08:19am 21 August 2026
NEWS
ഇന്ത്യയുടെ ആണവ മിസൈൽ നിർമാണം സ്വകാര്യ മേഖലയിലേക്ക്
21/08/2026  06:44 AM IST
nila
ഇന്ത്യയുടെ ആണവ മിസൈൽ നിർമാണം സ്വകാര്യ മേഖലയിലേക്ക്

ഇന്ത്യയുടെ പ്രതിരോധ ഉൽപാദനരംഗത്ത് നിർണായക മാറ്റത്തിന് കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ആണവായുധ ശേഷിയുള്ളവ ഉൾപ്പെടെയുള്ള തന്ത്രപ്രധാന മിസൈലുകളുടെയും ബോംബുകളുടെയും നിർമാണത്തിൽ സ്വകാര്യ കമ്പനികൾക്കും നേരിട്ട് പങ്കാളിത്തം നൽകാനാണ് തീരുമാനം. പ്രതിരോധ ഉൽപാദന മേഖലയിൽ സ്വകാര്യ നിക്ഷേപവും പങ്കാളിത്തവും വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. രാജ്യത്ത് ആദ്യമായാണ് തന്ത്രപ്രധാന മിസൈലുകളുടെയും ബോംബുകളുടെയും നിർമാണാവകാശം സ്വകാര്യ മേഖലക്ക് കൈമാറുന്നത്. 

ഇതുവരെ ഡി.ആർ.ഡി.ഒ. വികസിപ്പിക്കുന്ന പ്രധാന മിസൈലുകളുടെയും പ്രതിരോധ സംവിധാനങ്ങളുടെയും നിർമാണച്ചുമതല പ്രധാനമായും പൊതുമേഖലാ സ്ഥാപനങ്ങളായ ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് (ബി.ഡി.എൽ), ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എൽ) തുടങ്ങിയവയ്ക്കായിരുന്നു. പുതിയ തീരുമാനത്തോടെ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ്, സോളാർ ഇൻഡസ്ട്രീസ്, അദാനി ഡിഫൻസ് ആൻഡ് എയ്‌റോസ്‌പെയ്‌സ് തുടങ്ങിയ സ്വകാര്യ കമ്പനികൾക്കും അവസരം ലഭിക്കും.

ഡിസൈൻ ഡി.ആർ.ഡി.ഒ.; നിർമാണം സ്വകാര്യ കമ്പനികൾ

മിസൈലുകളുടെ രൂപകൽപനയും സാങ്കേതികവിദ്യയും ഡി.ആർ.ഡി.ഒ. വികസിപ്പിക്കും. എന്നാൽ പ്രോട്ടോടൈപ്പ് നിർമാണം, പരീക്ഷണം, വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദനം തുടങ്ങിയ ചുമതലകൾ തിരഞ്ഞെടുത്ത സ്വകാര്യ കമ്പനികൾക്കായിരിക്കും.

അഗ്നി, പൃഥ്വി, ആകാശ് ശ്രേണിയിലെ മിസൈലുകൾക്കും പിനാക മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചർ സംവിധാനത്തിനും സ്വകാര്യ പങ്കാളിത്തം അനുവദിക്കാനാണ് നീക്കം. അഗ്നി ശ്രേണിയിലെ ബാലിസ്റ്റിക് മിസൈലുകൾ, ഗൈഡഡ് ബോംബ് സംവിധാനങ്ങൾ, അന്തർവാഹിനികളിൽനിന്ന് വിക്ഷേപിക്കാവുന്ന മിസൈലുകൾ എന്നിവയും ഇതിന്റെ പരിധിയിൽ വരും.

രണ്ട് കമ്പനികൾക്ക് ആദ്യഘട്ടത്തിൽ അവസരം

‘ഡെവലപ്‌മെന്റ്-കം-പ്രൊഡക്‌ഷൻ പാർട്ണർ’ മാതൃകയിലാണ് പദ്ധതി നടപ്പാക്കുക. യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്ന കമ്പനികളിൽനിന്നായിരിക്കും പങ്കാളികളെ തിരഞ്ഞെടുക്കുന്നത്. ആദ്യഘട്ടത്തിൽ രണ്ട് കമ്പനികൾക്കാണ് പ്രതിരോധ ഉൽപാദനത്തിനായി അവസരം നൽകുക.

തിരഞ്ഞെടുക്കപ്പെടുന്ന കമ്പനികൾക്ക് പ്രതിരോധ ഉൽപന്നങ്ങൾ നിർമിക്കാനുള്ള ലൈസൻസിനൊപ്പം സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിനും സംഭരിക്കുന്നതിനുമുള്ള അനുമതിയും ഉണ്ടായിരിക്കണം. കേന്ദ്രസർക്കാരിന്റെ സൈബർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതും നിർബന്ധമാണ്. കുറഞ്ഞത് 100 കോടി രൂപയുടെ വാർഷിക വിറ്റുവരവും കമ്പനികൾക്ക് ഉണ്ടായിരിക്കണം.

സുരക്ഷാ പരിശോധനയ്ക്ക് ശേഷം അന്തിമ തീരുമാനം

ഡി.ആർ.ഡി.ഒ. ശാസ്ത്രജ്ഞരും പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമടങ്ങുന്ന വിദഗ്ധ സമിതിയാണ് കമ്പനികളെ വിലയിരുത്തുക. കമ്പനികളുടെ സാങ്കേതിക ശേഷി, ഉൽപാദന സൗകര്യങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ എന്നിവ വിശദമായി പരിശോധിച്ച ശേഷമായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്.

സ്വകാര്യ മേഖലയുടെ സാങ്കേതിക ശേഷി പ്രയോജനപ്പെടുത്തി പ്രതിരോധ ഉൽപാദനശേഷി വർധിപ്പിക്കുകയും നിർമാണത്തിൽ കൂടുതൽ മത്സരവും കാര്യക്ഷമതയും ഉറപ്പാക്കുകയുമാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി ഡി.ആർ.ഡി.ഒ. സ്വകാര്യ കമ്പനികളിൽനിന്ന് താത്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img