിരുന്നു. മതിലിന് പുറത്ത് നിന്ന് ചാക്കുകണക്കിനാണ് ബീഡി എറിഞ്ഞുകൊടുക്കുന്നത്. ചാക്ക് വീണു കഴിഞ്ഞാൽ മിനിറ്റുകൾക്കകം വിവിധ തടവുകാർക്ക് കൈമാറും. എച്ച് ബ്ലോക്കിനടുത്ത മതിലിൽ കൂടിയാണ് ചാക്ക് എറിയുന്നത്. ജയിലിനകത്ത് ഒരു ബീഡിക്ക് 30 രൂപയാണ് പതിവു വില. ക്ഷാമം നേരിട്ടാൽ 100 രൂപ വരെ വില ഉയരും. എന്നാലും ആവശ്യക്കാർക്ക് ക്ഷാമമില്ല. ഒരു ദിവസം ഒരു തവണയെങ്കിലും ബീഡി വലിച്ചില്ലെങ്കിൽ ഉറക്കം വരാത്ത തടവുകാർ നിരവധിയാണ്.
പോക്‌സോ കേസ് പ്രതി പ്രധാന വിതരണക്കാരൻ
വിയ്യൂർ സെൻട്രൽ ജയിലിൽ ലഹരിവിതരണം നടത്തുന്ന പ്രധാന തടവുകാർ ജയിലിലെ കിരീടം ചൂടാത്ത രാജാക്കൻമാരാണ്. പോക്‌സോ കേസിൽ പ്രതിയായ വിചാരണത്തടവുകാരനായ തൃശൂർ സ്വദേശി മുതൽ കൊലപാതക കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് 10 കൊല്ലമായി ജയിലിൽ കഴിയുന്ന തൃശൂർ സ്വദേശി വരെ ഇതിൽപ്പെടും. ഇവർക്ക് കീഴിൽ ശിഷ്യത്വം എടുത്ത വിതരണക്കാരും നിരവധി. ലക്ഷക്കണക്കിന് രൂപയുടെ ലാഭമാണ് ലഹരിവിതരണത്തിലൂടെ ഇവർ നേടുന്നത്. ജയിലിലെ 1200 തടവുകാരിൽ പകുതിയോളം പേർ ലഹരി ഉപയോഗിക്കുന്നവരാണ്. അതിനാൽ വരുമാനത്തിന് കുറവില്ല. ലഹരി വിതരണക്കാരായ തടവുകാർ ലഹരി ആവശ്യമുള്ള തടവുകാർക്ക് പുറമെയുള്ളവരുടെ ഗൂഗിൾ പേ നമ്പർ കൈമാറും. തടവുകാർ തങ്ങളുടെ കൂട്ടാളികളെ ഫോണിൽ വിളിച്ച് ആ നമ്പരിലേക്ക് പണം അയച്ചുകൊടുക്കാൻ ആവശ്യപ്പെടും. പണം എത്തിയെന്ന് ലഹരിവിതരണക്കാരന് സന്ദേശം എത്തിയാൽ സാധനം അപ്പോൾ തന്നെ നൽകും. ഇതിനെല്ലാം സഹായിക്കുന്നത് മൊബൈൽ ഫോണുകളാണ്. കീപാഡ് ഫോണുകൾ മുതൽ ചെറിയ സ്മാർട്ട് ഫോണുകൾവരെ ജയിലിൽ തടവുകാർ രഹസ്യമായി ഉപയോഗിക്കുന്നു. ജയിൽ നിയമപ്രകാരം ജയിലിലെ ലാൻഡ് ഫോണിൽ നിന്ന് കാർഡ് ഉപയോഗിച്ച് ഒരുമാസം തടവുകാരന് 450 രൂപയുടെ ഫോൺ കോളുകൾ വിളിക്കാൻ മാത്രമാണ് അനുമതിയുള്ളത്.
ഉദ്യോഗസ്ഥർ നോക്കുകുത്തികൾ
ലഹരിക്കെതിരെ ജയിലിനകത്ത് ശക്തമായ നടപടികൾ സ്വീകരിക്കുന്നില്ല. ജയിലിനകത്ത് ലഹരിവിതരണം കണ്ടെത്തേണ്ടത് ജയിൽ ഉദ്യോഗസ്ഥരാണെങ്കിലും കേസെടുത്ത് തുടരന്വേഷണം നടത്തേണ്ടത് പോലീസാണ്. എന്നാൽ നിലവിലുള്ള നിരീക്ഷണ ക്യാമറകൾ പ്രവർത്തിക്കാത്തതും ഒരു വിഭാഗം ജയിൽ ഉദ്യോഗസ്ഥർ ലഹരി വിതരണത്തിന് കൂട്ടുനിൽക്കുന്നതും തടവുകാരുടെ നിസ്സഹകരണവും ഇതിന് തടസ്സമാകുന്നു.
