
കുഞ്ഞുന്നാൾ മുതലേ കൈകളിൽ മൈലാഞ്ചി ചോപ്പണിഞ്ഞവരോട് ഒരിഷ്ടമായിരുന്നു. അവരുടെ വിരലുകളും നഖവും കൈവെള്ളയുമെല്ലാം കൗതുകത്തോടെ നോക്കിയിരിക്കും. മലബാറിൽ നിന്നും തിരുവിതാംകൂറിലേക്ക് വരുന്ന മുസ്ലീം കുട്ടികളുടെ കൈകളിലെല്ലാമായിരുന്നു ആദ്യമൊക്കെ പുതിയ ഡിസൈനുകൾ ഞങ്ങൾ കണ്ടിരുന്നത്.
കയ്യിലെ മൈലാഞ്ചി കോണുകൾ അടക്കിവയ്ക്കുന്നതിനിടയിൽ നൗഫിയ പറഞ്ഞു.
ഞാനും നസുവും ഒരു നേരമ്പോക്കിന് തുടങ്ങിയതാണ് മൈലാഞ്ചി ഇടൽ. ഇന്ന് അത് ഇത്ര വിപുലമാകുമെന്ന് ഞങ്ങൾ രണ്ടുപേരും സ്വപ്നത്തിൽ പോലും കരുതിയില്ല.
തുടക്കം സഹോദരിയിൽ നിന്ന്
ബി.ടെക് കഴിഞ്ഞ ലൈലത്തുൽ നസൂഹ(നസു)യും എം.എ. സൈക്കോളജിക് പഠിച്ചുകൊണ്ടിരിക്കുന്ന അനിയത്തി നൗഫിയ(പൂപ്പി)യും സാധാരണ പെരുന്നാളിന് മൈലാഞ്ചി ഇടുന്നതുപോലെ അന്നും രണ്ടുപേരും മൈലാഞ്ചി പരസ്പരം ഇട്ടു. ആ പെരുന്നാളിന് ഇട്ട മൈലാഞ്ചിയുടെ ഡിസൈൻ എല്ലാവർക്കും ഇഷ്ടമായി. ഏറ്റവും അടുത്ത കൂട്ടുകാർക്കും ബന്ധുക്കൾക്കുമെല്ലാം മൈലാഞ്ചിയിട്ട കരങ്ങളുടെ പടങ്ങൾ അയച്ചുകൊടുത്തു. പലരും ചോദിച്ചു ഞങ്ങൾക്കും ഇതുപോലെ ഇട്ട് തരുമോ എന്ന്. അങ്ങനെ അടുത്ത കൂട്ടുകാർക്കും ബന്ധുക്കൾക്കുമെല്ലാം മെഹന്തി ഇട്ടുതുടങ്ങി. പലരും ഇൻസ്റ്റയിലും എഫ്.ബിയിലുമെല്ലാം ഷെയർ ചെയ്തു. അങ്ങനെ കൂട്ടുകാർക്കിടയിലും ബന്ധുക്കൾക്കിടയിലും വൈറലായി തുടങ്ങി.
ഇതൊരു ബിസിനസ്സാക്കിയാലോ എന്ന ചിന്തയൊന്നും മനസ്സിൽ ഉദിച്ചില്ല. ഞങ്ങളുടെ കുടുംബത്തിലെല്ലാവരും ഗവൺമെന്റ് ജോലിക്കാരായിരുന്നു.
ഉമ്മ താഹിറാബീവിയും പിതാവ് അബൂബക്കറുമെല്ലം സർക്കാർ ജോലിക്കാരാണ്. അതുകൊണ്ടുതന്നെ ബിസിനസ്സിനെക്കുറിച്ച് ആരും ചിന്തിച്ചില്ല. എങ്ങനെയെങ്കിലും സർക്കാർ ജോലി കരസ്ഥമാക്കുക അതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അതിനായി പരിശ്രമിച്ചുകൊണ്ടിരിക്കുമ്പോഴും ഞങ്ങളുടെ പാഷനായ മൈലാഞ്ചിയിടൽ നടന്നുകൊണ്ടിരുന്നു.
