
“മോളേ നീയൊരു പെൺകുട്ട്യാ.. പെൺകുട്ട്യോള് രണ്ടും മൂന്നും ദിവസം വീടുവിട്ട് നിൽക്കാൻ പാടുണ്ടോ? ഏടെപ്പോയി കറങ്ങീട്ടാപ്പം വരുന്നേ?'
അയൽവീട്ടുകാരുടെ ചോദ്യങ്ങൾക്ക് മുന്നിൽ സാബിറ എന്ന സ്‌ക്കൂൾകുട്ടിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഉള്ള് നിർത്താതെ മിടിച്ചു.
സംസ്ഥാന സ്‌ക്കൂൾ കായികമേളയിൽ പങ്കെടുത്ത്, വിജയംനേടി, ആ വിവരം നേരിട്ടറിയിക്കാനുള്ള സന്തോഷത്തോടെ വീട്ടിലേക്ക് ഓടിയെത്തിയതായിരുന്നു സാബിറ. ഞാൻ പോയത് ഊട്ടിയിലേയ്‌ക്കോ കൊടൈക്കനാലിലേയ്‌ക്കോ ആയിരുന്നില്ലെന്ന് ആരാണിവരെയൊന്ന് പറഞ്ഞ് മനസ്സിലാക്കുക? സാബിറയ്ക്ക് നൊമ്പരമിറക്കി വെക്കാൻ ഒരു ചെറിയ അത്താണി പോലും എവിടെയും ഉണ്ടായിരുന്നില്ല. അയൽവാസികളുടെ മുനവെച്ച ചോദ്യങ്ങൾക്ക് മുന്നിൽ ആകെ പതറി. നിറഞ്ഞ കണ്ണുകളോടെ, ഉറക്കമില്ലാതെ ആ രാത്രി മുഴുവൻ സാബിറ തള്ളിനീക്കി.
എന്നാൽ ആ വേദനകൾക്കുള്ള ഉത്തരം പിറ്റേദിവസത്തെ പത്രങ്ങളിലുണ്ടായിരുന്നു. കോട്ടയത്ത് നടന്ന സംസ്ഥാന സ്‌ക്കൂൾ കായികമേളയിൽ, കോഴിക്കോടിന് ഓവർറോൾ ചാമ്പ്യൻഷിപ്പ് കിട്ടിയ വാർത്തയാണ് ഫോട്ടോകളോടെ പത്രത്താളുകളിൽ അന്ന് നിറഞ്ഞുനിന്നിരുന്നത്.
കോഴിക്കോട്ടെ കായിക പ്രതിഭകൾക്കൊപ്പം പൂനൂർ ഗ്രാമത്തിന്റെ അഭിമാനമായി സാബിറ എന്ന കൊച്ചുമിടുക്കിയും നിൽക്കുന്ന ചിത്രം. തൊട്ടടുത്ത് മറ്റൊരു ഫോട്ടോ. കപ്പുയർത്തി നിൽക്കുന്ന നാല് പെൺകുട്ടികൾ, അതിലൊന്ന് സാബിറയാണ്. റിലേ മത്സരത്തിൽ കോഴിക്കോടിന് വേണ്ടി ഒന്നാംസ്ഥാനം നേടിയ അഭിമാനതാരങ്ങൾ. കൂടാതെ മറ്റൊരു ചെറിയ ഫോട്ടോയും, ലോംഗ് ജംപിൽ രണ്ടാംസ്ഥാനം നേടിയ സാബിറയുടേത് തന്നെ അതും.
അന്ന് വീടുകളിലൊന്നും ന്യൂസ് പേപ്പറുകൾ സർവ്വസാധാരണമായിട്ടില്ല. അടുത്ത് അലിമാഷുടെ വീട്ടിൽ പേപ്പറുണ്ട്. അവിടെ ഓടിച്ചെന്നാണ് സാബിറ ഈ കാഴ്ചകൾ ഒക്കെയും അനുഭവിച്ചത്. മാഷുടെ അടുത്തുനിന്നും പേപ്പർ വാങ്ങി സാബിറ അയൽക്കാരെയൊക്കെ ചെന്നുകണ്ടു, അതൊന്ന് നന്നായി കാണിച്ചുകൊടുത്തു.
