
തിരുവനന്തപുരം: സംസ്ഥാനത്ത് അഴിമതിക്കാരെയും കൈക്കൂലിക്കാരെയും പൂട്ടാൻ അത്യാധുനിക സാങ്കേതികവിദ്യകളുമായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ. ഡ്രോൺ നിരീക്ഷണം, ഒളിക്യാമറ റെക്കോർഡിംഗ്, ഫോൺ ചോർത്തൽ, സോഷ്യൽ മീഡിയ ട്രാക്കിംഗ് എന്നിവയ്ക്ക് നിയമസാധുത നൽകിക്കൊണ്ട് വിജിലൻസിന്റെ പുതുക്കിയ മാന്വൽ ഉടൻ പുറത്തിറങ്ങും.
നിലവിൽ 1969 മുതൽ പ്രാബല്യത്തിലുള്ള, 57 വർഷം പഴക്കമുള്ള വിജിലൻസ് മാന്വലാണ് സംസ്ഥാനത്ത് ഉപയോഗിക്കുന്നത്. ഇതിൽ പരമ്പരാഗത അന്വേഷണ രീതികൾക്ക് മാത്രമാണ് നിയമപ്രാബല്യമുള്ളത്. ഒളിക്യാമറ വച്ച് കൈക്കൂലിക്കാരുടെ ദൃശ്യങ്ങളെടുത്താലും ഡിജിറ്റൽ തെളിവുകൾ ഹാജരാക്കിയാലും, നിലവിലെ മാന്വലിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രതികൾ കോടതിയിൽ നിന്ന് രക്ഷപെടുന്ന സാഹചര്യം നിലവിലുണ്ട്. ഗൂഗിൾ പേ പോലുള്ള ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെയുള്ള അഴിമതി ഇടപാടുകൾ വർദ്ധിച്ച പശ്ചാത്തലത്തിൽ കൂടിയാണ് ഈ അടിയന്തര പരിഷ്കാരം.
വിജിലൻസ് മേധാവി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ നാലുമാസത്തെ പരിശ്രമത്തിനൊടുവിലാണ് പുതിയ മാർഗനിർദേശങ്ങൾക്ക് രൂപം നൽകിയത്. ആഭ്യന്തര വകുപ്പിന്റെ അംഗീകാരത്തോടെ ഇത് ഉടൻ വിജ്ഞാപനം ചെയ്യും. പുതിയ മാന്വൽ വരുന്നതോടെ കൈക്കൂലി ആവശ്യപ്പെടുന്ന ഫോൺ കോളുകളും സന്ദേശങ്ങളും അടങ്ങിയ ഫോണുകൾ പിടിച്ചെടുക്കാനും ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കാനും വിജിലൻസിന് പൂർണ്ണ അധികാരമുണ്ടാകും.
ചോരുന്ന അപേക്ഷകൾ വെല്ലുവിളി
അഴിമതിക്കാരുടെ ഫോൺ ചോർത്താൻ നിലവിൽ ക്രൈംബ്രാഞ്ചിന്റെ സഹായമാണ് വിജിലൻസ് തേടുന്നത്. എന്നാൽ ഇതിനായുള്ള അപേക്ഷ നൽകുമ്പോൾ തന്നെ വിവരങ്ങൾ ചോരുന്നതായി ആക്ഷേപമുണ്ട്. സി.ബി.ഐ, ഇ.ഡി, പൊലീസ്, ഇന്റലിജൻസ് തുടങ്ങിയ ഏജൻസികൾക്ക് നിലവിൽ ഫോൺ ചോർത്താൻ ഔദ്യോഗിക അധികാരമുണ്ട്.
"വിജിലൻസ് മാന്വൽ കാലോചിതമായി പരിഷ്കരിക്കും. അന്വേഷണത്തിൽ സാങ്കേതിക വിദ്യ കൂടുതലായി പ്രയോജനപ്പെടുത്തും."
- രമേശ് ചെന്നിത്തല (ആഭ്യന്തര മന്ത്രി)