ആദ്യമൊക്കെ സർവീസായിരുന്നെങ്കിലും പിന്നീട് ഞങ്ങൾക്ക് ഞങ്ങളുടെ ആവശ്യങ്ങൾക്കുള്ള പോക്കറ്റ് മണി കിട്ടിത്തുടങ്ങി. പിന്നെ പലരും മെഹന്തി ആർട്ട് പഠിപ്പിച്ചുതരാമോ എന്ന അന്വേഷണമായി. അങ്ങനെ ഞങ്ങൾ പതിയെ മെഹന്തി ആർട്ടും പഠിപ്പിച്ചുതുടങ്ങി. അതോടെ ഞങ്ങൾ അറിയാതെ ഞങ്ങൾക്കൊരു പേരും കിട്ടി. മെഹന്തി സിസ്റ്റേഴ്‌സ്. അങ്ങനെയാണ് പലരും ഞങ്ങളെ അറിയുന്നത്.
കഴക്കൂട്ടം വെട്ടു റോഡിലെ ഫ്‌ളാറ്റിലിരുന്ന് നസൂഹയും അനിയത്തി നൗഫിയയും മനസ്സ് തുറന്നു.
തിരുവനന്തപുരത്തെ അറിയപ്പെടുന്ന സെലിബ്രിറ്റി മെഹന്തി ഡിസൈനേഴ്‌സായ ഈ സഹോദരികൾക്ക് എല്ലാപിന്തുണയും നൽകുന്നത് ഇവരുടെ ഭർത്താക്കന്മാരായ സബീറും നിയാസുമാണ്. ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന ഇവർ ഞങ്ങളുടെ പ്രിയതമകളുടെ പാഷൻ പ്രൊഫഷനാക്കി മാറ്റി.
എതിർപ്പുകൾ
പലവഴിയേ...
മൈലാഞ്ചി ഇല അരച്ച് കയ്യിലിട്ടുകൊടുത്താൽ എന്ത് വരുമാനമാണ് കിട്ടുക. എന്തിനാണ് വെറുതെ മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുത്തത്. വല്ല സർക്കാർ ജോലിക്കും ശ്രമിക്കാതെ കുട്ടികളെ ഇങ്ങനെ തോന്നിയപോലെ വിടുകയാണോ, എന്നിങ്ങനെ പലരുടേയും പ്രത്യേകിച്ച് കുടുംബങ്ങളുടെ ചോദ്യങ്ങൾക്കെല്ലാം വാപ്പായും ഉമ്മയും തളർന്നുപോയപ്പോഴും അവർക്ക് കരുത്ത് പകർന്നത് ഇക്കമാരായിരുന്നു. അവർ നൽകിക്കൊണ്ടിരിക്കുന്ന സ്‌നേഹവും പരിഗണനയും പ്രോത്സാഹനവുമാണ് ഞങ്ങൾക്ക് 'ഇഷ്‌ക്' എന്ന ബ്രാൻഡിൽ എത്താൻ കഴിഞ്ഞത്. അതുകൊണ്ടുതന്നെയാണ് ഗോപിനാഥ് മുതുകാട് എന്ന വലിയ മനുഷ്യൻ മാജിക് പ്ലാനറ്റിലേക്ക് ഞങ്ങളെ ക്ഷണിച്ചതും അവിടുത്തെ കുട്ടികൾക്ക് മെഹന്തി ആർട്ട് പഠിപ്പിച്ചുകൊടുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞതും. അത് ഞങ്ങൾക്ക് കിട്ടിയ ഏറ്റവും വലിയ അനുഗ്രഹവും അംഗീകാരവുമാണ്.
പലപ്പോഴും ഞങ്ങൾക്ക് ലഭിക്കുന്ന വരുമാനത്തിലെ വലിയ ഒരു പങ്കും ചാരിറ്റിക്ക് വേണ്ടിയാണ് ചെലവഴിക്കുന്നത്.
