
ദോഹ: ഖത്തറിലെ പുതിയ ഗതാഗത നിയമപ്രകാരം പ്രവാസികളുടെ സാധാരണ ഡ്രൈവിംഗ് ലൈസൻസുകളുടെ കാലാവധി 5 വർഷമായി നിജപ്പെടുത്തി. 2026-ലെ ഔദ്യോഗിക ഗസറ്റിന്റെ 22-ാം ലക്കത്തിൽ പ്രസിദ്ധീകരിച്ച പുതിയ ട്രാഫിക് നിയമത്തിലെ (2026-ലെ നിയമം നമ്പർ 19) 41-ാം അനുച്ഛേദത്തിലാണ് പ്രവാസികൾക്ക് ഏറെ ഗുണകരമാകുന്ന ഈ വ്യവസ്ഥയുള്ളത്.
ഇഷ്യൂ ചെയ്യുന്ന തീയതി മുതൽ 5 വർഷത്തേക്കായിരിക്കും പ്രവാസികളുടെ സാധാരണ ലൈസൻസുകൾക്ക് സാധുതയുണ്ടാവുക. കാലാവധി അവസാനിക്കുമ്പോൾ നിശ്ചിത ഫീസ് അടച്ചാൽ അടുത്ത അഞ്ച് വർഷത്തേക്ക് കൂടി ലൈസൻസ് പുതുക്കി നൽകുന്നതാണ്.ഖത്തർ പൗരന്മാർക്ക് എല്ലാത്തരം ഡ്രൈവിംഗ് ലൈസൻസുകളുടെയും കാലാവധി 10 വർഷമായിരിക്കും.
ഹെവി / പബ്ലിക് വെഹിക്കിൾ ലൈസൻസ് (പ്രവാസികൾക്ക്): ഇഷ്യൂ ചെയ്ത തീയതി മുതൽ ഒരു വർഷമാണ് കാലാവധി.
ലേണേഴ്സ് ലൈസൻസ്: വാഹനമോടിക്കാൻ പഠിക്കുന്നതിനുള്ള താൽക്കാലിക ലൈസൻസിന് മൂന്ന് മാസമാണ് കാലാവധി.ഈ വിഭാഗങ്ങളിലെല്ലാം കാലാവധി കഴിയുന്ന മുറയ്ക്ക് നിശ്ചിത ഫീസ് അടച്ച് സമാനമായ കാലയളവിലേക്ക് ലൈസൻസുകൾ പുതുക്കാവുന്നതാണെന്നും നിയമം വ്യക്തമാക്കുന്നു.