'ഞാൻ ടൂറിനൊന്നുമല്ല സ്‌ക്കൂളിൽ നിന്നും പോയത്, ഈ മെഡൽ വാങ്ങാനാണ്...'
ആ നാളുകളെപ്പറ്റി ഓർക്കുമ്പോൾ, ഇന്നും സാബിറ ടീച്ചറുടെ ഉള്ളിൽ ഒരു കടൽ ഇരമ്പും.... സങ്കടക്കടൽ താണ്ടിയ യാനപാത്രത്തിന്റെ അമരത്തേറി പിന്നിട്ട നാളുകൾ ഓർത്തെടുക്കുകയാണ് ടീച്ചർ.
അപ്രഖ്യാപിത
വിലക്കുകളുടെ കാലം
'ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല, അന്നത്തെ കാലം അതായിരുന്നു. പ്രത്യേകിച്ച് മുസ്ലീം കമ്മ്യൂണിറ്റിയിൽ നിന്നുമൊരു പെൺകുട്ടിക്ക് ചുറ്റും അപ്രഖ്യാപിത വിലക്കുകൾ ഏറെയായിരുന്നു. അൽപ്പമൊന്ന് മുതിർന്ന് കഴിഞ്ഞാൽ പെൺകുട്ടികൾ പഠിക്കാൻ പോകുന്നത് തന്നെ വിരളം. അപ്പോൾ പിന്നെ ഓടാനും ചാടാനും പോകുന്ന കാര്യം ചിന്തിക്കുന്നതുതന്നെ കടന്നകയ്യാണ്.'
താമരശ്ശേരിക്കടുത്തുള്ള ഗവ. പൂനൂർ ഹൈസ്‌ക്കൂളിൽ ഞാൻ പഠിക്കുമ്പോൾ എട്ടാം ക്ലാസിലും, ഒൻപതിലുമൊക്കെയുള്ള കുട്ടികൾ പഠനം പൂർത്തിയാക്കാതെ നിക്കാഹ് കഴിച്ചുപോകും. അന്നേ ഞാൻ തീരുമാനിച്ചതാണ്, എനിക്ക് പഠിക്കണം, ഒരു ജോലി വേണം, സ്വന്തം കാലിൽ നിൽക്കണം എന്നിട്ടുമതി കല്യാണവും കുടുംബവുമൊക്കെ. ഒരുപരിധിയോളം വീട്ടുകാർ ഒപ്പം നിന്നു, അതുതന്നെ മഹാഭാഗ്യം.
ചെറിയ ക്ലാസിൽ പഠിക്കുന്ന സമയം തൊട്ടേ എനിക്ക് സ്‌പോർട്‌സിനോട് വലിയ ഇഷ്ടമായിരുന്നു. ജംപിംഗ് ആണ് ഏറെയിഷ്ടം. ഓട്ടത്തോടും പ്രിയം തന്നെയാണ്. അഞ്ജുബോബി ജോർജ്ജിനോടും, പി.ടി. ഉഷയോടുമൊക്കെ വലിയ ആരാധനയായിരുന്നു. അവരെപ്പോലെ ആകണമെന്ന ആഗ്രഹം കുട്ടിക്കാലത്തെ ഉള്ളിൽ ഉണ്ടായിരുന്നു. പിന്നീട് സ്‌ക്കൂളിൽ നിന്ന് സ്റ്റേറ്റ് മത്സരത്തിനൊക്കെ പോകുമ്പോൾ, അഞ്ജു ബോബിജോർജ്ജിനെ കാണാനുമായി. അഞ്ജു സീനിയറായി മത്സരിക്കുമ്പോൾ ഞാൻ സബ്ജൂനിയറായിരുന്നു. ഒരു ശിക്ഷണവുമില്ലാതെ, എന്നിലെ അത്‌ലറ്റിനെ പാകപ്പെടുത്തിയത്, സ്‌ക്കൂളിലേക്കുള്ള പരുക്കൻ പ്രകൃതി തന്നെയായിരിക്കണം. കുന്നും വയലും തോടുമൊക്കെ കയറിയിറങ്ങിവേണം സ്‌ക്കൂളിലെത്താൻ. അഞ്ച് കിലോ മീറ്ററിലധികം ദൂരമുണ്ട് വീട്ടിൽ നിന്നും സ്‌ക്കൂളിലേക്ക്. രാവിലെ നടക്കും, വൈകിട്ട് സ്‌ക്കൂൾ വിട്ട് വീണ്ടും നടക്കും. അതല്ലാതെ ആദ്യമൊന്നും ഒരു പ്രാക്ടീസ് പോലും ലഭിച്ചിരുന്നില്ല. സ്‌ക്കൂളിൽ കുറെ ഓടും, ചാടും, അതല്ലാതെ ശാസ്ത്രീയമായി ഒരു പരിശീലനവും ലഭിച്ചതേയില്ല.
