09:12am 25 November 2026
NEWS
താമരശ്ശേരിയിൽ അപ്പാർട്മെന്റിൽ എക്സൈസ് പരിശോധന; 11.465 ഗ്രാം എംഡിഎംഎയുമായി യുവതി അറസ്റ്റിൽ; വനിതാ ഉദ്യോഗസ്ഥയ്ക്ക് പരുക്ക്
25/11/2026  05:55 AM IST
nila
താമരശ്ശേരിയിൽ 11.465 ഗ്രാം എംഡിഎംഎയുമായി യുവതി പിടിയിൽ; വനിതാ എക്സൈസ് ഉദ്യോഗസ്ഥയ്ക്ക് പരുക്ക്

താമരശ്ശേരി: സ്വകാര്യ അപ്പാർട്മെന്റിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 11.465 ഗ്രാം എംഡിഎംഎയുമായി യുവതി അറസ്റ്റിൽ. തിരുവമ്പാടി പാമ്പിഴഞ്ഞപാറ മാട്ടുമ്മൽ വീട്ടിൽ എ.കെ. സാക്കിറയെയാണ് എക്സൈസ് സംഘം പിടികൂടിയത്. പരിശോധനയ്ക്കിടെ അക്രമാസക്തയായ യുവതി വനിതാ സിവിൽ എക്സൈസ് ഉദ്യോഗസ്ഥയെ ആക്രമിച്ച് പരുക്കേൽപ്പിക്കുകയും ചെയ്തു.

ചൊവ്വാഴ്ച കെടവൂർ വെണ്ടേക്കുമുക്കിലെ സ്വകാര്യ അപ്പാർട്മെന്റിലായിരുന്നു പരിശോധന. താമരശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം.ജെ. സജിന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ സ്ക്വാഡുമായി ചേർന്നാണ് പരിശോധന നടത്തിയത്. വാണിജ്യ ആവശ്യത്തിനുള്ള അളവിൽ എംഡിഎംഎ കൈവശം വച്ചതിന് യുവതിക്കെതിരെ കേസെടുത്തു.

നിരവധി ലഹരിമരുന്ന് കേസുകളിൽ പ്രതിയായ സാക്കിറ വീണ്ടും ലഹരിമരുന്നുമായി പിടിയിലാകുകയായിരുന്നു. കാളികാവ് എക്സൈസ് റേഞ്ചിൽ 265 ഗ്രാം മെത്താംഫെറ്റമിൻ പിടികൂടിയ കേസിലും കൽപ്പറ്റ എക്സൈസ് റേഞ്ചിൽ 3.06 ഗ്രാം മെത്താംഫെറ്റമിൻ കൈവശം വച്ച കേസിലും ഇവർ പ്രതിയാണ്. ഈ കേസുകളിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് പുതിയ സംഭവത്തിൽ അറസ്റ്റിലായത്.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ പി.സി. മനോജ് കുമാർ, എസ്.ബി. അജീബ്, പ്രിവന്റീവ് ഓഫീസർമാരായ ടി.ബി. അജീഷ്, ജി. ബൈജു, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സി.പി. ഷാജു, സിവിൽ എക്സൈസ് ഓഫീസർമാരായ ജിത്തു, പി. അജിത്, സി. അമൽ നാഥ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ബി.എസ്. മഹിത, അഷ്മില ഷെറിൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ബവിൻ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img