
റിയാദ്: സൗദി അറേബ്യയിലെ പ്രധാന എണ്ണശുദ്ധീകരണ കേന്ദ്രമായ സൗദി അരാംകോയുടെ റാസ് തനുര റിഫൈനറി ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം നടന്നതായി റിപ്പോർട്ട്. ആക്രമണത്തെ തുടർന്ന് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി റാസ് തനുര റിഫൈനറി താൽക്കാലികമായി പ്രവർത്തനം നിർത്തിവെച്ചു. സൗദിയിലെ ഏറ്റവും നിർണായകമായ എണ്ണശുദ്ധീകരണശാലകളിലൊന്നാണ് റാസ് തനുര റിഫൈനറി.
ആക്രമണവുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. റിഫൈനറിയിൽനിന്നുള്ള ദൃശ്യങ്ങളെന്ന പേരിൽ ചില വീഡിയോകൾ സാമൂഹികമാധ്യമമായ എക്സിൽ ഉൾപ്പെടെ ചില മാധ്യമങ്ങൾ പങ്കുവെച്ചിട്ടുണ്ടെങ്കിലും, ഇവയുടെ ആധികാരികത സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
ഇതിനിടെ പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നു. നാല് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണ് ഇപ്പോഴത്തെ വില. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽഗതാഗതം സ്തംഭിച്ചതാണ് വിലക്കയറ്റത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
ഹോർമുസ് കടലിടുക്ക് ഇറാൻ ഔദ്യോഗികമായി അടച്ചിട്ടില്ലെങ്കിലും, നിലവിലുള്ള സുരക്ഷാ ആശങ്കകൾ മൂലം നിരവധി ചരക്കുകപ്പലുകൾ ഈ വഴിയുള്ള ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. ഇത് ആഗോള ഊർജ വിപണിയിൽ കൂടുതൽ അനിശ്ചിതത്വങ്ങൾ സൃഷ്ടിക്കുന്നതായി വിദഗ്ധർ വിലയിരുത്തുന്നു.