സ്‌ക്കൂളിൽ നിന്ന് ജില്ലാമത്സരത്തിനൊക്കെ കൊണ്ടുപോകും, വല്യ, വല്യ സ്‌ക്കൂളിലെ കുട്ടികൾ, പ്രത്യേക ഡ്രസ്സും, ഷൂസുമൊക്കെയിട്ട് വരും. ഞങ്ങളതുകണ്ട് അമ്പരന്ന് നിൽക്കും, അവർക്ക് കോച്ച് ഉണ്ട്, സ്‌പോൺസർ ഉണ്ട് എന്നൊക്കെ പറയുന്നത് കേട്ട് മിഴിച്ച് നിന്നിട്ടുണ്ട് പലപ്പോഴും. സത്യത്തിൽ അതൊക്കെ എന്താണെന്ന് അന്നൊന്നും എനിക്ക് അറിഞ്ഞുകൂടായിരുന്നുവെന്നതാണ് സത്യം.' സാബിറ ടീച്ചറുടെ വാക്കുകൾ.
'ചാട്ടം' എന്ന ലക്ഷ്യം
സാബിറ പഠിച്ച സ്‌ക്കൂളിനടുത്തുള്ള കോരങ്ങാട് ഹൈസ്‌ക്കൂളിലെ കായികാദ്ധ്യാപകനായ ടി.എം. അബ്ദുറഹിമാൻ മാസ്റ്റർ, ആ പെൺകുട്ടിയിൽ ഒളിച്ചിരിക്കുന്ന കായികപ്രതിഭയെ കണ്ടെത്തിയതോടെയാണ് സാബിറയുടെ ജീവിതത്തിൽ വഴിത്തിരിവുകൾ ഉണ്ടാകുന്നത്. ഇന്ന് കേരള സ്‌പോർട്‌സ് കൗൺസിൽ അംഗമായ മാസ്റ്റർ, സാബിറയെപ്പോലെ ഒട്ടേറെ കായികപ്രതിഭകളെ കണ്ടെത്തി വളർത്തിയെടുത്തിട്ടുമുണ്ട്. അബ്ദുറഹിമാൻ മാസ്റ്ററുടെ ശിക്ഷണത്തിലാണ് അത്‌ലറ്റിക്‌സിന്റെ ബാലപാഠങ്ങൾ സാബിറ ശാസ്ത്രീയമായി പഠിച്ചത്. കേരള അത്‌ലറ്റിക് അസ്സോസിയേഷന്റെ കീഴിലുള്ള ഒട്ടേറെ മത്സരങ്ങളിൽ പങ്കുചേരാനും, അതുവഴി കഴിവ് തെളിയിക്കാനും, അതുവഴി സാബിറയ്ക്ക് അവസരം ലഭിക്കുകയും ചെയ്തു.
'ചാട്ട'മാണ് തന്റെ വഴിയെന്ന് സാബിറ തിരിച്ചറിഞ്ഞനാളുകളായിരുന്നു അത്. ലോംഗ്ജംപ്, ഹൈജംപ്, ട്രിപ്പിൾജംപ് തുടങ്ങിയവയിൽ കൂടുതൽ ശ്രദ്ധ നൽകി പരിശീലനം തുടർന്നു. ഒട്ടേറെ മത്സരങ്ങളിൽ പങ്കാളിയായി, വിജയമണിഞ്ഞു.
