11:18am 06 November 2026
NEWS
വരൾച്ച രാജ്യത്തെ പിടിമുറുക്കുന്നു; കേരളത്തിൽ അരിവില 100 രൂപ കടക്കുമോ? ഭക്ഷ്യവിപണിയിൽ ആശങ്ക
05/11/2026  07:55 AM IST
nila
വരൾച്ച രാജ്യത്തെ പിടിമുറുക്കുന്നു; കേരളത്തിൽ അരിവില 100 രൂപ കടക്കുമോ? ഭക്ഷ്യവിപണിയിൽ ആശങ്ക

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ എൽനിനോ പ്രതിഭാസത്തെത്തുടർന്നുണ്ടായ മഴക്കുറവ് രാജ്യത്തെ ഭക്ഷ്യവിപണിക്ക് വലിയ ഭീഷണിയാകുന്നു. കാർഷിക ഉത്പാദനം ഇടിയുന്നതോടെ അരി, പഞ്ചസാര, ഭക്ഷ്യഎണ്ണ, പയർവർഗങ്ങൾ എന്നിവയുടെ വില ഉയരാൻ സാധ്യതയുണ്ട്. ഉത്പാദനത്തിന്റെ വലിയൊരു പങ്കിനായി ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തെ വരൾച്ച കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തൽ.

രാജ്യത്തെ പ്രധാന ഡാമുകളിലെ ജലശേഖരവും ആശങ്കാജനകമായ നിലയിലാണ്. കേന്ദ്ര ജലകമ്മിഷന്റെ ഒക്ടോബർ 29-ലെ കണക്കനുസരിച്ച് 178 ഡാമുകളിലായി 122 ബില്യൻ ക്യുബിക് മീറ്റർ വെള്ളം മാത്രമാണുള്ളത്. ഇത് ആകെ സംഭരണശേഷിയുടെ 66 ശതമാനമാണ്. ആന്ധ്രപ്രദേശ് മുതൽ കേരളം വരെയുള്ള സംസ്ഥാനങ്ങളിലെ ഡാമുകളിൽ 24 ബില്യൻ ക്യുബിക് മീറ്റർ വെള്ളം മാത്രമാണ് അവശേഷിക്കുന്നത്. സംഭരണശേഷിയുടെ 43 ശതമാനം മാത്രമാണിത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 89 ശതമാനമായിരുന്നു ജലശേഖരം.

342 ജില്ലകളിൽ മഴക്കുറവ് ഭീഷണി

14 സംസ്ഥാനങ്ങളിലെ 342 ജില്ലകളെയാണ് മഴക്കുറവ് ബാധിക്കാനിടയുള്ളത്. പ്രതിസന്ധി മറികടക്കാൻ കുറഞ്ഞ കാലയളവിൽ വിളവെടുക്കാവുന്ന കൃഷിയിനങ്ങൾ തിരഞ്ഞെടുക്കാൻ കർഷകർക്ക് നിർദേശം നൽകിയിട്ടുണ്ട്. 'ഖേത്ത് ബച്ചാവോ അഭിയാൻ' വഴി 700 ജില്ലകളിലായി 50 ലക്ഷം കർഷകർക്ക് ബോധവത്കരണവും നൽകി.

രാസവളങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനൊപ്പം ജൈവ ഉത്പന്നങ്ങളുടെ പ്രചാരണത്തിനും കേന്ദ്രം പ്രാധാന്യം നൽകുന്നു. കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാൻ ശേഷിയുള്ള വിത്തിനങ്ങൾ ഐ.സി.എ.ആർ വഴി സംസ്ഥാനങ്ങൾക്ക് ലഭ്യമാക്കുന്നുണ്ട്. ആവശ്യമായ 173 ലക്ഷം ക്വിന്റൽ വിത്തുകൾക്ക് പകരം 192 ലക്ഷം ക്വിന്റൽ വിത്തുകൾ സംഭരിച്ചിട്ടുണ്ട്. ഇതിൽനിന്ന് 1.74 ലക്ഷം ക്വിന്റൽ കരുതൽശേഖരമായി നിലനിർത്താനും നിർദേശമുണ്ട്.

കേരളത്തിന് കൃഷിയിലും നിയന്ത്രണം വേണ്ടിവരും

ജലലഭ്യത കുറഞ്ഞാൽ കൃഷിരീതിയിൽ മാറ്റം വരുത്തേണ്ടിവരും. വെള്ളം കുറഞ്ഞ അളവിൽ മതിയാകുന്ന കപ്പ, കാച്ചിൽ, ചേമ്പ് തുടങ്ങിയ വിളകൾക്ക് കൂടുതൽ പരിഗണന നൽകണമെന്നാണ് നിർദേശം. ജലസേചന പദ്ധതികളുടെ സഹായമില്ലാത്ത പാടങ്ങളിൽ നെൽകൃഷി ഇറക്കുന്നതിൽ ജാഗ്രത പാലിക്കണമെന്നും നിർദേശിക്കുന്നു.

