04:36am 13 November 2026
NEWS
പുതിയ വ്യോമപ്രതിരോധ മിസൈല്‍ സംവിധാനം മൂന്ന് ട്രയലുകളും വിജയകരമാക്കി ഡി.ആര്‍.ഡി.ഒ
01/03/2026  07:17 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പുതിയ വ്യോമപ്രതിരോധ മിസൈല്‍ സംവിധാനം മൂന്ന് ട്രയലുകളും  വിജയകരമാക്കി  ഡി.ആര്‍.ഡി.ഒ

കൊച്ചി: ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ തദ്ദേശീയമായി വികസിപ്പിച്ച വ്യോമപ്രതിരോധ സംവിധാനമായ വെരി ഷോര്‍ട്ട്-റേഞ്ച് എയര്‍ ഡിഫന്‍സ് സിസ്റ്റത്തിന്റെ (വിഎസ്എച്ച്ഒആര്‍എഡിഎസ്)തുടര്‍ച്ചയായ മൂന്ന് ഫ്‌ളൈറ്റ്-ട്രയലുകള്‍ ഒഡീഷ തീരത്തെ  ചാന്ദിപ്പൂരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ വിജയകരമായി നടത്തി.

വ്യത്യസ്ത വേഗത, പരിധി, ഉയരം എന്നിവയില്‍ പറക്കുന്ന അതിവേഗ ഭീഷണികളെ നിര്‍വീര്യമാക്കുന്നതില്‍ ഈ വ്യോമപ്രതിരോധ സംവിധാനത്തിന്റെ കഴിവ് ആവര്‍ത്തിച്ചു പരിശോധിക്കുന്നതിനാണ് ഈ തല്‍സമയ പരീക്ഷണങ്ങള്‍ നടത്തിയതെന്ന് ഡി.ആര്‍.ഡി.ഒ പറഞ്ഞു. 'വിവിധ ഭീഷണി സാഹചര്യങ്ങളില്‍ ശത്രുവിമാനങ്ങളെ അനുകരിക്കുന്ന അതിവേഗ ആകാശ ലക്ഷ്യങ്ങളെ എല്ലാ ഫ്‌ളൈറ്റ്-ട്രയലുകളിലും ഈ സംവിധാനത്തിലെ മിസൈലുകള്‍ തടഞ്ഞു നശിപ്പിച്ചു'.ഡി.ആര്‍.ഡി.ഒയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും വികസന-ഉല്‍പ്പാദന പങ്കാളികളുടെയും സാന്നിധ്യത്തിലാണ് ഈ ഉപയോക്തൃ മൂല്യനിര്‍ണ്ണയ ട്രയലുകള്‍ നടത്തിയത്.സംയുക്ത സേനയുടെ പ്രതിനിധികളും സന്നിഹിതരായി.

ഡിആര്‍ഡിഒയിലെ മറ്റ് ലബോറട്ടറികളുമായും വികസന-ഉല്‍പ്പാദന പങ്കാളികളുമായും സഹകരിച്ച് റിസര്‍ച്ച് സെന്റര്‍ ഇമാറാത്ത് തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചെടുത്ത 'മാന്‍ പോര്‍ട്ടബിള്‍ എയര്‍ ഡിഫന്‍സ് സിസ്റ്റ'മാണ് വിഎസ്എച്ച്ഒആര്‍എഡിഎസ്. കരസേന, നാവികസേന, വ്യോമസേന എന്നിവയുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ശേഷി ഈ മിസൈല്‍ സംവിധാനത്തിനുണ്ട്.

സിസ്റ്റത്തിന്റെ വിജയകരമായ തല്‍സമയ പരീക്ഷണങ്ങള്‍ക്ക് ഡിആര്‍ഡിഒ, സായുധ സേന, വ്യവസായ പങ്കാളികള്‍ എന്നിവയെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു. വിഎസ്എച്ച്ഒആര്‍എഡിഎസിന്റെ തുടര്‍ച്ചയായ മൂന്ന് ട്രയലുകളും വലിയ വിജയമാണെന്നും ഈ വ്യോമപ്രതിരോധ സംവിധാനം ഉടന്‍ തന്നെ സായുധ സേനയില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിരോധ ഗവേഷണ വികസന വകുപ്പ് സെക്രട്ടറിയും ഡിആര്‍ഡിഒ ചെയര്‍മാനുമായ ഡോ. സമീര്‍ വി കാമത്ത്, വിഎസ്എച്ച്ഒആര്‍എഡിഎസ രൂപകല്‍പ്പനയിലും വികസനത്തിലും ഏര്‍പ്പെട്ടിരിക്കുന്ന മുഴുവന്‍ ഡിആര്‍ഡിഒ ടീമിനെയും, സായുധ സേനകളെയും, വ്യവസായ പങ്കാളികളെയും അഭിനന്ദിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img