ഇതിനോടൊപ്പം ചില മതകേന്ദ്രങ്ങളിൽ നിന്നും വലിയ സമ്മർദ്ദമാണ് സാബിറയുടെ വീട്ടുകാർക്ക് നേരിടേണ്ടിവന്നത്. 'കല്യാണപ്രായം എന്നേ കഴിഞ്ഞ' ഒരു മുസ്ലീം പെൺകുട്ടി ഇങ്ങനെ ചാടിനടക്കുന്നത് ശരിയല്ലെന്നും, പെട്ടെന്ന് തന്നെ കെട്ടിക്കണമെന്നുമായിരുന്നു ആ സമ്മർദ്ദത്തിന്റെ പൊരുൾ. അതിനെ തുടർന്നാണ്, തന്റെ സ്വപ്നമായ ഒരു ജോലി ശരിയാകുന്നതിന് മുമ്പേ, കല്യാണപ്രായം കഴിഞ്ഞുപോയ 'ഇരുപതാം വയസ്സിൽ' സാബിറ വിവാഹിതയാകുന്നത്. അങ്ങനെയാണ്, പുതിയങ്ങാടിയിലെ പണ്ടാരത്തിൽ അബ്ദുൾ റഹ്മാന്റെ ജീവിത സഖിയായി സാബിറ മാറുന്നത്. സാബിറയുടെ മുന്നോട്ടുള്ള യാത്രയിൽ വലിയ പിന്തുണയായി അബ്ദുൾ റഹ്മാൻ ഒപ്പം നിന്നു. സ്ത്രീകളെ കൂട്ടിലടച്ച് വളർത്തുന്നതിനോട് ഒട്ടും യോജിക്കാത്ത ആളായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ കൂടിയായ അബ്ദുൾ റഹ്മാൻ, അത്, സാബിറയ്ക്ക് പകർന്ന് നൽകിയ ആത്മവിശ്വാസം അത്രയേറെ വലുതുമായിരുന്നു. സാബിറയുടെ ജീവിതത്തിൽ, ആദ്യം കരുത്തുപകർന്നത് ഉമ്മ കുറ്റിക്കണ്ടി ആയിഷയായിരുന്നു. 'പ്രായം തികഞ്ഞ പെൺകുട്ടിയെ ചാടാനും, ഓടാനും വിടുന്നുവെന്ന കുറ്റം' കുറേയേറെ കേട്ടിട്ടും, തെല്ലും പതറാതെ, ആ കാലത്ത് ആ ഉമ്മ മകളുടെ സ്വപ്നങ്ങൾക്ക് ഒപ്പം നിന്നു. വിവാഹശേഷം ഭർത്താവും ആ കിനാവുകൾക്ക് വർണ്ണം പകരുക തന്നെയായിരുന്നു. ഈ പിന്തുണകൾ ഒന്നുമില്ലായിരുന്നുവെങ്കിൽ, ഇന്നത്തെ അത്‌ലറ്റ് സാബിറ ഉണ്ടാവുകയേയില്ലാ എന്നുപറയുമ്പോൾ, കണ്ണുനിറഞ്ഞ് പോകുന്നുണ്ട് സാബിറ ടീച്ചർക്ക്.
തെരഞ്ഞെടുപ്പ് പോരാട്ടം
ഇതിനിടയിൽ പ്രീപ്രൈമറി ടീച്ചർ ട്രെയിനിംഗ് സാബിറ പൂർത്തിയാക്കിയിരുന്നു. തുടർന്ന് പ്രോഗ്രസ്സീവ് പബ്ലിക് സ്‌ക്കൂളിൽ അധ്യാപികയുമായി. ഈ സമയത്താണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് വരുന്നത്. കോഴിക്കോട് കോർപ്പറേഷനിൽ മത്സരിക്കണമെന്ന ആവശ്യം ശക്തമായതോടെ, പുതിയങ്ങാടി ഡിവിഷനിൽ സാബിറ സ്ഥാനാർത്ഥിയുമായി. മത്സരം കടുത്തതായിരുന്നു. ഫലം പുറത്ത് വന്നപ്പോൾ സാബിറ തോറ്റു. അന്ന്് അതൊരു ഷോക്ക് പോലെ തോന്നിയെങ്കിലും, തിരിഞ്ഞുനോക്കുമ്പോൾ, അതെത്ര നന്നായി എന്നാണ് ടീച്ചറുടെ പക്ഷം. 'ജയിച്ചിരുന്നുവെങ്കിൽ, ഞാൻ കോർപ്പറേഷൻ കൗൺസിലറായേനെ, പൊതുപ്രവർത്തനത്തിൽ കൂടുതൽ സജീവമായേനെ, നാട്ടുകാർക്കൊപ്പം നിന്ന് നന്നായി പ്രവർത്തിക്കാനും കഴിഞ്ഞേനെ, എല്ലാം ശരിയാണ്. എന്നാൽ സാബിറയെന്ന ഇന്നത്തെ ഇന്റർനാഷണൽ അത്‌ലറ്റ് ആകാൻ എനിക്ക് കഴിയില്ലായിരുന്നു. ചില തോൽവികൾ അനുഗ്രഹമായി മാറുന്നത് അങ്ങനെയാണ്.' സാബിറ ടീച്ചർ കൂട്ടിച്ചേർക്കുന്നു.
