
ഹുബ്ബു റസൂൽ കോൺഫറൻസിൻ്റെ ഭാഗമായിഇൻ്റഗ്രേറ്റഡ് പ്രഫഷണൽസ് ഫോറം(ഐ.പി.എഫ് ) എറണാകുളം റീജിയൺ സംഘടിപ്പിച്ച പ്രൊഫഷണൽ മീറ്റിൽ ചരിത്രകാരൻ ഡോ. കെ.കെ.എൻ. കുറുപ്പ് സംസാരിക്കുന്നു.
കൊച്ചി: മുഹമ്മദ് നബിയുടെ ജന്മദിനം ഒരു മതവിഭാഗത്തിന്റെ മാത്രം ആഘോഷമല്ലെന്നും, അത് മാനവികതയുടെയും സഹവർത്തിത്വത്തിന്റെയും സന്ദേശം നൽകുന്നതിനാൽ മനുഷ്യസമൂഹം മുഴുവൻ ആഘോഷിക്കേണ്ടതാണെന്നും ചരിത്രകാരൻ ഡോ. കെ.കെ.എൻ. കുറുപ്പ് പ്രസ്താവിച്ചു. ഹുബ്ബു റസൂൽ കോൺഫറൻസിൻ്റെ ഭാഗമായി ഇൻ്റഗ്രേറ്റഡ് പ്രഫഷണൽസ് ഫോറം (ഐ.പി.എഫ് ) എറണാകുളം റീജിയൺ സംഘടിപ്പിച്ച പ്രൊഫഷണൽ മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഭരണകൂടങ്ങൾ ഇന്ന് വിഭാഗീയത വളർത്താൻ ശ്രമിക്കുകയാണെന്നും, ഇത് രാജ്യത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാണെന്നും ഡോ. കുറുപ്പ് ചൂണ്ടിക്കാട്ടി. ഒരു ഭരണകൂടം ജനങ്ങളെ ഒന്നിപ്പിക്കേണ്ടതിന് പകരം ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നത് ദുരന്തപൂർണ്ണമായ അവസ്ഥയാണ്. മുഗൾ സാമ്രാജ്യത്തിന്റെ ചരിത്രവും സംഭാവനകളും പാഠപുസ്തകങ്ങളിൽ നിന്ന് മനപ്പൂർവ്വം ഒഴിവാക്കുന്നത് ഈ വിഭാഗീയ അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ എന്ന ആശയം തന്നെ മുസ്ലിം ഭരണാധികാരികളുടെ സംഭാവനയാണെന്ന് ഡോ. കുറുപ്പ് ഓർമ്മിപ്പിച്ചു. 500-ൽ അധികം നാട്ടുരാജ്യങ്ങളെ ഒരുമിപ്പിച്ച് ഒരു രാഷ്ട്രമാക്കി മാറ്റുന്നതിൽ മുസ്ലിം ഭരണാധികാരികൾക്ക് വലിയ പങ്കുണ്ട്. മതസൗഹാർദം വെറും സെമിനാറുകളിലും ചർച്ചകളിലും ഒതുങ്ങേണ്ട ഒന്നല്ല, അത് പ്രായോഗിക ജീവിതത്തിൽ ഉണ്ടാകണം. അതിനുതകുന്ന ഭരണകൂടങ്ങളാണ് രാജ്യത്തിന് ഇപ്പോൾ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗവ. ഓഫ് ഇന്ത്യ സ്പെഷ്യൽ കൗൺസിലംഗം അഡ്വ. ടി.പി.എം ഇബ്രാഹിം ഖാൻ ഉദ്ഘാടനം ചെയ്തു. സമൂഹത്തിന് മാതൃകാപരമായ പ്രവർത്തനങ്ങളാണ് ശരിയായ പ്രഫഷണലിസം എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
കേരള മുസ്‌ലിം ജമാഅത്ത് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഇരുപതാമത് ഹുബ്ബ് റസൂൽ കോൺഫറൻസിന്റെ ഭാഗമായി ജില്ലാ ഉലമ കോൺഫറൻസ് ഓഗസ്റ്റ് 26 ന് രാവിലെ 9 മണി മുതൽ മുട്ടം ജമാഅത്ത് ഓഡിറ്റോറിയത്തിൽ വെച്ചും, വർഷം തോറും നടന്നുവരുന്ന ജില്ലാ നബിദിന റാലി ഓഗസ്റ്റ് 26 ന് വൈകിട്ട് 4 മണിക്ക് ആലുവ പുളിഞ്ചോട് ജംഗ്ഷനിൽ നിന്നാരംഭിച്ചു ആലുവ ടൗൺ ഹാളിനുമുന്നിൽ സമാപിക്കുമെന്ന് യോഗാധ്യക്ഷൻ സയ്യിദ് സി.ടി. ഹാഷിം തങ്ങൾപറഞ്ഞു . അഡ്വ. ടി.കെ ഹസൻ, അഡ്വ. ഹകീം ഷാ, അഡ്വ. മുഹമ്മദ് ഹനീഫ്, എം.പി അബ്ദുൾ ജബ്ബാർ സഖാഫി, നൂർ മുഹമ്മദ്, ഹൈദ്രോസ് ഹാജി തുടങ്ങിയവർ സംബന്ധിച്ചു. ഐ.പി.എഫ് ചെയർമാൻ സി.കെ. ഫൈസൽ സ്വാഗതവും എക്സിക്യുട്ടിവ് ഡയറക്ടർ സി.എ. ഷഫീഖ് നന്ദിയും പറഞ്ഞു.
Photo Courtesy - Google








