
കർണാടകം: സിനിമാനടി രന്യറാവുവും സുഹൃത്ത് തരുൺ രാജും ചേർന്ന് നടത്തിയ സ്വർണ്ണക്കടത്തിനെപറ്റിയുള്ള ഡി ആർ ഐ അന്വേഷണം തുടരുകയാണ്. മാർച്ച് 3ന് പിടിക്കപ്പെടുമ്പോൾ ശരീരത്തിൽ ഒളിപ്പിച്ചിരുന്ന 14.2 കിലോ കൂടാതെ നൂറു കിലോ സ്വർണ്ണം രന്യ തരുൺ രാജുവിന്റെ സഹായത്തോടെ കടത്തിയതിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് ഡി ആർ ഐ ഹൈക്കോടതിയെ അറിയിച്ചു. രന്യറാവുവിന്റെയും തരുൺ രാജുവിന്റെയും ജാമ്യഹരജികളെ എതിർത്തുകൊണ്ട് ഡി ആർ ഐ ഫയൽ ചെയ്ത സത്യവാങ് മൂലത്തിലാണ് പുതിയ വിവരങ്ങളുള്ളത്. മജിസ്‌ട്രേറ്റ് കോടതിയും സെഷൻസ് കോടതിയും ജാമ്യഹരജികൾ തള്ളിയതിനെ തുടർന്നാണ് രന്യയും തരുണും ഹൈക്കോടതിയെ സമീപിച്ചത്. രന്യ മാർച്ച് മൂന്നിനും തരുൺ അഞ്ചിനുമാണ് അറസ്റ്റിലായത്. പിടിക്കപ്പെടുന്നതിന് മുമ്പത്തെ ആറുമാസക്കാലയളവിൽ രന്യയും തരുണും 31 തവണ ദുബായ് സന്ദർശിച്ചിട്ടുണ്ടെന്നും അതിൽ ഇരുപത്തിയഞ്ചും രാവിലെ പോയി രാത്രി മടങ്ങുന്ന ഏകദിന യാത്രകളായിരുന്നെന്നും പതിനൊന്ന് തവണയായി നൂറുകിലോ സ്വർണ്ണം നടത്തിയതിന്റെ തെളിവുകളാണ് ഇതുവരെ ലഭിച്ചതെന്നും ഡി ആർ ഐ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്. യു എസ് പാസ്സ്പോർട്ടുള്ള ആളാണ് തരുൺ. അതുപ്രകാരം ദുബായ് കസ്റ്റംസിൽ സമർപ്പിച്ച ഡിക്ലറേഷനിൽ പറയുന്നത് സ്വർണ്ണം വാങ്ങിയത് ജെനീവ, ഹോങ്കോങ്, യു എസ് എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകാനാണെന്നാണ്. എന്നാൽ ആ സ്വർണ്ണം ഇന്ത്യയിലേക്ക് കടത്തുകയായിരുന്നു. സ്വർണ്ണം വാങ്ങാനുള്ള പണം ബംഗളുരുവിൽ നിന്ന് ഹവാല വഴി ദുബായിൽ എത്തിക്കാൻ സഹായിച്ചതും കടത്തിക്കൊണ്ടുവന്ന സ്വർണ്ണം വിറ്റുകൊടുത്തതും സ്വർണ്ണവ്യാപാരിയായ സാഹിൽ ജയിനാണ്. മാർച്ച് 27 ന് അറസ്റ്റിലായ ഇയാളും ജയിലിലാണുള്ളത്. ഇയാളുടെ മൊഴിയും ഡി ആർ ഐ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അറസ്റ്റുചെയ്യുമ്പോൾ നിയമപരമായ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് രന്യയുടെ അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽ പെടുത്തി. സ്വർണ്ണക്കടത്തിൽ തന്റെ കക്ഷിയ്ക്ക് പങ്കില്ലെന്നാണ് തരുൺ രാജുവിന്റെ അഭിഭാഷകൻ വാദിച്ചത്. അന്വേഷണം തുടരുകയാണെന്നും ഇനിയും തെളിവുകൾ ശേഖരിക്കാനുണ്ടെന്നും ഡി ആർ ഐ കോടതിയെ അറിയിച്ചു. രന്യറാവുവിനെ ബംഗളുരു എയർപോർട്ടിൽ നിന്ന് ഗ്രീൻ ചാനലിലൂടെ പുറത്തുകടക്കാൻ സഹായിച്ചവരെപ്പറ്റിയുള്ള വിശദ വിവരങ്ങൾ ഹാജരാക്കാൻ കോടതി ഡി ആർ ഐയ്ക്ക് നിർദ്ദേശം നൽകി. ജാമ്യഹരജികൾ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി.
Photo Courtesy - Google