ജയിലിൽ മുമ്പ് ഡെപ്യൂട്ടി സൂപ്രണ്ടായിരുന്ന ഉദ്യോഗസ്ഥന് ലഹരിവിതരണക്കാരനുമായുള്ള ബന്ധം പുറത്തുവന്നെങ്കിലും ഒതുക്കിത്തീർത്ത സംഭവമുണ്ട്. ഈ ഉദ്യോഗസ്ഥൻ സ്ഥിരമായി എം.ഡി.എം.എ ഉപയോഗിച്ച കാര്യവും പുറത്തുവന്നിരുന്നു. എ ബ്ലോക്കിലെ തടവുകാരനിൽ നിന്ന് 4 ചെറിയ ഫോണുകളും കഞ്ചാവ് ഓയിൽ നിറച്ച പാരച്യൂട്ട് ടിന്നും പിടിച്ച സംഭവം പുറത്തുവരാതിരുന്നത് ഫോണിൽ തടവുകാരൻ നിരന്തരം സമ്പർക്കം പുലർത്തിയ ജയിൽ ഉദ്യോഗസ്ഥരുടെ നമ്പരുകൾ കണ്ടെത്തിയതിനെ തുടർന്നാണ്. ഇടയ്ക്കിടെ സെല്ലുകളിൽ നടത്തുന്ന പരിശോധനകളിൽ ലഹരിവസ്തുക്കളും ഫോണുകളും പിടിച്ചെടുക്കുമെങ്കിലും കാര്യമായ തുടർ നടപടികളുണ്ടാകുന്നില്ല. ജയിലിൽ നടക്കുന്ന സംഭവങ്ങൾ എഴുതി സൂക്ഷിക്കുന്ന റിപ്പോർട്ട് ബുക്കിൽ ലഹരിയും ഫോണും പിടിച്ചാൽ അക്കാര്യം രേഖപ്പെടുത്തി നടപടി എടുക്കണമെന്നാണ് ചട്ടം. അതും കൃത്യമായി പാലിക്കപ്പെടുന്നില്ല.
ജയിലുകൾ കുറ്റവാളികളെ തെറ്റുകളിൽനിന്ന് തിരുത്തി നല്ല മനുഷ്യരായി പുറത്തിറങ്ങാനുള്ള കറക്ഷണൽ കേന്ദ്രങ്ങളായിട്ടാണ് ആധുനിക സങ്കൽപ്പം. എന്നാൽ കേരളത്തിലെ തടവറകളിൽ എത്തപ്പെടുന്നവർ മയക്കുമരുന്നിന് അടിമകളായി പുറത്തിറങ്ങുന്ന കേന്ദ്രങ്ങളായി മാറുകയാണ്. ഇനിയെങ്കിലും അധികൃതർ കണ്ണുതുറന്ന് കാണുമോ?
മുഹമ്മദ് നിഷാം: സെൻട്രൽ ജയിലിലെ വി.വി.ഐ.പി
തൃശ്ശൂരിൽ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന വ്യവസായി മുഹമ്മദ് നിഷാം എന്ന നിഷാം പടിയത്തിന് വിയ്യൂർ സെൻട്രൽ ജയിലിൽ ഇപ്പോഴും വി.വി.ഐ.പി പരിഗണന. ജയിൽ ഉദ്യോഗസ്ഥരും തടവുകാരും ഇയാളെ സമീപിക്കുന്നതും പെരുമാറുന്നതും ഭയഭക്തിബഹുമാനങ്ങളോടെ.
നമ്പരില്ലാത്ത ഷർട്ടും യഥേഷ്ടം സൗന്ദര്യവർദ്ധക വസ്തുക്കളും
മറ്റുതടവുകാർക്കുള്ള ജയിൽ ചട്ടങ്ങൾ നിഷാമിന് ബാധകമല്ല. ശിക്ഷ അനുഭവിക്കുന്ന തടവുകാരൻ തിരിച്ചറിയാനുള്ള അടയാളനമ്പർ രേഖപ്പെടുത്തിയ ഷർട്ട് ധരിക്കണമെന്നാണ് നിയമം. മുഹമ്മദ് നിഷാം ജയിലിനകത്ത് കറങ്ങിനടക്കുന്നത് നമ്പരില്ലാത്ത ഷർട്ട് ധരിച്ച്. ജയിൽമേധാവികൾ ഇത് കണ്ടില്ലെന്നു നടിക്കുന്നു.
