09:04am 30 April 2026
NEWS
മലയാളത്തിന്റെ രണ്ടക്ഷരസുകൃതത്തിന് ഡോക്ടർ ശ്രീകുമാറിന്റെ ചരിത്രഭാഷ്യം
18/09/2025  12:45 PM IST
വിഷ്ണുമംഗലം കുമാർ
മലയാളത്തിന്റെ രണ്ടക്ഷരസുകൃതത്തിന് ഡോക്ടർ ശ്രീകുമാറിന്റെ ചരിത്രഭാഷ്യം

 രാത്രി. നനഞ്ഞ വയൽവരമ്പിന്റെ അരുകിൽ പുതുമഴയ്ക്ക് ജീവൻവെച്ച കറുകത്തലപ്പുകളിൽ ഉറങ്ങിക്കിടക്കുന്ന പച്ചക്കുതിരകൾ കാൽപ്പാടുകളുടെ ശബ്ദംകേട്ട് ഞെട്ടിയുണരുന്നു. കാൽവണ്ണയിൽ തട്ടി വരമ്പുചാടുമ്പോൾ അവ നനുത്ത ശബ്ദമുണ്ടാക്കുന്നു. എന്തോ അതോർമ്മിപ്പിക്കുന്നു. വ്യക്തമായി പറയാൻ വയ്യ. കാരണം മനസ്സ് അസ്വസ്ഥമാണ്. സുപരിചിതമായ, സുഖകരമായ, ഈ ശബ്ദം കേട്ടതെപ്പോഴാണ്.......... അകലെ ഇരുമ്പുപാലവും തണ്ടുവാളങ്ങളും വിറയ്ക്കുന്നു. മലവെള്ളം സ്വപ്നം കണ്ടുണങ്ങിയ പുഴ, എന്റെ പുഴ, പിന്നിൽ ചോര വാർന്നുവീണ ശരീരംപോലെ ചലനമറ്റുകിടക്കുന്നു (കാലം - എം ടി)                         

