
ലക്ഷദ്വീപിന് പടിഞ്ഞാറ് അറബിക്കടലിൽ കോസ്റ്റ്ഗാർഡും ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡും നടത്തിയ സംയുക്ത ഓപ്പറേഷനിൽ വൻ ലഹരിമരുന്ന് വേട്ട. രാജ്യാന്തര വിപണിയിൽ 3,000 കോടി രൂപയിലേറെ വിലമതിക്കുന്ന 526 കിലോഗ്രാം ഹെറോയിനും മെത്താംഫെറ്റാമൈനുമാണ് പിടികൂടിയത്.
ഈ മാസം 25ന് ആഴക്കടലിലാണ് നിർണായക ഓപ്പറേഷൻ നടന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആകാശമാർഗവും കടൽമാർഗവും നിരീക്ഷിച്ച സുരക്ഷാസേന സംശയാസ്പദമായി സഞ്ചരിച്ച ഇറാനിയൻ ബോട്ട് കണ്ടെത്തുകയായിരുന്നു. തുടർന്ന് ബോട്ട് വളഞ്ഞ് പരിശോധിച്ചപ്പോഴാണ് വൻതോതിൽ ലഹരിമരുന്ന് കണ്ടെത്തിയത്.
ബോട്ടിലുണ്ടായിരുന്ന അഞ്ച് പാക്കിസ്ഥാൻ സ്വദേശികളെയും സുരക്ഷാസേന അറസ്റ്റ് ചെയ്തു. പിടികൂടിയ ലഹരിമരുന്നും ബോട്ടും പ്രതികളെയും കൂടുതൽ ചോദ്യം ചെയ്യലിനും തുടർ നിയമനടപടികൾക്കുമായി മുംബൈയിലെത്തിച്ചു.
ഓപ്പറേഷന്റെ ദൃശ്യങ്ങളും സുരക്ഷാസേന പുറത്തുവിട്ടിട്ടുണ്ട്. ലഹരിക്കടത്തിന്റെ ഉറവിടവും ഇതിന് പിന്നിലുള്ള രാജ്യാന്തര ശൃംഖലയുമടക്കം കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്.










