05:15pm 07 November 2026
NEWS
സർക്കാർ ആശുപത്രിയിൽ രോ​ഗികളെ ചികിത്സിച്ചത് ഡോക്ടറുടെ ഡ്രൈവർ; വീഡിയോ പ്രചരിച്ചതോടെ പ്രതിഷേധം ശക്തം
18/09/2026  06:42 AM IST
nila
സർക്കാർ ആശുപത്രിയിൽ രോ​ഗികളെ ചികിത്സിച്ചത് ഡോക്ടറുടെ ഡ്രൈവർ; വീഡിയോ പ്രചരിച്ചതോടെ പ്രതിഷേധം ശക്തം

കാൻപുർ: സർക്കാർ ആശുപത്രിയിൽ ഡോക്ടറുടെ അഭാവത്തിൽ രോഗികളെ പരിശോധിക്കുകയും മരുന്നുകൾ കുറിക്കുകയും ചെയ്തത് ആശുപത്രിയിലെ ഡ്രൈവർ. ഉത്തർപ്രദേശിലെ കാൻപുരിലാണ് സംഭവം. കാൻഷി റാം ജോയിന്റ് ഹോസ്പിറ്റൽ ആൻഡ് ട്രോമ സെന്ററിലാണ് ഡോക്ടറുടെ ഡ്രൈവർ രോ​ഗികളെ ചികിത്സിച്ചത്. ആശുപത്രിയിലെ ഡോക്ടർ രാംകേഷ് കോടതിയിൽ ഒരു കേസുമായി ബന്ധപ്പെട്ട് പോയ സമയത്താണ് ഡ്രൈവർ ഒപിയിൽ രോഗികളെ പരിശോധിച്ചത്.

ഡ്രൈവർ രോഗികളെ പരിശോധിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഒപിയിൽ എത്തിയ രോഗികളെ അകത്തേക്ക് വിളിച്ചുവരുത്തി അസുഖ വിവരങ്ങൾ ചോദിക്കുന്നതും തുടർന്ന് മരുന്നുകൾ കുറിക്കുന്നതും വിഡിയോയിൽ കാണാം.

കുറിപ്പടി നൽകുന്നതിനിടെ ആശുപത്രിയിൽ മരുന്നുകൾ ലഭ്യമല്ലെന്നും പുറത്തുനിന്ന് വാങ്ങേണ്ടിവരുമെന്നും ഡ്രൈവർ രോഗികളോട് പറയുന്നതും ദൃശ്യങ്ങളിലുണ്ട്. ബുധനാഴ്ച ഉച്ചയോടെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. ഇതിനു പിന്നാലെ നിരവധി പേരാണ് വിമർശനവുമായി രം​ഗത്തെത്തിയത്. 

പ്രതിഷേധം ശക്തമായതോടെ ആശുപത്രി അധികൃതർ ഡോക്ടറോട് വിശദീകരണം തേടി. ഡ്രൈവർ രോഗികൾക്ക് കുറിപ്പടി നൽകിയതായി ഡോക്ടർ രാംകേഷ് സമ്മതിച്ചതായി ആശുപത്രി ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ. പിയൂഷ് മിശ്ര അറിയിച്ചു.

ആശുപത്രിയിലെത്തിയ രോഗി തന്റെ പരിചയക്കാരനായിരുന്നുവെന്നും ഈ സാഹചര്യത്തിലാണ് ഡ്രൈവർ കുറിപ്പടി നൽകിയതെന്നുമാണ് ഡോക്ടർ രാംകേഷിന്റെ വിശദീകരണം. സംഭവത്തിന് പിന്നാലെ ഡ്രൈവറെ ജോലിയിൽനിന്ന് പുറത്താക്കിയതായും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img