നൂറിൻ ഷെറീഫ്, ശ്രീലക്ഷ്മി, അപ്‌സര, ആലീസ് ക്രിസ്റ്റി, ആതിര മാധവ്, ഐശ്വര്യദേവി, രേഷ്മനായർ, ശ്രേയ അയ്യർ തുടങ്ങിയ സെലിബ്രിറ്റികൾക്കായിരുന്നു ആദ്യം മെഹന്തി അണിയിച്ചത്. അവരുടെ റീലുകൾ കണ്ടും മറ്റും കൂടുതൽ അവസരങ്ങൾ വന്നുകൊണ്ടിരിക്കുന്നു. നൗഫിയ പറഞ്ഞുനിർത്തുന്നതിനിടയിൽ കോളിംഗ് ബെൽ ശബ്ദിച്ചു. ഓ.. അത് മർവയും ഹനാനുമായിരിക്കും. അവർ സ്‌ക്കൂളിൽ നിന്നും വരുന്ന സമയമല്ലേ.. നിയാസ് പറഞ്ഞു. നസൂഹയുടെ മക്കളാണ് അവർ. എനിക്കും നൗഫിയയ്ക്കും ഇപ്പോൾ ഒരു കുഞ്ഞേയുള്ളൂ, ഇസാൻ ആലിം. തൊട്ടിലിൽ ഉറങ്ങുന്ന കുഞ്ഞിനെ ചൂണ്ടി നിയാസ് ചിരിച്ചു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിപണിയിൽ നിന്നും മെഹന്തി കോണുകൾ വാങ്ങുമ്പോൾ ഗുണനിലവാരം ഉള്ളതാണോ എന്ന് നോക്കണം. എക്‌സ്‌പെയറി തീയതി നോക്കി വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കണം. കാലാവധി തീർന്ന കോണുകൾ ഉപയോഗിക്കുന്നത് ചർമ്മപ്രശ്‌നങ്ങൾക്ക് കാരണമാകും. ചൊറിച്ചിൽ പോലുള്ള ബുദ്ധിമുട്ടുകൾ തുടങ്ങി പൊള്ളലിൽവരെ അവ എത്തിയതായി പറയുന്നു.
പരമാവധി ആറ് മാസത്തിൽ കൂടുതൽ എക്‌സ്‌പെയറി ഡേറ്റുള്ളത് ഉപയോഗിക്കാതിരിക്കുക എന്നേ ഞങ്ങൾ പറയൂ. കഴിയുന്നതും ഫ്രഷ് ആയ കോണുകൾ തന്നെ ഉപയോഗിക്കുക. ഇലകൾ അരച്ച് ഉപയോഗിക്കാൻ കഴിയുന്നതാണ് ഉത്തമം. പക്ഷേ, ഇന്ന് അതിനാരും മുതിരില്ല. അപ്പോൾ വിപണിയിൽ ഏറ്റവും പ്രചാരമുള്ളതും ഗുണനിലവാരമുള്ളതുമായ ഓർഗാനിക് തന്നെ വാങ്ങിക്കാൻ ശ്രദ്ധിക്കുക.
കല്യാണത്തിന് മൈലാഞ്ചി ഇടുകയാണെങ്കിൽ രണ്ടുദിവസം മുൻപുതന്നെ ഇടണം. 48 മണിക്കൂറിനുശേഷമാണ് ഹെന്ന സ്റ്റൈൽ കിട്ടുക. മെഹന്തി ഇട്ട് കഴിഞ്ഞ് അഞ്ചോ, ആറോ മണിക്കൂറിനുശേഷം എടുത്താൽ ഡാർക്ക് ഓറഞ്ച് ഷേഡായിരിക്കും. 48 മണിക്കൂറിനുശേഷം ഡാർക്ക് ബ്രൗണിലേക്ക് എത്തും.
മെഹന്തി റിമൂവ് ചെയ്യുമ്പോൾ വെള്ളം, സോപ്പ് ഇവ ഉപയോഗിക്കാതിരിക്കുക. മൈലാഞ്ചി ഇട്ട ശേഷം ചെറുനാരങ്ങാനീരോ, പഞ്ചസാര ലായനിയോ ഇടയ്ക്ക് ഇറ്റിച്ച് കൊടുക്കുന്നതും നല്ലതാണ്. കഴിയുന്നതും മൈലാഞ്ചി കൂടുതൽ സമയം വെച്ച് ഉണങ്ങിക്കഴിഞ്ഞശേഷം പൊടിച്ച് കളഞ്ഞ് കൈകഴുകാതെ തന്നെ ഓയിൽ തേച്ച് വയ്ക്കുന്നതും കൂടുതൽ ദിവസം നിറം നിലനിർത്താൻ സഹായകമാകും. സോപ്പും മറ്റും ഉപയോഗിക്കുന്നതിനനുസരിച്ച് നിറം മങ്ങിക്കൊണ്ടേയിരിക്കും.