തൊട്ടതെല്ലാം പൊന്നാക്കി, ബഹുമുഖപ്രതിഭ എന്ന വിശേഷണം അന്വർത്ഥമാക്കിയ എം ടി വാസുദേവൻ നായരെകുറിച്ച് ധാരാളം പുസ്തകങ്ങൾ എഴുതപ്പെട്ടിട്ടുണ്ട്. എന്നാൽ ഡോക്ടർ കെ ശ്രീകുമാർ രചിച്ച എംടിയുടെ ജീവചരിത്രം അതിൽനിന്നെല്ലാം വേറിട്ടുനിൽക്കുന്നു. ഒരു എം ടി കൃതിയുടെ ആഴവും ആത്മാവും സമഗ്രതയും ഈ കൃതിയ്ക്കുണ്ട്. മലയാളത്തിലെ ഒരു എഴുത്തുകാരനെപറ്റി ഇതുവരെ എഴുതപ്പെട്ട പുസ്തകങ്ങളിൽ ഏറ്റവും മികവുറ്റത് ആയിരത്തിലേറെ പേജുകളിലായി പരന്നുകിടക്കുന്ന ശ്രീകുമാറിന്റെ ഗ്രന്ഥം തന്നെയാണെന്ന് വായനക്കാർക്ക് അനുഭവപ്പെടും. എം ടിയുടെ എഴുത്തും ജീവിതവും ഔന്നത്യമുള്ള അക്ഷരചിന്തകളും സമാനതകളില്ലാത്ത അന്തർസംഘർഷങ്ങളും സർവ്വോപരി ആ വേറിട്ട വ്യക്തിവൈശിഷ്ട്യവും പുസ്തകത്തിൽ നിറഞ്ഞുനിൽക്കുന്നു. ഹൃദയദ്രവീകരണ ശക്തിയുള്ള ഒരു എം ടി ടച്ച് പുസ്തകരചനയിലുടനീളം നടമാടുന്നുണ്ട്. ഗ്രന്ഥകർത്താവിന് എംടിയുമായുള്ള ഉപാധികളില്ലാത്ത വ്യക്തിബന്ധവും ആ പ്രതിഭാശാലിയോടൊപ്പം ദീർഘകാലം അക്ഷരങ്ങളുടെ വിസ്മയലോകത്ത് പ്രവർത്തിക്കാൻ അവസരം ലഭിച്ചതുമാണ് അത് സാധ്യമാക്കിയതെന്ന് പറയാം. ക്ഷണിക്കപ്പെടാത്ത അതിഥിയായി ഈ ലോകത്തേക്ക് കടന്നുവന്നത് മുതൽ സംഘർഷഭരിതവും സംഭവബഹുലവുമായ ജീവിതം പിന്നിട്ട് തൊണ്ണൂറ്റിരണ്ടാം വയസ്സിൽ അന്ത്യശ്വാസം വലിക്കുന്നതുവരെയുള്ള എം ടിയുടെ നേർചിത്രം മികവോടെ, മിഴിവോടെ വരച്ചിടുന്നുണ്ട് ശ്രീകുമാർ.                     കഥാകൃത്ത്, നോവലിസ്റ്റ്, സാഹിത്യ പത്രാധിപർ, തിരക്കഥാകൃത്ത് എന്നീ നിലകളിലാണ് എം ടി പൊന്നുവിളയിച്ചത്. അതിനപ്പുറം നാടക രചയിതാവ്-സംവിധായകൻ, ചലച്ചിത്ര സംവിധായകൻ, യാത്രാവിവരണക്കാരൻ, ബാലസാഹിത്യകാരൻ, പ്രസാധകൻ, പ്രഭാഷകൻ, ജീവചരിത്രകാരൻ, സോഷ്യൽ ആക്റ്റീവിസ്റ്റ് എന്നിങ്ങനെ മറ്റുപലതും കൂടിയായിരുന്നു അദ്ദേഹം. അതെല്ലാം വിശദമായും സത്യസന്ധമായും പരാമർശിക്കുന്നുണ്ട് ഗ്രന്ഥകാരൻ. ബാല്യത്തിലെ വിഹ്വലതകളും യൗവനത്തിലെ സംഘർഷങ്ങളും കുടുംബ ജീവിതത്തിലെ പ്രതിസന്ധികളും പത്രമോഫീസിലെ അടിയൊഴുക്കുകളും മരണത്തെ മുഖാമുഖം കണ്ട സന്ദർഭങ്ങളും വിശദമായി പ്രതിപാദിക്കപ്പെടുമ്പോൾ എഴുത്തിലൂടെ, പുസ്തകത്തിലൂടെ, ചലച്ചിത്രങ്ങളിലൂടെ നമുക്ക് സുപരിചിതനായ എം ടിയുടെ  ജീവിതകഥയിലെ കറുപ്പും വെളുപ്പും വ്യതിരിക്തതയോടെ അനുഭവവേദ്യമാകുന്നുണ്ട്. അനുവാചകന്റെ മനസ്സിലുള്ള എം ടിയുടെ ചിത്രത്തിന് തിളക്കം വർധിക്കുന്നു. മറ്റൊരു എംടിനോവൽ പോലെ ജീവനുള്ള ജീവചരിത്രം വായനക്കാരന്റെ ഹൃദയത്തെ ആഴത്തിൽ സ്പർശിക്കുന്നു.     എം ടിയുടെ ജീവിതത്തിൽ നിന്ന് ഒന്നുംതന്നെ ശ്രീകുമാർ മറച്ചു പിടിക്കുന്നില്ല. അടുപ്പവും ആരാധനയും കൊണ്ട് പൊലിപ്പിച്ച് കാട്ടുന്നുമില്ല. അതാണ് ഈ ജീവചരിത്രഗ്രന്ഥത്തിന്റെ സവിശേഷതയും. അറിവിന്റെ, സർഗ്ഗാത്മകതയുടെ ജ്ഞാനപീഠം കയറിയ എംടിയുടെ മനസ്സ് എക്കാലത്തും മനുഷ്യപക്ഷത്തായിരുന്നെന്ന് ഈ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു.     മാതൃഭൂമി ആഴ്ചപ്പതിപ്പായിരുന്നു എംടിയുടെ പ്രധാന തട്ടകം. എന്നാൽ ഈ പുസ്തക പരിചയം അച്ചടിച്ചുവരുന്ന കേരളശബ്ദത്തിലാണ് അറുപതുകളുടെ രണ്ടാംപകുതിയിൽ എം ടിയുടെ ശ്രദ്ധേയ നോവലുകളിലൊന്നായ, പിന്നീട് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം കരസ്ഥമാക്കിയ കാലം ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചത്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം പ്രസിദ്ധീകരിച്ചു വന്ന സമയത്തു തന്നെയാണ് കേരളശബ്ദത്തിൽ കാലവും വന്നത്. അതേപ്പറ്റിയുള്ള എം ടിയുടെ വാക്കുകൾ ഗ്രന്ഥകർത്താവ് ഇങ്ങനെ എടുത്തെഴുതുന്നു.  "കൃഷ്ണസ്വാമി റെഡ്ഢിയാർ ഇടയ്ക്കൊക്കെ കോഴിക്കോട്ടെത്തും. കേരളശബ്ദത്തിനും കുങ്കുമത്തിനും വേണ്ടി എന്തെങ്കിലുമൊക്കെ എഴുതണമെന്ന് നിർബ്ബന്ധിക്കും. ഞാൻ ചില കഥകൾ എഴുതുകയും ചെയ്തു. കാലം റെഡ്ഢിയാറും കെ എസ് ചന്ദ്രനും ചേർന്ന് നന്നായി പ്രസിദ്ധീകരിച്ചു. വായനക്കാർ അതിനെ ആഹ്ലാദത്തോടെ സ്വീകരിച്ചു. മാതൃഭൂമിയെക്കാൾ ഉയർന്ന പ്രതിഫലം അവരെനിക്ക് നൽകുകയും ചെയ്തു" . കാലം കാലത്തെ അതിജീവിച്ച് മികച്ച കൃതിയായി നിലനിൽക്കുന്നു. എം ടി ഇപ്പോഴും നന്നായി വായിക്കപ്പെടുന്ന എഴുത്തുകാരനാണ്. ശ്രീകുമാർ രചിച്ച ജീവചരിത്രം, എം ടിയെ നെഞ്ചിലേറ്റിയ പഴയ തലമുറയിൽപെട്ടവർക്കെന്നപോലെ  ആ അക്ഷരപ്രതിഭയെപറ്റി അത്രയൊന്നും അറിവില്ലാത്ത പുതുതലമുറക്കാർക്കും പുത്തനവബോധം പകർന്നേകുമെന്നതിൽ സംശയമില്ല. (എം ടിയുടെ ജീവചരിത്രം, ഡോക്ടർ കെ ശ്രീകുമാർ, പേജ് 1008,വില 1750 രൂപ, മാതൃഭൂമി ബുക്സ് കോഴിക്കോട്)

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img