കോളേജ് പ്രവേശനം
എന്ന കടമ്പ
'ഇലക്ഷന് ശേഷം ഞാൻ സ്‌ക്കൂളിലേക്ക് പോയതേയില്ല, കൂടുതൽ പഠിക്കണമെന്ന് തന്നെയായി ഒരുതരം വാശി. കായിക അധ്യാപിക ആകണം. ഗവ. ഫിസിക്കൽ എഡ്യുക്കേഷൻ കോളേജ് ഈസ്റ്റ് ഹില്ലിലാണ്. അന്ന് ഒന്നരവയസ്സുള്ള കുഞ്ഞ് കൂടിയുണ്ട്. കുഞ്ഞിനെയും കൊണ്ട് എങ്ങനെ പഠിക്കാൻ പോകും? എങ്ങനെ വീട് നോക്കും? ചോദ്യങ്ങൾ ഒട്ടനവധി ഉയർന്നു, ഭർത്താവ് ഒപ്പം തന്നെ നിന്നു. അതുതന്നെയായിരുന്നു വലിയ കരുത്ത്.'
അതുവരെയുള്ള പെർഫോമൻസുകളുടെ വെളിച്ചത്തിൽ കോളേജിൽ പ്രവേശം കിട്ടുമെന്നായിരുന്നു വിശ്വാസം. എന്നാൽ പ്രായപരിധി വലിയ തടസ്സമായി. 27 വയസ്സ് വരെയാണ് അഡ്മിഷൻ, എനിക്കാകട്ടെ 29 വയസ്സ് കഴിഞ്ഞു. സ്‌ക്കൂളിൽ നിന്ന് പ്രവേശനം കിട്ടില്ല, ഹയർ എഡ്യൂക്കേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ സ്‌പെഷ്യൽ ഓർഡർ ഉണ്ടെങ്കിൽ പ്രവേശനം ലഭിക്കും. പിന്നീട് അതിനുള്ള ഓട്ടമായി. കോഴിക്കോട്ടെ എം.എൽ.എ പ്രദീപ്കുമാർ എല്ലാ പിന്തുണയുമായി ഒപ്പം നിന്നു. അതൊരിക്കലും മറക്കാനാവില്ല.
ഹയർ എഡ്യൂക്കേഷൻ വകുപ്പിന്റെ മീറ്റിംഗിൽ എനിക്ക് സംസാരിക്കാൻ അനുവദിച്ച സമയം വെറും രണ്ട് മിനിട്ട് മാത്രമാണ്, കുഞ്ഞിനേയും തോളത്തിട്ട് നിൽക്കുന്ന എന്നെ കണ്ടപ്പോൾതന്നെ അവർക്ക് അസ്വാഭാവികത തോന്നി, അവർ ഇരിക്കാൻ പറഞ്ഞു, കാര്യങ്ങൾ തിരക്കി. 'ഈ കോഴ്‌സ് പഠിക്കാൻ ശാരീരികക്ഷമത പ്രധാനമാണ്, അതാണ് 27 വയസ്സായി നിശ്ചയിക്കാൻ കാരണം, ഇപ്പോൾ കൈക്കുഞ്ഞുമുണ്ട്. എങ്ങനെ കനത്ത ട്രെയിനിംഗുകൾ ചെയ്യും?' ഇതായിരുന്നു ആദ്യചോദ്യം.
