
ദോഹ:രാത്രികാലങ്ങളിൽ വാഹനങ്ങളുടെ ലൈറ്റുകൾ തെളിക്കാതെ യാത്ര ചെയ്യുന്നത് ട്രാഫിക് നിയമലംഘനമാണെന്നും ഇത് കർശനമായ ശിക്ഷാനടപടികൾക്ക് കാരണമാകുമെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഡ്രൈവർമാർ നിർബന്ധമായും പാലിക്കേണ്ട നിബന്ധനകൾ മന്ത്രാലയം 'എക്സ്' പ്ലാറ്റ്‌ഫോമിലൂടെയാണ് വിശദീകരിച്ചത്.ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 70 പ്രകാരം, സൂര്യാസ്തമയം മുതൽ സൂര്യോദയം വരെയുള്ള സമയത്തോ അല്ലെങ്കിൽ പകൽ സമയത്ത് കാലാവസ്ഥാ വ്യതിയാനം മൂലം കാഴ്ച മങ്ങുന്ന സാഹചര്യത്തിലോ ലൈറ്റുകൾ തെളിക്കാതെ വാഹനമോടിക്കാൻ പാടുള്ളതല്ല.കുറഞ്ഞത് ഒരു ആഴ്ച മുതൽ ഒരു വർഷം വരെ തടവ് ശിക്ഷയും 3,000 റിയാൽ മുതൽ 10,000 റിയാൽ വരെപിഴയുമാണ് നിയമം ലംഘിച്ചാലുള്ള ശിക്ഷ.രാത്രിയിൽ ഹെഡ്‌ലൈറ്റുകൾ, രണ്ട് ടെയിൽ ലൈറ്റുകൾ, പിൻവശത്തെ നമ്പർ പ്ലേറ്റ് ലൈറ്റ് എന്നിവ നിർബന്ധമായും പ്രവർത്തിച്ചിരിക്കണം.
വാഹനം നിർത്തിയിടുമ്പോൾ ഹൈ-ബീം (High beam) ലൈറ്റുകൾ ഉപയോഗിക്കാൻ പാടില്ല.
മറ്റൊരു വാഹനം എതിർദിശയിൽ വരുമ്പോൾ കാഴ്ച തടസ്സപ്പെടാതിരിക്കാൻ ഹൈ-ബീം മാറ്റി ഡിം ലൈറ്റുകളോ (Meet-beam) പൊസിഷൻ ലൈറ്റുകളോ ഉപയോഗിക്കണം.
റോഡപകടങ്ങൾ കുറയ്ക്കാനും ഡ്രൈവർമാരുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാനും നിയമങ്ങൾ കൃത്യമായി പാലിക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.