കൃഷിയിടങ്ങളിലെ ഈർപ്പം നിലനിർത്താൻ പറമ്പിലെ കരിയിലകൾ കത്തിച്ചുകളയാതെ പുതയിടാൻ ഉപയോഗിക്കണം. തെങ്ങ്, കമുക്, കുരുമുളക്, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ വിളകൾക്ക് ഇത് ഗുണകരമാകും. വരൾച്ചയുടെ സാഹചര്യം നിരീക്ഷിക്കാൻ വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി ജില്ലാതല സമിതികളും രൂപീകരിക്കും. ഡാമുകളിലെ ജലനിരപ്പ്, കുടിവെള്ളക്ഷാമം, കൃഷിനാശ ഭീഷണി എന്നിവ സമിതികളുടെ നിരീക്ഷണത്തിലുണ്ടാകും. കർഷകർ വിള ഇൻഷുറൻസ് ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.

അരി ഉത്പാദനത്തിൽ വൻ ഇടിവ്; കേരളം പ്രതിസന്ധിയിൽ

രാജ്യത്ത് അരി ഉത്പാദനം ഒരു കോടി ടൺ വരെ കുറഞ്ഞേക്കുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ പ്രത്യാഘാതം കേരളത്തിലെ വിപണിയിലും പ്രകടമാകാം. അരിവില കിലോഗ്രാമിന് 100 രൂപവരെ ഉയരാൻ സാധ്യതയുണ്ടെന്ന വിലയിരുത്തൽ ഉപഭോക്താക്കളെ ആശങ്കയിലാക്കുന്നു.

ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്നാട് തുടങ്ങിയ പ്രധാന ഉത്പാദക സംസ്ഥാനങ്ങൾ അടുത്ത കൃഷിയിറക്കൽ ഒഴിവാക്കിയതും കേരളത്തിന് തിരിച്ചടിയാണ്. വർഷാവസാനം വിവിധ സംസ്ഥാനങ്ങളിൽനിന്ന് കേരളം സംഭരിക്കുന്ന നെല്ലിന്റെ അളവ് 14,000 ലോഡിൽനിന്ന് 4,000 ലോഡായി കുറഞ്ഞേക്കുമെന്നാണ് കണക്ക്.

പ്രതിവർഷം 42 ലക്ഷം ടൺ അരിയാണ് കേരളത്തിന് ആവശ്യമായി വരുന്നത്. ഇതിൽ 20 ലക്ഷത്തോളം ടൺ വ്യാപാരികൾ വഴിയാണ് എത്തുന്നത്. സംസ്ഥാനത്തെ ആഭ്യന്തര ഉത്പാദനം അഞ്ചു ലക്ഷം ടൺ മാത്രമാണ്. മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള വരവ് കുറയുന്ന സാഹചര്യത്തിൽ ഭാരത് റൈസ് പോലുള്ള പദ്ധതികളിലൂടെ വിപണിയിൽ ഇടപെടാൻ കഴിഞ്ഞില്ലെങ്കിൽ അരിക്ഷാമവും വിലക്കയറ്റവും രൂക്ഷമായേക്കും.

പഞ്ചസാരയും കോഴിത്തീറ്റയും വിലക്കയറ്റത്തിന്റെ നിഴലിൽ

കരിമ്പ് കൃഷിയുടെ വിസ്തൃതി കുറഞ്ഞതും ആദ്യവിളവെടുപ്പ് വൈകിയതും പഞ്ചസാര ഉത്പാദനത്തെ ബാധിച്ചിട്ടുണ്ട്. ഇതോടെ പഞ്ചസാരവില കിലോഗ്രാമിന് 60 രൂപയിലേക്ക് ഉയരാനുള്ള സാധ്യതയുണ്ട്. കർണാടകത്തിലെ കർഷകർ പഞ്ചസാരയുടെ താങ്ങുവില 60 രൂപയായി നിശ്ചയിക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.

മറ്റൊരു തിരിച്ചടി കോഴിത്തീറ്റ മേഖലയിലാണ്. എഥനോൾ നിർമാണത്തിനായി പൊടിയരിയും ചോളവും വലിയ തോതിൽ ഉപയോഗിക്കുന്നത് കോഴിത്തീറ്റ ഉത്പാദനത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറയ്ക്കുന്നു. എഫ്.സി.ഐ 70 ലക്ഷത്തിലധികം ടൺ പൊടിയരി എഥനോൾ നിർമാണത്തിനായി നൽകിയിട്ടുണ്ട്.

മഴക്കുറവിനെത്തുടർന്ന് പയർവർഗങ്ങളുടെ ഉത്പാദനം ഇടിയുന്നതും കാലിത്തീറ്റ മേഖലയെ ബാധിച്ചേക്കും. ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത കുറയുന്നതും ഉത്പാദനച്ചെലവ് ഉയരുന്നതും ഒരേസമയം സംഭവിച്ചാൽ കേരളത്തിൽ ഭക്ഷ്യവിലക്കയറ്റം കൂടുതൽ രൂക്ഷമാകുമെന്ന ആശങ്കയിലാണ് വിപണി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img