ആലപ്പുഴയിൽ നടന്ന സംസ്ഥാന കേരളോത്സവത്തിൽ ലോംഗ്ജംപിൽ ഒന്നാംസ്ഥാനം നേടിയ സർട്ടിഫിക്കറ്റ് ഞാൻ അവർക്ക് കാണിച്ചുകൊടുത്തു. കുഞ്ഞിന് 6 മാസമുള്ളപ്പോഴാണ് ആ മത്സരം. ഞാൻ ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ കുഞ്ഞുമായി ഭർത്താവ് പുറത്ത് നിൽക്കുകയായിരുന്നു. ഇനി ഞാൻ പഠിക്കാൻ പോയാലും കുഞ്ഞിന് തുണയായി അദ്ദേഹം കാണും. എന്റെ വാക്കുകൾ അവർ മുഖവിലയ്ക്ക് എടുത്തു. കോളേജിൽ 'ഫിസിക്കലി ഫിറ്റ്' ആണെന്ന് തെളിയിച്ചാൽ അഡ്മിഷൻ നൽകാമെന്ന് അവർ തീരുമാനിക്കുകയും ചെയ്തു. അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് സാർ ഓർഡർ നൽകുകയും ചെയ്തു. കോളേജിൽ എത്തി, എല്ലാ ടെസ്റ്റുകളിലും വിജയിച്ചു. അങ്ങനെ പ്രവേശനവും ലഭിച്ചു.
അന്നത്തെ പഠനത്തെയും, കുടുംബജീവിതത്തെയും പറ്റി ഞാൻ ഒന്നും പറയുന്നില്ല. വിഷമതകൾ ഒട്ടേറെയായിരുന്നു. എന്നാൽ അതെല്ലാം മറികടക്കാൻ കഴിഞ്ഞു. കോളേജധികൃതർ വളരെയധികം പിന്തുണ തന്നു. സഹപാഠികളും എല്ലാ സഹായവുമേകി. എന്നെ ഞാനാക്കി മാറ്റിയെടുത്തത് ആ കലാലയമാണ്. ഒപ്പം എല്ലാവിധ പിന്തുണയുമേകി എന്റെ കുടുംബവും ഒപ്പം നിന്നു, അങ്ങനെ ഞാനൊരു കായിക അധ്യാപികയായി, ഭാരതത്തിന്റെ പതാക ഉയർത്തിപ്പിടിക്കാൻ ഭാഗ്യം ലഭിച്ച ഒരു അത്‌ലറ്റായി മാറി.
ഡോ. റോയ്‌ജോൺ സാറിന്റെ ശിക്ഷണമാണ് രാജ്യത്തിന് അകത്തും പുറത്തുമുള്ള മത്സരങ്ങളിൽ കരുത്ത് തെളിയിക്കാൻ, ഞാനെന്ന നാട്ടുമ്പുറത്തുകാരിക്ക് അവസരമൊരുക്കിയത്. ഇന്ന് പുതിയ ഏത് മത്സരമുണ്ടായാലും അദ്ദേഹത്തിന്റെ ഉപദേശങ്ങൾ തന്നെയാണ് ഇന്നും എനിക്ക് വഴികാട്ടുന്നത്.
ഫോർട്ടിപ്ലസിലെ താരം
കായികപരിശീലനത്തിനുശേഷം, 2016 ൽ സർവ്വശിക്ഷാ അഭിയാന്റെ കീഴിൽ, കല്ലായി ഗണപത് ഹൈസ്‌ക്കൂൾ, ആഴ്ചവട്ടം ഹയർ സെക്കന്ററി സ്‌ക്കൂൾ, പരപ്പിൽ എം.എം.എച്ച് സ്‌ക്കൂൾ, ചിന്താവളപ്പ് യു.പി സ്‌ക്കൂളുകൾ എന്നിവിടങ്ങളിൽ പ്രവർത്തിച്ച സാബിറ ടീച്ചർ ഇപ്പോൾ കോഴിക്കോട് മാവിളിക്കടവ് എം.എസ്.എസ് ഹയർ സെക്കന്ററി സ്‌ക്കൂളിലെ കായിക അധ്യാപികയാണ്. കൂടാതെ ഒട്ടേറെ കായിക സംഘടനകളിലെ സജീവ സാന്നിധ്യവും കൂടിയാണ്.
