
കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിലെ ഓഷ്യൻ സയൻസ് ആൻഡ് ടെക്നോളജി ഫാക്കൽറ്റിയുടെ ഡീനായി ഡോ. രാധികാ രാജശ്രീ എസ് ആർ ചുമതലയേറ്റു. കുഫോസിലെ ഫിഷ് പ്രോസസിംഗ് ടെക്നോളജി വകുപ്പിന്റെ മേധാവിയായിരുന്നു. ചെന്നൈയിലെ എൻ ഐ ഒ ടി - എസ് യു കൊളാബറേറ്റീവ് റിസർച്ച് സെന്ററിലെ സെന്റർ ഓഫ് ഓഷ്യൻ റിസർച്ച് വകുപ്പിന്റെ മേധാവി, കുഫോസ് എ റ്റി എ എൽ ഫിഷറീസ് ഇൻകുബേറ്റർ സെന്ററിന്റെ കോഡിനേറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
25 വർഷത്തെ അധ്യാപന ഗവേഷണ പരിചയ സമ്പത്തുള്ള ഡോ രാധിക രാജശ്രീ സമുദ്ര മാലിന്യങ്ങളിൽ നിന്ന് മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ വികസിപ്പിക്കൽ, മാക്രോ ആൽഗൽ പ്രോഡക്റ്റ് ഡെവലപ്മെന്റ് എന്നീ മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ചിട്ടുണ്ട്. 120ലധികം അന്തർദേശീയ ജേണൽ പ്രസിദ്ധീകരണങ്ങളും രണ്ട് അംഗീകൃത പേറ്റന്റുകളും ഉൾപ്പെടെ സമുദ്ര ബയോ ടെക്നോളജിയിൽ നിരവധി അക്കാദമിക നേട്ടങ്ങൾ ഉണ്ട്.
കേരള സർക്കാരിന്റെ ബെസ്റ്റ് ഫാക്കൽറ്റി ഐഡിയ ഇന്നോവേറ്റർ അവാർഡ്, സ്വീഡനിലെ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഫോർ സയൻസിന്റെ യങ് ഇൻവെസ്റ്റിഗേറ്റർ ഫെല്ലോഷിപ്പ് എന്നിവ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.
ജൈവ ചികിത്സ മേഖലകളിൽ ഉപയോഗിക്കാവുന്ന ബയോ ആക്ടീവ് ഘടകങ്ങളുടെ ഐസൊലേഷൻ, കൊളാജൻ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വികസനം, സുസ്ഥിര പാക്കേജിങ്ങിനും സമുദ്ര ഭക്ഷ്യ ഉത്പന്നങ്ങളുടെ ട്രെയ്സബിലിറ്റിക്കും ഉപയോഗിക്കാവുന്ന ബയോ ഡിഗ്രേഡബിൾ പോളിമരുകളുടെ രൂപകല്പന എന്നിവയാണ് നിലവിലെ ഗവേഷണ മേഖലകൾ. ഈ മേഖലകളിൽ സ്പെയിനിലെ മെഡിറ്ററേനിയൻ ആഗ്രോണോമിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സറാഗോസയിൽ നിന്ന് അന്തർദേശീയ പരിശീലനവും നേടിയിട്ടുണ്ട്.