വിയ്യൂർ ജയിലിൽ തടവുകാർക്ക് അനുവദിക്കാത്ത സൗന്ദര്യവർദ്ധക വസ്തുക്കളെല്ലാം നിഷാമിന്റെ സെല്ലിൽ സൂക്ഷിച്ചിട്ടുണ്ട്. ഫെയിസ് ക്രീം, ഷാമ്പൂ, ഹെയർഡൈ, പൗഡർ, ബോഡിവാഷ്, ബോഡി ലോഷൻ എന്നിവ ഇതിൽപ്പെടും. കുളിക്കാനുപയോഗിക്കുന്നത് മുന്തിയ സോപ്പുമാത്രം. ഇവയെല്ലാം പുറമെ നിന്നുവാങ്ങുന്ന ബ്രാൻഡഡ് ഇനങ്ങളാണ്. ജയിൽ കാന്റീനിൽ ലഭ്യമായ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ മാത്രം ഉപയോഗിക്കാനാണ് തടവുകാർക്ക് അനുമതിയുള്ളത്. വിയ്യൂർ ജയിലിൽ മറ്റ് സെൻട്രൽ ജയിലുകളിൽ ഉപയോഗിക്കാനനുമതിയുള്ള സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഉപയോഗത്തിന് ജയിൽ സൂപ്രണ്ട് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷ മുൻനിർത്തിയാണിത്. ഇതെല്ലാം മറികടന്നാണ് നിഷാമിന്റെ മേക്കപ്പ്.
ദിവസവും സന്ദർശകർ
ജീവപര്യന്തം കഠിനതടവിനാണ് ശിക്ഷിച്ചതെങ്കിലും നിഷാമിനെ ജയിലിൽ അധികൃതർ ജോലിക്ക് വിടാറില്ല. സന്ദർശകരുടെ കാര്യത്തിലും ഇയാൾക്ക് നിയന്ത്രണമില്ല. മിക്കവാറും എല്ലാദിവസവും സന്ദർശകരുണ്ട്. ആഴ്ചയിൽ രണ്ടുതവണമാത്രമാണ് തടവുകാർക്ക് സന്ദർശകരെ അനുവദിക്കുന്നത്. ജയിൽസൂപ്രണ്ടിന്റെ മുൻകൂർ അനുമതിയോടെ കൂടുതൽ സന്ദർശകരെ അനുവദിക്കും. ഇക്കാര്യത്തിലും അധികൃതർ കണ്ണടയ്ക്കുന്നത് വഴിവിട്ട സ്വാധീനം മൂലമാണെന്നാണ് ആക്ഷേപം.
തുണി അലക്കിക്കൊടുക്കാൻ തടവുകാർ
മുഹമ്മദ് നിഷാമിനെ സേവിക്കാൻ തടവുകാർ മത്സരമാണ്. ഇയാളുടെ തുണി അലക്കിക്കൊടുക്കുന്ന തടവുകാരന് മാസം 3000 രൂപ കൃത്യമായി അക്കൗണ്ടിലെത്തും. സഹതടവുകാരെ ഉപയോഗിച്ച് മറ്റ് ആനുകൂല്യങ്ങളും ഇയാൾ കൈപ്പറ്റാറുണ്ട്. ജയിൽ കാന്റീനിൽ നിന്ന് ഒരു തടവുകാരന് മാസം 1200 രൂപയുടെ ബേക്കറി സാധനങ്ങൾ പണം കൊടുത്ത് വാങ്ങാൻ സൗകര്യമുണ്ട്. മിക്ചറും, ഹൽവയും പക്കാവടയും കപ്പലണ്ടിയും ഒക്കെ ഇതിൽപ്പെടും. മുഹമ്മദ് നിഷാം സ്വന്തം ക്വാട്ട കഴിഞ്ഞാൽ മറ്റ് തടവുകാർക്ക് പണം നൽകി അവരുടെ ക്വാട്ടയിലുള്ള ബേക്കറി ഇനങ്ങളും വാങ്ങും. ഇയാളുടെ സെല്ലിൽ എപ്പോഴും കൊറിക്കാനുള്ള സാധനങ്ങൾ സ്റ്റോക്കുണ്ടാകും.
