
അബുദാബി: ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണം. വിമാനത്താവള പരിസരത്തെ ഒരു ഇന്ധന ടാങ്കിൽ ഡ്രോൺ പതിച്ചതിനെ തുടർന്ന് വൻ തീപിടുത്തമുണ്ടായി. സംഭവത്തെ തുടർന്ന് സുരക്ഷാ മുൻകരുതലായി വിമാനത്താവള പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. തീ നിയന്ത്രണത്തിലാക്കാൻ ദുബായ് സിവിൽ ഡിഫൻസ് സംഘങ്ങൾ സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ഇതുവരെ ആളപായമോ പരുക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്നതിനിടെ മേഖലയിൽനിന്ന് ഇന്ത്യയിലേക്ക് മറ്റൊരു എണ്ണക്കപ്പൽ കൂടി പുറപ്പെട്ടു. ശനിയാഴ്ച ഇറാൻ ആക്രമിച്ച യുഎഇയിലെ ഫുജൈറ എണ്ണസംഭരണ കേന്ദ്രത്തിൽ നിന്ന് ഇന്ത്യൻ കപ്പൽ ‘ജഗ് ലാഡ്‌കി’ എണ്ണ നിറച്ച് യാത്ര തുടങ്ങി. ഏകദേശം 80,800 ടൺ മർബൻ ക്രൂഡ് ഓയിലാണ് കപ്പലിലുള്ളത്. എണ്ണ നിറയ്ക്കുന്നതിനിടെയായിരുന്നു ഫുജൈറയിൽ ഇറാന്റെ ഡ്രോൺ ആക്രമണം നടന്നത്. കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ഇതിന് മുമ്പ് രണ്ട് കപ്പലുകൾ ഇതിനകം ഇന്ത്യയിൽ എത്തിയിരുന്നു.
ഇതിനിടെ ഇറാനിൽ നിന്ന് വിക്ഷേപിച്ച ഡ്രോണുകൾ ഖത്തറിനെ ലക്ഷ്യമിട്ടതായും അവയെല്ലാം സായുധസേന തകർത്തതായും ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാന്റെ ആക്രമണം ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ ഗൾഫ് രാജ്യങ്ങൾ ജാഗ്രതാ നടപടികൾ ശക്തമാക്കിയിരിക്കുകയാണ്. വിവിധ ഇടങ്ങളിൽ ആക്രമണശ്രമങ്ങൾ ഉണ്ടായെങ്കിലും യുഎഇ ശക്തമായി പ്രതിരോധിച്ചതായാണ് റിപ്പോർട്ടുകൾ.
സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ എണ്ണ ഉൽപാദന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടെത്തിയ ഡ്രോണുകളും പ്രതിരോധസേന തകർത്തു. ഒമാനിലും സൗദിയിലും കഴിയുന്ന അമേരിക്കൻ പൗരന്മാരോട് രാജ്യം വിടാൻ അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം യുഎഇ നാല് ബാലിസ്റ്റിക് മിസൈലുകളും ആറു ഡ്രോണുകളും നേരിട്ടതായി റിപ്പോർട്ടുണ്ട്. ഈ സംഘർഷത്തിൽ ഇതുവരെ പരുക്കേറ്റവരുടെ എണ്ണം 142 ആയി.











