
ദോഹ:കൊടുംവേനലിൽ ശരീരത്തിന്റെ ആരോഗ്യവും ഉന്മേഷവും നിലനിർത്താൻ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും ആഹാരക്രമത്തിൽ കാതലായ മാറ്റങ്ങൾ വരുത്തണമെന്നും പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷന്റെ (PHCC) അൽ വക്ര ഹെൽത്ത് സെന്ററിലെ ന്യൂട്രീഷ്യനിസ്റ്റ് മഹ്മൂദ് അൽ തൂഖി നിർദ്ദേശിച്ചു. വേനൽക്കാലത്തെ സമഗ്രമായ ആരോഗ്യം നമ്മൾ ദിവസവും തിരഞ്ഞെടുക്കുന്ന ഭക്ഷണവിഭവങ്ങളെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്.വേനലിൽ വിയർപ്പിലൂടെ ധാരാളം ജലവും ലവണങ്ങളും നഷ്ടപ്പെടുന്നതിനാൽ ശരീരത്തിൽ നിർജ്ജലീകരണം (Dehydration) സംഭവിക്കാൻ സാധ്യതയേറെയാണ്. ഇത് തലവേദന, തലകറക്കം, കടുത്ത തളർച്ച, ശ്രദ്ധക്കുറവ് എന്നിവയ്ക്ക് കാരണമാകും. ദാഹം തോന്നുമ്പോൾ മാത്രം വെള്ളം കുടിക്കാതെ, ഇടവേളകളിൽ കൃത്യമായി വെള്ളം കുടിക്കുന്ന ശീലം വളർത്തണം.
തണ്ണിമത്തൻ, വെള്ളരി, തക്കാളി, ഓറഞ്ച്, സ്ട്രോബെറി തുടങ്ങിയ ജലാംശം കൂടുതലുള്ള ഫലവർഗ്ഗങ്ങളും പച്ചക്കറികളും ദിനചര്യയുടെ ഭാഗമാക്കുന്നത് ശരീരത്തിലെ ജലാംശം കൃത്യമായി നിലനിർത്താൻ സഹായിക്കും.വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും സമൃദ്ധമായ ചീര, കാരറ്റ്, ദ്രക്ഷ, ബെറി പഴങ്ങൾ തുടങ്ങിയവ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുക.ചൂടുകാലത്ത് വിശപ്പ് കുറയാൻ സാധ്യതയുള്ളതിനാൽ ദഹിക്കാൻ പ്രയാസമുള്ള കനത്ത ഭക്ഷണങ്ങൾക്ക് പകരം പ്രോട്ടീൻ അടങ്ങിയ ഗ്രിൽ ചെയ്ത കോഴിയിറച്ചി, മത്സ്യം, തൈര്, ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ എന്നിവ ഉൾപ്പെടുത്തിയ ലളിതമായ ആഹാരരീതി പിന്തുടരുക.
മത്സ്യങ്ങളിലുള്ള ഒമേഗ-3 ഫാറ്റി ആസിഡുകൾ ഹൃദയത്തിന്റെയും മസ്തിഷ്കത്തിന്റെയും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ചൂടുകാലത്തും ദിനചര്യയിൽ കാട്ടുന്ന ചെറിയ ജാഗ്രത വലിയ ആരോഗ്യസൗഖ്യം പ്രദാനം ചെയ്യുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.