ബീഡി നൽകി വരുതിയിലാക്കും
ജയിൽ കിച്ചണിൽ നിഷാമിന് വൻ സ്വാധീനമാണ്. അടുക്കളയിലെ തടവുകാരായ പാചകക്കാരെ ബീഡി നൽകിയാണ് വരുതിയിലാക്കുന്നത്.
തമിഴ്‌നാട് തിരുനെൽവേലിയിൽ പ്രവർത്തിക്കുന്ന കിംഗ്‌സ് ബീഡി കമ്പനിയുടെ പാർട്ണർ കൂടിയായ നിഷാം പുകവലിക്കാറില്ല. ജയിലിനകത്ത് ലഹരി വിതരണസംഘം കടത്തിക്കൊണ്ടുവരുന്ന ബീഡികളാണ് അടുക്കളയിലെ പാചകക്കാരെ സ്വാധീനിക്കാൻ നിഷാം ഉപയോഗിക്കുന്നത്. എല്ലാ തടവുകാർക്കും ആഴ്ചയിൽ 100 ഗ്രാം മട്ടൻകറിക്ക് അനുമതിയുണ്ട്. വ്യാഴ്ചയാണ് വിതരണം. എന്നാൽ നിഷാമിനെപ്പോലെയുള്ള വിവിഐപി തടവുകാർക്ക് മട്ടൻകറി മിക്കദിവസങ്ങളിലും കിട്ടും. തിങ്കൾ, ബുധൻ ദിവസങ്ങളിൽ നൽകുന്ന വറുത്ത മീനിന്റെ കാര്യത്തിലും ഇതാണ് സ്ഥിതി. സാദാ തടവുകാർക്ക് ശരിക്കും വേവാത്ത പൊരിച്ചമീൻ നൽകുമ്പോൾ പാചകക്കാരുടെ ഇഷ്ടക്കാർക്ക് ലഭിക്കുന്നത് നല്ലവണ്ണം പൊരിച്ചെടുത്ത മീൻ. വ്യാഴം, ഞായർ ദിവസങ്ങളിൽ തടവുകാർക്ക് 70 രൂപയ്ക്ക് ക്യാന്റീനിൽ നിന്ന് ചിക്കൻബിരിയാണി വാങ്ങാം. മറ്റു തടവുകാർക്ക് ബീഡി നൽകി അവരുടെ ബിരിയാണി നിഷാം സ്വന്തമാക്കും.
സെല്ലുകൾ മാറി മാറി താമസം
ഉദ്യോഗസ്ഥരോടും സഹതടവുകാരോടും തട്ടിക്കയറുന്നതും വഴക്കിടുന്നതും ഇയാളുടെ പതിവാണ്. കഴിയുന്നത്ര സെല്ലിൽ തനിച്ച് കഴിയണമെന്നതാണ് നിഷാമിന്റെ ആഗ്രഹം. ജയിൽനിയമം ഇതിന് അനുവദിക്കാത്തതിനാൽ സിസിടിവി നിരീക്ഷണമില്ലാത്ത സി ബ്ലോക്കിലെ സെല്ലിൽ മറ്റൊരു തടവുകാരനൊപ്പമാണ് താമസം. നിലവിൽ ഇയാൾ പരോളിലാണ്. 2015 ജനുവരി 29 നാണ് നിഷാം കുടുംബസമേതം താമസിക്കുന്ന തൃശ്ശൂർ ശോഭാ സിറ്റി റസിഡൻഷ്യൽ ടൗൺഷിപ്പിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ ഹമ്മർ എസ്‌യുവി കൊണ്ട് ഇടിച്ചുതെറിപ്പിച്ചത്. നിഷാം കാറിലെത്തിയപ്പോൾ ഗേറ്റ് തുറക്കാൻ വൈകിയതായിരുന്നു പ്രകോപനം. 2016 ജനുവരി 21 ന് തൃശ്ശൂർ അഡീഷണൽ സെഷൻസ് കോടതിയാണ് ജീവപര്യന്തം തടവിനും 24 വർഷം അധികതടവിനും 80 ലക്ഷം പിഴയൊടുക്കാനും ശിക്ഷിച്ചത്.











