
ബംഗളുരു: ധൃതഗതിയിൽ വികസിക്കുന്ന ബംഗളുരു നഗരത്തിലെ പല ഭാഗങ്ങളും ജനനിബിഢമാണ്. റോഡുകളിലാകട്ടെ വാഹനങ്ങളുടെ അണമുറിയാത്ത ഒഴുക്കാണ്. തിരക്കേറിയ പ്രദേശങ്ങളിൽ ചെന്നാൽ ഉത്സവപ്രതീതിയാണ് അനുഭവപ്പെടുക.നഗരത്തിന്റെ ഏതാണ്ടെല്ലാ റോഡുകളിലും വര്ഷങ്ങളായി അനുഭവപ്പെടുന്ന പ്രശ്നമാണ് ഫുട്ട്പാത്ത് കയ്യേറ്റം. പാതയോര കച്ചവടക്കാർ മാത്രമല്ല ഫുട്ട്പാത്തുകൾ കയ്യടക്കുന്നത്. തൊട്ടടുത്ത കടക്കാരും സ്ഥാപനങ്ങളും പാതയോരത്ത് കൂടി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നു. മേൽക്കൂര റോഡിലേക്ക് തള്ളി നിർമ്മിക്കുന്നു. കൂടാതെ ഉന്തുവണ്ടികളും മറ്റും പാതയോരത്തു കൊണ്ടിട്ട് സ്ഥിരമായുള്ള കച്ചവടസ്ഥാപനങ്ങളാക്കി മാറ്റുന്നു. പല കച്ചവടക്കാരുടെയും ജീവനക്കാരുടെയും ഇരുചക്ര വാഹനങ്ങൾ-ചിലയിടങ്ങളിൽ കാറുകളും- പാർക്ക് ചെയ്യുന്നത് ഫുട്ട്പാത്തിലാണ്. പലയിടത്തും കാൽനടക്കാർക്ക് സുരക്ഷിതമായി നടക്കാൻ പറ്റാത്ത അവസ്ഥയാണ്. പരസ്യ ബോർഡുകളും മറ്റും കാൽനടക്കാരുടെ വഴി തടഞ്ഞുകൊണ്ട് സ്ഥാപിക്കുന്നത് ഇതിനൊക്കെ പുറമെയാണ്. പരസ്യ ബോർഡുകൾക്കും മറ്റുമായി സ്ഥിരം സ്‌ട്രെക്ച്ചറുകൾ പാതയോരങ്ങളിൽ കുറുകെ സ്ഥാപിക്കുമ്പോൾ കാൽനടക്കാർക്ക് അങ്ങോട്ട് തിരിഞ്ഞുനോക്കാൻ പോലും കഴിയുന്നില്ല. നഗരകേന്ദ്രങ്ങളിലെ പ്രധാന റോഡുകളിലെ ഫുട്ട്പാത്തുകൾ പരുഷമായി പെരുമാറുന്ന വഴിയോര കച്ചവടക്കാർ സ്വന്തമാക്കി വെച്ചിരിക്കുകയാണ്. സ്ലാബുകൾ നീങ്ങിയും പൊട്ടിപ്പൊളിഞ്ഞും കിടക്കുന്ന ഫുട്ട്പാത്തുകളുള്ള റോഡുകളും നഗരത്തിലുണ്ട്. പലേടത്തും വര്ഷങ്ങളായി കോർപറേഷന്റെ ശ്രദ്ധ പതിഞ്ഞിട്ടില്ല. കുടുംബസമേതം ഫുട്ട് പാത്തുകളിലൂടെ നടക്കുക എന്നത് ബംഗളുരുവിൽ അസാധ്യമായ കാര്യമാണ്. സിഗ്നലുള്ള ജങ്ഷനുകളിൽ പോലും കൽനടയായി റോഡ് മുറിച്ചുകടക്കാൻ പ്രയാസമേറെയാണ്. വർഷങ്ങൾ തുടർച്ചയായി പ്രധാന കടക്കാരും സ്ഥാപനങ്ങളും വഴിയോര കച്ചവടക്കാരും ഫുട്ട്പാത്തുകൾ കയ്യേറി സ്വന്തമാക്കിയ അവസ്ഥയാണ് നഗരത്തിലുള്ളത്. ഗതാഗതക്കുരുക്കുള്ളപ്പോൾ ചില വിദ്വാന്മാർ ഫുട്ട് പാത്തിലൂടെ ഇരുചക്ര വാഹനങ്ങൾ ഓടിച്ചുപോകുന്ന അത്ഭുതവും നഗരത്തിലെ ചില ഭാഗങ്ങളിൽ കാണാം. നഗരകേന്ദ്രങ്ങളിലും മറ്റു റോഡുകളിലുമായി ഇരുപത്തഞ്ചായിരത്തോളം അംഗീകൃത വഴിയോരകച്ചവടക്കാറുണ്ട്. അനധികൃതമായി വഴിയോരങ്ങളിൽ കച്ചവടം ചെയ്യുന്നവർ അതിന്റെ ഇരട്ടിയോളം കാണും. അംഗീകാരമുള്ളവരും ഇല്ലാത്തവരും നിയമവിരുദ്ധമായി ഫുട്ട്പാത്തുകൾ മുഴുവൻ കയ്യേറി കാൽനടക്കാരെ ബുദ്ധിമുട്ടിക്കുന്ന സ്ഥിതിയാണ് പല ഭാഗത്തുമുള്ളത്. ആ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഡി കെ ശിവകുമാറും നഗര വികസന മന്ത്രി കൃഷ്ണ ബൈരെഗൗഡയും സേഫ് ഫുട്ട്പാത്ത് കാമ്പയിൻ പ്രാവർത്തികമാക്കുന്നത്. പ്രതിപക്ഷ എംഎൽഎമാരുമായി കൂടിയാലോചിച്ചാണ് ഈ നീക്കം. ഗ്രേറ്റർ ബംഗളുരു അതോറിറ്റി (ജിബിഎ) യുടെ പരിധിയിലുള്ള അഞ്ചു കോർപറേഷനുകളിലെയും പാതയോരങ്ങൾ അനധികൃത സ്‌ട്രെക്ച്ചറുകൾ പൊളിച്ചുമാറ്റിയും കച്ചവടക്കാരെ ഒഴിപ്പിച്ചും ശുദ്ധീകരിക്കുന്ന പ്രക്രിയ രണ്ടുമൂന്നു ദിവസമായി ജീവനക്കാർ തുടരുകയാണ്. വഴിയോര കച്ചവടക്കാരുടെ യുണിയനുകൾ ഇതിനെതിരെ പ്രതിഷേധിക്കുന്നുണ്ടെങ്കിലും അവരിൽ അർഹതയുള്ളവരെ ഇടറോഡുകളിൽ കുടിയിരുത്തുമെന്ന് കൃഷ്ണ ബൈരെ ഗൗഡ ഉറപ്പുനൽകിയിട്ടുണ്ട്. പൊട്ടിപ്പൊളിഞ്ഞ ഫുട്ട് പാത്തുകൾ നന്നാക്കുന്ന ജോലിയും ആരംഭിച്ചിട്ടുണ്ട്. എഴുപതു കോടിയാണ് സേഫ് ഫുട്ട്പാത്ത് കാമ്പയിനായി ഗവണ്മെന്റ് മാറ്റി വെച്ചിട്ടുള്ളത്. നഗരവാസികൾ ഒന്നടങ്കം ഈ നീക്കത്തെ സ്വാഗതം ചെയ്യുകയാണ്.
Photo Courtesy - Google