ദുബായ് ഇന്റർനാഷണൽ മാസ്റ്റേഴ്‌സ് ഓപ്പൺ അത്‌ലറ്റിക്‌സ് മീറ്റിൽ ലോംഗ്ജംപ് സ്വർണ്ണം, ട്രിപ്പിൾജംപ് സ്വർണ്ണം, ഹൈജംപ് വെള്ളി, 100 മീറ്റർ ഓട്ടത്തിൽ ബ്രോൺസ്, ദക്ഷിണ കൊറിയയിൽ നടന്ന ഏഷ്യാപെസഫിക് മാസ്റ്റേഴ്‌സ് ഗെയിംസിൽ ബാസ്‌ക്കറ്റ് ബാൾ സ്വർണ്ണം, ഹൈജംപ് വെള്ളി, ലോംഗ് ജംപ് ബ്രോൺസ് തുടങ്ങി ഒട്ടേറെ പുരസ്‌ക്കാരങ്ങൾ സാബിറ ടീച്ചർക്ക് ലഭിച്ചിട്ടുണ്ട്, കൂടാതെ ബെസ്റ്റ് ട്രെയിനർക്കുള്ള ദേശീയ പുരസ്‌ക്കാരവും, സംസ്ഥാന സർക്കാരിന്റെ മൂന്നുതവണ അവാർഡുകളും ടീച്ചറെ തേടിയെത്തിയിട്ടുണ്ട്.
'ഫോർട്ടിപ്ലസ് കാറ്റഗറിയിൽ, ഇന്ത്യക്ക് വേണ്ടി ജഴ്‌സിയണിയാനും, വിജയം നേടാനും കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമാണ്. ദേശീയപതാക വീശി വിക്ടറി സ്റ്റാന്റിൽ നിൽക്കുമ്പോൾ, ഇന്ത്യയുടെ ദേശീയഗാനം അവിടെയാകെ അലയടിക്കുമ്പോൾ, എന്റെ ഹൃദയത്തിലിരമ്പുന്ന വികാരങ്ങളെ ഏത് വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കണമെന്ന് സത്യത്തിൽ എനിക്കിപ്പോഴും അറിയില്ല.' ടീച്ചറുടെ വാക്കുകൾ.
പഴയകാലമേ അല്ല ഇപ്പോൾ. ഇന്ന് വനിതകൾ അടക്കമുള്ള കായികതാരങ്ങൾക്ക് എല്ലാം വലിയ അവസരങ്ങൾ ലഭിക്കുന്നുണ്ട്. പൊതുസമൂഹം സ്വീകാര്യത നൽകുന്നുമുണ്ട്. തൊഴിൽ സുരക്ഷിതത്വവും ഏറെയാണ്. സ്‌പോർട്‌സ് വികസന കാര്യത്തിൽ കേരളം വളരേയേറെ മുന്നിലുമാണ്. ഈവിധം സാധ്യതകളെ പൂർണ്ണമായും ഉപയോഗപ്പെടുത്താൻ നമുക്ക് കഴിയണം.
ഉള്ളിലെ സ്വപ്നങ്ങളെ ഒരു വിധത്തിലും ബന്ധിച്ച് നിർത്തരുത്, ചിറക് വീശിപ്പറക്കാൻ അനുവദിക്കുക തന്നെ വേണം...' സാബിറ ടീച്ചർ കൂട്ടിച്ചേർക്കുന്നു. ഭർത്താവ് അബ്ദുൾ റഹ്മാന് പുറമെ, മക്കളായ സൈനുനിദയുടേയും, ദിലു നിബ്രൂദിന്റേയും എല്ലാ പിന്തുണയും ടീച്ചർക്ക് കൂട്ടായി ഒപ്പമുണ്ട്.
തളർന്ന് വീഴുമെന്ന് കരുതിയിടത്ത് നിന്നെല്ലാം പതറാതെ ഉയർന്ന് വന്ന വിജയഗാഥയാണിത്. കളിക്കളത്തിൽ ഇറങ്ങിയതിന്റെ പേരിൽ കരഞ്ഞ് നിൽക്കേണ്ടിവന്ന ഒരു പെൺകുട്ടിയിൽ നിന്ന്, ദേശീയ പതാക വീശി തലയുയർത്തി നിൽക്കുന്ന ഈ അത്‌ലറ്റിലേക്കുള്ള ഈ യാത്ര, അതുകൊണ്ടുതന്നെ അഭിമാനകരവും, ആവേശകരവുമാണ്.